Wednesday, June 20, 2018

ഛാന്ദോഗ്യോപനിഷത്ത് 59
തേജസ്സിനെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍  അതിനേക്കാള്‍ ശ്രേഷ്ഠമായതുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരനും. എന്നാല്‍ അതിനെ ഉപദേശിച്ചു തരുവാന്‍ നാരദന്‍ ആവശ്യപ്പെട്ടു. ആകാശോ വാവ തേജസോ ഭൂയാനാകാശേ വൈ സൂര്യചന്ദ്രമസാവുഭൗ... ആകാശമഭിജായത, ആകാശമുപാസ്സ്വേതി.
ആകാശം തേജസ്സിനേക്കാള്‍ ശ്രേഷ്ഠമാണ്. ആകാശത്തിലാണ് സൂര്യനും ചന്ദ്രനും മിന്നലും നക്ഷത്രങ്ങളും അഗ്നിയുമിരിക്കുന്നത്. ഒരാള്‍ മറ്റൊരാളെ വിളിക്കുന്നത് ആകാശത്തിലൂടെയാണ്. അതിന്റെ മറുപടി കേള്‍ക്കുന്നതും ആകാശം വഴി തന്നെ. ആളുകള്‍ രമിക്കുന്നതും രമിക്കാതിരിക്കുന്നതും ആകാശത്തിലാണ്. ജനിക്കുന്നത് ആകാശത്തിലാണ് വൃക്ഷങ്ങളും മറ്റും ആകാശത്തിലേക്കാണ് വളരുന്നത്. അതിനാല്‍ ആകാശത്തെ ഉപാസിക്കൂ...
'അവകാശാത് ആകാശ ഉച്യതേ' എല്ലാറ്റിനും വസിക്കാനുള്ള ഇടം അഥവാ അവകാശം നല്‍കുന്നതിനാലാണ് ആകാശം എന്ന പേരു വന്നത്. 'ആസമന്താത് കാശതേ ആകാശഃ' നന്നായി പ്രകാശിക്കുന്നത്, പ്രകാശിക്കാന്‍ സഹായിക്കുന്നത് ആകാശം.
തേജോ ഗോളങ്ങള്‍ക്ക് പോലും നിലനില്‍ക്കാനുള്ള ആധാരം ആകാശമാണ്. അവയെ എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ആകാശം അവയേക്കാള്‍ ശ്രേഷ്ഠമാണ്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ആകാശത്തിലാണ്.
ആകാശം എന്നതിന് മുകളിലുള്ള മേഘങ്ങളും മറ്റുള്ള നീലാകാശം എന്ന പരിമിതമായ അര്‍ത്ഥം മാത്രമല്ല ഉള്ളത്.
സ യ ആകാശം ബ്രഹ്മേത്യുപാ
സ്‌തേ ആകാശവതോ വൈ സ ലോകാന്‍...
ആകാശത്തെ ബ്രഹ്മമായി ഉപാ
സിക്കുന്നയാള്‍ ആകാശമുള്ളവയും പ്രകാശമുള്ളവയും തിരക്കില്ലാത്തവയുമായ വളരെ വലുതായ ലോകങ്ങളെ പ്രാപിക്കും. ആകാശത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടാകും.
 ആകാശത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ അതിനേക്കാള്‍. കേമമായി എന്തെങ്കിലും ഉണ്ടോ? എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് ഉപദേശിക്കണേ എന്ന് നാരദന്‍ ആവശ്യപ്പെട്ടു.
സ്മരോ വാവാകാശാദ് ഭൂയസ്തസ്മാദ് യദ്യപി ബഹവ ആസീരന്ന സ്മരന്തോ നൈവ... സ്മരമുപാസ്സ്വേതി.
സ്മരണം ആകാശത്തേക്കാള്‍ ശ്രേഷ്ഠമാണ്. അതുകൊണ്ട് വളരെ ആളുകള്‍ ഒന്നിച്ചിരിക്കുകയാണെങ്കിലും ഒന്നും ഓര്‍മ്മിക്കുന്നില്ലെങ്കില്‍ അവര്‍ ഒന്നിനേയും കേള്‍ക്കുകയോ മനനം ചെയ്യുകയോ അറിയുകയോ ചെയ്യുന്നില്ല. എപ്പോഴാണോ അവര്‍ ഓര്‍ക്കുന്നത് അപ്പോള്‍ അവര്‍ കേള്‍ക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നു. ഓര്‍മ്മ കൊണ്ടാണ് ഒരാള്‍ തന്റെ മക്കളേയും പശുക്കളേയും അറിയുന്നത്. അതിനാല്‍ സ്മരണത്തെ ഉപാസിക്കണം.
സ്മരിക്കാനുള്ള കഴിവില്ലെങ്കില്‍ ആകാശം മുതലായവ ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യമാണ്. ഏതൊരു വസ്തുവും ഉണ്ടെന്ന് അറിയാന്‍ സ്മരണ വേണം. അതിനാലാണ് സ്മരണയെ ആകാശത്തേക്കാള്‍ ഉത്കൃഷ്ടമായി പറഞ്ഞത്. ഒന്നും ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിന്തിക്കാനുമാകില്ല. വീട്, ഭാര്യ, മക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെയൊക്കെ അറിയുന്നത് സ്മരണ കൊണ്ടെന്ന്. ഇക്കാരണങ്ങളാല്‍ സ്മരണയെ ബ്രഹ്മമായി ഉപാസിക്കാന്‍ പറയുന്നു.
സ യ: സ്മരം ബ്രഹ്മേത്യു പാസ് തേ, യാവത് സ്മരസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി യ: സമരം ബ്രഹ്മേത്യുപാസ്‌തേ...
സ്മരണത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് സ്മരണത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: