ഛാന്ദോഗ്യോപനിഷത്ത് 57
വിജ്ഞാനത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ ചോദിച്ചു. വിജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമായി എന്തെങ്കിലും ഉണ്ടോ എന്ന്? സനത് കുമാരന്‍ ഉണ്ട് എന്ന് പറഞ്ഞു. എങ്കില്‍ അത് എനിക്ക് ഉപദേശിക്കണമെന്ന് നാരദന്‍ ആവശ്യപ്പെട്ടു.
ബലംവാവ വിജ്ഞാനാദ് ഭൂയ: അപി
ഹ ശതം വിജ്ഞാനവതാമേകോ
ബലവാനാകമ്പയതേ... ബലേന
ലോകസ്തിഷ്ഠതി, ബലമുപാസ്സ്വേതി.
ബലമാണ് വിജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠം. ബലമുള്ള ഒരാള്‍ വിജ്ഞാനമുള്ള 100 പേരെ കൂടി വിറപ്പിക്കുന്നു. ഒരാള്‍ ബലവാനാകുമ്പോള്‍ എഴുന്നേല്‍ക്കുന്നു. എഴുന്നേറ്റാല്‍ ആചാര്യ ശുശ്രൂഷ ചെയ്യുന്നു. പരിചരിക്കുമ്പോള്‍ അടുത്ത് പെരുമാറുന്നു. അപ്പോള്‍ കാണുന്നു, കേള്‍ക്കുന്നു, മനനം ചെയ്യുന്നു, അറിയുന്നു, ചെയ്യുന്നു, വിജ്ഞാന ഫലം അനുഭവിക്കുന്നു.
ബലം കൊണ്ടാണ് ഭൂമി നില്‍ക്കുന്നത്. ബലത്തില്‍ അന്തരീക്ഷവും ദ്യോവും പര്‍വതങ്ങളും ദേവന്‍മാരും മനുഷരും മൃഗങ്ങളും പക്ഷികളും പുല്ലുകളും വൃക്ഷങ്ങളും കീടങ്ങള്‍ പാറ്റകള്‍ ഉറുമ്പുകള്‍ എന്നീ ജീവികളും നിലനില്‍ക്കുന്നു. ബലംകൊണ്ടാണ് ലോകം നിലനില്‍ക്കുന്നത്. ബലത്തെ ഉപാസിക്കണം. ഭക്ഷണം കഴിക്കുന്നതുമൂലം മനസ്സിന് അറിവായുള്ള ഓര്‍മ്മിക്കാനുള്ള കരുത്ത് ഉണ്ടാകുന്നു. ഇതിനെയാണ് ബലം എന്ന് പറയുന്നത്. ശരീരബലവും അന്നത്താല്‍ ഉൻ്റാകും. മനോബലമോ ശരീര ബലമോ ഉള്ളയാള്‍ക്ക് വിജ്ഞാനമുള്ള വളരെയധികം പേരെ ഭയപ്പെടുത്താനാകും. അതിനാലാണ് ബലം വിജ്ഞാനത്തേക്കാള്‍ കേമമെന്ന് പറഞ്ഞത്.ബലവാനായ ആള്‍ക്ക് നന്നായി ജോലിയെടുക്കാനാകും. ആചാര്യ സേവയിലൂടെയും മറ്റും ശ്രവണ മനനങ്ങളിലൂടെ മുന്നേറാന്‍ കഴിയുന്നു. ഇത്തരത്തില്‍ ബലം വിജ്ഞാനത്തിന് കാരണമായതിനാല്‍ ബലത്തെ ഉപാസിക്കാന്‍ ഉപദേശിക്കുന്നു.
സ യോ ബലം ബ്രഹ്മേത്യുപാസ്‌തേ, യാവദ് ബലസ്യ ഗതം തത്രാസ്യ യഥാകാമചാരോ ഭവതി, യോ ബലം ബ്രഹ്മേത്യുപാസ്‌തേ...
ബലത്തെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നവര്‍ക്ക് ബലത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. ഇത് കേട്ട നാരദന്‍ ബലത്തോള്‍ എന്താണ് ശ്രേഷ്ഠം എന്ന് ചോദിച്ചു. സനത് കുമാരന്‍ മറുപടി നല്‍കി.
അന്നംവാവ ബലാദ് ഭൂയസ്തസ്മാ
ദ് യദ്യപി ദശരാത്രീനാശ്‌നീയാദ്..... അന്നമുപാസ്സ്വേതി.
അന്നമാണ് ബലത്തേക്കാള്‍ ശ്രേഷ്ഠം. പത്ത് ദിവസത്തേക്ക് ഭക്ഷണം കഴിക്കാത്തയാള്‍ക്ക് അയാള്‍ ജീവിച്ചിരുന്നാല്‍ത്തന്നെ കാണാനോ കേള്‍ക്കാനോ മനനം ചെയ്യാനോ അറിയാനോ പ്രവര്‍ത്തിക്കാനോ ഫലം അനുഭവിക്കാനോ കഴിവുണ്ടാകില്ല.പിന്നീട് അന്നംകഴിച്ചാല്‍ കാണാനും കേള്‍ക്കാനും മനനം ചെയ്യാനും അറിയാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ് വിജ്ഞാനമുള്ളവനായിത്തീരും. അതിനാല്‍ അന്നത്തെ ബ്രഹ്മമായി ഉപാസിക്കണം.അന്നം കഴിക്കാത്തയാള്‍ക്ക് ബലം ഉïാകാത്തതും കഴിക്കുന്നയാള്‍ക്ക് ബലമുണ്ടാകുന്നതും നമുക്ക് നേരിട്ട് അനുഭവമുളളതാണ്. ബലത്തെ നല്‍കുന്നതിനാല്‍ അന്നം ബലത്തേക്കാള്‍ ശ്രേഷ്ഠമാണ്.
സ യോളന്നം ബ്രഹ്മേത്യു പാ
സ്‌തേളന്നവതോ വൈ സലോകാന്‍
പാനവതോളദി സിധ്യതി, യാവദന്നസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോളന്നം ബ്രഹ്മേത്യുപാസ് തേ...
അന്നത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് അന്നവും പാനവും വേണ്ടുവോളമുള്ള ലോകങ്ങളെ കിട്ടും. അന്നത്തിന് വിഷയമായ വയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment