ഛാന്ദോഗ്യോപനിഷത്ത് 54
വാക്കിനെ ബ്രഹ്മമായി കണ്ട് ഉപാസിക്കണമെന്ന് കേട്ട നാരദന്‍ വാക്കിനേക്കാള്‍ ഉത്കൃഷ്ടമായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. സനത് കുമാരന്‍ പറഞ്ഞു തീര്‍ച്ചയായും വാക്കിനേക്കാള്‍ ഉത്കൃഷ്ടമായതുണ്ട്.. എന്നാല്‍ അതിനെ തനിക്ക് ഉപദേശിച്ചു തരാന്‍ നാരദന്‍ ആവശ്യപ്പെട്ടു.
മനോവാവ വാചോ ഭൂയോ... മനോഹ്യാത്മാ, മനോ ഹി ലോകോ, മനോ ഹി ബ്രഹ്മ, മന ഉപാസ്സ്വേ തി.
മനസ്സാണ് വാക്കിനേക്കാള്‍ ശ്രേഷ്ഠമായത്. ചുരുട്ടിപ്പിടിച്ച കൈയ്ക്കുള്ളില്‍(മുഷ്ടിക്കുള്ളില്‍) രണ്ട് നെല്ലിക്കയോ രണ്ട് ലന്തക്കായയോ രണ്ട് താന്നിക്കയോ ഇരിക്കും പോലെ മനസ്സ് വാക്കിനേയും നാമത്തേയും ഉള്‍ക്കൊള്ളുന്നു. എനിക്ക് മന്ത്രങ്ങള്‍ പഠിക്കണമെന്ന് മനസ്സുകൊണ്ട് വിചാരിച്ച ശേഷമാണ് ഒരാള്‍ അത് പഠിക്കുന്നത്. കര്‍മങ്ങള്‍ ചെയ്യണമെന്ന് മനസ്സില്‍ കരുതിയ ശേഷം കര്‍മ്മം ചെയ്യുന്നു. മക്കളെയും പശുക്കളേയും വേണമെന്നാഗ്രഹിച്ച് അതിനെ നേടുന്നു. ഈ ലോകത്തേയും പരലോകത്തേയും കിട്ടണമെന്ന് മനസ്സിലുറപ്പിച്ച് അതിന് വേïത് ചെയ്യുന്നു. മനസ്സാണ് ആത്മാവ്. മനസ്സ്തന്നെ ലോകവും ബ്രഹ്മവും. അതിനാല്‍ മനസ്സിനെ ഉപാ
സിക്കൂ...
'മനസ്യനം' എന്ന പ്രവര്‍ത്തനത്തോട് കൂടിയ അന്തക്കരണമാണ് മനസ്സ്. വാക്കിനെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതാണത്. അതിനാല്‍ വാക്കിനേക്കാള്‍ അധികതരമാണ് മനസ്സ്. വാക്കും നാമവും എല്ലാം മനസ്സിലാണ് രൂപപ്പെടുന്നത്. വാക്ക് പറയണം എന്ന ആഗ്രഹം മനസ്സിലുണ്ടായ ശേഷമാണ് വാക്ക് ഉച്ചരിക്കുന്നത്. അതുകൊണ്ട് വാക്ക് മനസ്സിന് വ്യാപ്തമാണ്. മനസ്സിലെ വിചാരവും നിശ്ചയവും പ്രവൃത്തിയായി പ്രകടമാകുന്നു. മനസ്സാകുന്ന ഉപാധിയുമായി ചേരുമ്പോള്‍ ആത്മാവ് കര്‍ത്താവും ഭോക്താവും അനേകനും പരിമിതനുമാകുന്നു. അതിനാലാണ് മനസ്സിനെ ആത്മാവെന്ന് പറഞ്ഞത്.
മനസ്സിലെ ചിന്തകളുടെ ഫലമായി ചെയ്യുന്ന കാര്യങ്ങളാണ് ഈ ലോകത്തേയും പരലോകത്തെ പോലും നിശ്ചയിക്കുന്നത്. അതിനാല്‍ ലോകമെന്ന് പറഞ്ഞു. ഇക്കാരണങ്ങളാലൊക്കെ മനസ്സ് ബ്രഹ്മവുമാണ്. അതുകൊണ്ടാണ് മനസ്സിനെ ബ്രഹ്മമായി ഉപാസിക്കണമെന്ന് പറഞ്ഞത്.
സ യോ മനോ ബ്രഹ്മേത്യുപാസ്‌തേ...
മനസ്സിനെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നയാള്‍ക്ക് മനസ്സിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാം. ഇതുകേട്ട നാരദന്‍ മനസ്സിനേക്കാള്‍ ശ്രേഷ്ഠമായതുണ്ടോ എന്ന് ചോദിച്ചു. ഉïെന്ന് സനത് കുമാരന്‍ പറഞ്ഞു. എങ്കില്‍ അത് പറഞ്ഞുതരണമെന്ന് നാരദന്‍ ആവശ്യപ്പെട്ടു.
സങ്കല് പോ വാവ മനസോ ഭൂയാന്‍, യദാ വൈ സങ്കല്പയതേളഥ മനസ്യത്യഥ വാചമീരയതി, താമുനാമ് നീരയതി, നാമ്‌നീ മന്ത്രാ ഏകം ഭവന്തി, മന്ത്രേഷു കര്‍മ്മാണി.
സങ്കല്പമാണ് മനസ്സിനേക്കാള്‍ ശ്രേഷ്ഠം. സങ്കല്പം മനസ്യനത്തോടു കൂടിയ അന്തക്കരണത്തിന്റെ വൃത്തി വിശേഷമാണ്. സങ്കല്‍പ്പിക്കുമ്പോള്‍ മനസ്സില്‍ വിചാരിക്കുന്നു. തുടര്‍ന്ന് വാക്കിനെ പറയുന്നു.പിന്നെ നാമങ്ങളുടെ വിഷയങ്ങളില്‍ ഏര്‍പ്പെടുന്നു. നാമത്തില്‍ മന്ത്രങ്ങളും മന്ത്രങ്ങളില്‍ കര്‍മ്മങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു.
കര്‍ത്തവ്യമായി ചെയ്യേïതിനേയും അരുതാത്തതിനേയും വേïവിധത്തില്‍ നിശ്ചയിക്കുന്നതാണ് സങ്കല്പം. ഇത് മനസ്സില്‍ വിചാരമാകും. പിന്നെ വാക്കുകളാകും.അവ നാമങ്ങളും മന്ത്രങ്ങളും കര്‍മ്മങ്ങളുമായി മാറും. എല്ലാറ്റിനും ആധാരമായത് സങ്കല്പമാണ്.
താനിഹ വാ ഏതാനി സങ്കല്‍പൈകായനാനി സങ്കല്പാത്മകാനി സങ്കല്‌പേ പ്രതിഷ്ഠിതാനി. ....സര്‍വ്വം സങ്കല്പതേ, സ ഏഷ സങ്കല്പഃ സങ്കല്പമുപാസ്സ്വേ തി.
മനസ്സ് മുതലായവ സങ്കല്പത്തില്‍ നിന്ന് ഉണ്ടാകുന്നവയും സങ്കല്പ സ്വരൂപങ്ങളും സങ്കല്പത്തില്‍ പ്രതിഷ്ഠിതങ്ങളുമാണ്. ദ്യോവും പൃഥിവിയും, വായുവും ആകാശവും, അപ്പുകളും തേജസ്സും സങ്കല്പം ചെയ്തിരിക്കുന്നു. ഇവയുടെ സങ്കല്പം മൂലം വര്‍ഷവും വര്‍ഷസങ്കല്പംമൂലം അന്നവും അന്ന സങ്കല്പംമൂലം പ്രാണങ്ങളും പ്രാണ സങ്കല്പം മൂലം മന്ത്രങ്ങളും മന്ത്ര സങ്കല്പം
മൂലം കര്‍മങ്ങളും കര്‍മ്മ സങ്കല്പംമൂലം ലോകവും ലോക സങ്കല്പം മൂലം സര്‍വവും സമര്‍ത്ഥമായിത്തീരുന്നു. അങ്ങനെയുള്ളതാണ് ഈ സങ്കല്പം. സങ്കല്പത്തെ ഉപാസിക്കൂ...
സങ്കല്പത്തെ ബ്രഹ്മമായി കണ്ട ഉപാസിക്കുന്നയാള്‍ താന്‍ സങ്കല്പിച്ച ലോകത്തെത്തും. നിത്യമായ സുപ്രതിഷ്ഠിതമായ ആരില്‍ നിന്നും ഉപദ്രവമില്ലാത്ത ആ ലോകങ്ങളില്‍ ഭയമില്ലാതെ യഥേഷ്ടം സഞ്ചരിക്കും.
(തുടരും)
സ്വാമി അഭയാനന്ദ
No comments:
Post a Comment