Wednesday, June 20, 2018

ശങ്കരാചാര്യരുടെ 'മാതൃപഞ്ചകം' മാതാപിതാക്കോടു മക്കള്‍ക്കുള്ള കടമ ഓര്‍മിപ്പിക്കുന്നു. സ്വന്തം മാതാവിനോടുള്ള പുത്രധര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമാണീ ചെറുപുസ്തകം. ഗീത, ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയെ ആസ്പദമാക്കി രചിച്ചിരിക്കുന്നു. തൈത്തീരിയ ഉപനിഷത്ത് മാതാപിതാക്കളെ ദേവതുല്യം ആദരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള ആഖ്യാനം. 'മാതൃപഞ്ചക'ത്തില്‍ മഹാഭാരതത്തിലെ വനപര്‍വത്തിലെ കൗശികന്‍ എന്ന ബ്രാഹ്മണന്‍ സ്വന്തം വികസനം ലക്ഷ്യമാക്കി വനത്തില്‍ തപസ്സിനു പോകുന്നു. പക്ഷേ, അതുവഴി സ്വന്തം മാതാപിതാക്കളോടള്ള ധര്‍മത്തില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറി. ബ്രാഹ്മണന്‍ തപസ്സ് ചെയ്യുമ്പോള്‍ മുകളില്‍നിന്നു പക്ഷിയുടെ കാഷ്ഠം ശരീരത്തില്‍ വീണു. അതിനു കാരണക്കാരനായ കൊക്കിനെ അദ്ദേഹം നോക്കി. രൂക്ഷമായ ആ നോട്ടത്തില്‍ കൊക്കു ഭസ്മമായിപ്പോയി. അതില്‍ അയാള്‍ക്ക് അഭിമാനവും അല്‍പം അഹന്തയും തോന്നി. അടുത്ത ദിവസം അയാള്‍ ഭിക്ഷാടനത്തിനായി ഗ്രാമത്തിലേക്കു പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അകത്ത് ഒരു സ്ത്രീ സംസാരിക്കുന്നതു കേള്‍ക്കാം. പക്ഷേ, ആരും ഭിക്ഷ നല്‍കാന്‍ വന്നില്ല. കാത്തുനിന്ന ബ്രാഹ്മണനെ പിന്നെ കേട്ടത് അമ്പരപ്പിച്ചു. ആ സ്ത്രീ പറഞ്ഞു: ''പക്ഷിയെപ്പോലെ എന്നെ ഭസ്മമാക്കല്ലേ, അല്‍പം കാത്തിരിക്കണം.'' പിന്നീട് അവര്‍ വന്നു. താന്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയായിരുന്നു എന്നും ''അടുത്ത ഗ്രാമത്തില്‍ ഒരു ഇറച്ചിവെട്ടുകാരനുണ്ട്, അയാളില്‍നിന്ന് ധര്‍മം പഠിക്കണം'' എന്നും പറഞ്ഞു. അമ്പരപ്പു തോന്നി. പക്ഷേ, അയാള്‍ അടുത്ത ഗ്രാമത്തിലേക്കു പോയി ഇറച്ചിവെട്ടുകാരനെ കണ്ടു. അയാള്‍ തന്റെ പതിവുകാര്‍ക്കു വേണ്ടതു ചെയ്യുന്ന തിരക്കിലായിരുന്നു. അതിനുശേഷം കൈകള്‍ കഴുകി അയാള്‍ വന്നു പറഞ്ഞു: ''നമുക്കു വീട്ടിലേക്കു പോകാം.''അവര്‍ അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ തന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ പോയി. അതും കഴിഞ്ഞു കൗശികനെ കണ്ടു പറഞ്ഞു: ''ഒരാള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതാണു പരമോന്നതമായ ധര്‍മം. അതു മാതാപിതാക്കളോടുള്ള ഭക്തിയുമാണ്.'' ഇതു മനസ്സിലാക്കി ബ്രാഹ്മണന്‍ വീട്ടിലേക്കു പോയി മാതാപിതാക്കളെ പരിചരിച്ചു. 'മഹാഭാരത'ത്തില്‍ 'വ്യാധഗീത' അഥവാ ഇറച്ചിവെട്ടുകാരന്റെ ഗീതതന്നെ ഉണ്ടല്ലോ. ഇക്കഥയും ശങ്കരാചാര്യരുടെ ആഖ്യാനവും ഉത്തരവാദിത്വമാണു ധര്‍മം എന്നാണു പഠപ്പിക്കുന്നത്. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോട്ടമായി മതത്തെയും ഭക്തിയെയും കാണുന്ന വീക്ഷണത്തിനെതിരായ വിമര്‍ശവുമാണിത്. ധര്‍മം വെടിഞ്ഞു പുണ്യം നേടാന്‍ പോകുന്നതിനെതിരായ വിമര്‍ശനം. ഭക്തി ദൈവത്തോടു കാണിക്കുമ്പോള്‍ അതു മാതാപിതാക്കളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല. യഹൂദചിന്തകനായ ലെവിനാസ് എഴുതി: ''ദൈവത്തേക്കാള്‍ പ്രമാണങ്ങള്‍ അനുസരിക്കണം.'' ദൈവത്തിന്റെ പേരുപറഞ്ഞു പ്രമാണങ്ങളില്‍നിന്ന് ഒഴിവെടുക്കാന്‍ പാടില്ല. ഇവിടെ പ്രമാണങ്ങള്‍ ദൈവം മോസസിനു കൊടുത്ത പത്തു കല്‍പനകളാണ്. കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം... തുടങ്ങിയവ. ഈ പ്രമാണങ്ങളുടെ പാലനമാണ് അനുദിന ഉത്തരവാദിത്വങ്ങള്‍. അവ നിറവേറ്റലാണു ധര്‍മം. അതു വെടിഞ്ഞു 'ദൈവകാര്യ'ത്തിനു പോകുന്നവന്‍ ധര്‍മം വെടിയുന്നു. അതുകൊണ്ടു ലെവിനാസ് എഴുതി, പ്രാര്‍ത്ഥനയുടെ ഒരു രൂപമാണു മറ്റുള്ളവരോടു സംസാരിക്കല്‍. ''ഒരുവന്റെ രക്ഷ ഉറപ്പാക്കലല്ല, അപരന്റെ രക്ഷ ഉറപ്പാക്കലാണു പ്രാര്‍ത്ഥന.'' ''യാഥാര്‍ത്ഥ പ്രാര്‍ത്ഥന ഒരിക്കലും തനിക്കുവേണ്ടിയല്ല, അപരന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല.'' ''നല്ലവനാകുക എന്നാല്‍ അപരനുവേണ്ടി'' യാകലാണ്. അപരനുവേണ്ടിയുള്ള ഈ ഉത്തരവാദിത്വബോധത്തെയാണു മനഃസാക്ഷി എന്നു നാം വിളിക്കുന്നത്. മനുഷ്യാസ്തിത്വത്തോടുള്ള ഒരുവന്റെ കടപ്പാടില്‍നിന്നു ജനിക്കുന്ന ആദി കുറ്റബോധവും അതില്‍നിന്നുണ്ടാകുന്ന ഉത്തരവാദിത്വവുമാണു ഹൈഡഗര്‍ എന്ന ജര്‍മന്‍ ചിന്തകനു മനഃസാക്ഷി. മനഃസാക്ഷിയെ അദ്ദേഹം ഇങ്ങനെ നിര്‍വചിച്ചു: ''എന്നിലുള്ള ഈ വിളി എനിക്കപ്പുറത്തുനിന്നുള്ളതും എനിക്കു മീതെനിന്നുള്ളതുമാണ്.'' മനഃസാക്ഷിയുടെ വിളി അഥവാ സാക്ഷ്യം എന്നിലായിരിക്കുമ്പോഴും എനിക്കതീതമാണ്. എനിക്കതീതമായ എന്നിലെ വിളി ആള്‍ക്കൂട്ടത്തിന്റെ നപുംസകവിളിയല്ല. അത് എന്റെ ഇരുകാലിക്കൂട്ടങ്ങളുടെ ഉത്തരവാദിത്വരഹിതമായ ആരവമാണ്. അഹത്തിനുള്ളില്‍ അഹത്തെ അതിലംഘിക്കുന്ന ശബ്ദസാന്നിദ്ധ്യത്തിനു ഭാരതീയപാരമ്പര്യം ബ്രഹ്മാവ് എന്നു വിളിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ ബ്രഹ്മമാണ് എന്ന ഉപനിഷദ് വാക്യം മനസ്സിലാക്കേണ്ടത്. പ്രശസ്ത ജര്‍മന്‍ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി, ''ദൈവത്തില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.'' ദൈവനാമം ഉച്ചരിച്ച് അലസനായി നടക്കുന്നതു ഭക്തിയല്ല. ദൈവത്തോടുള്ള കടമ നിര്‍വഹിക്കുന്നതു ദൈവത്തെ ഒഴിവാക്കി അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ്. അതുകൊണ്ടാണു വഴിയില്‍ മുറിവേറ്റു കിടക്കുന്നവനെ അവഗണിച്ചു ദേവാലയത്തിലേക്കുപോയ പുരോഹിതനും ലേവായനും യേശു പറഞ്ഞ നല്ല സമരിയാക്കാരന്റെ കഥയില്‍ ദുഷ്ടകഥാപാത്രങ്ങളാകുന്നത്. അനുദിന ജീവിതത്തിന്റെ കടമകള്‍ നിര്‍വഹിക്കുമ്പോഴാണു മനുഷ്യന്‍ ധര്‍മത്തില്‍ നിലനില്‍ക്കുന്നത്. കടമ എന്നതു കടപ്പെട്ടവനോടുള്ള കടം തീര്‍ക്കലാണ്. അപരനെ അംഗീകരിക്കുക എന്നാല്‍ എന്നിലുള്ള ഒരു വിശപ്പിന്റെ മറുപടിയാണ്. അപരനുവേണ്ടിയുള്ള വിശപ്പ്, അതു കടമയാക്കുന്നതാണു ധര്‍മം. അപരനുവേണ്ടിയുള്ള എന്നിലെ വിശപ്പ് ഒരു മുറിവുപോലെ എന്നില്‍ നിലവിളിക്കുന്നു. അതു തന്റെ വായില്‍നിന്നു ഭക്ഷണം പിടിച്ചുമാറ്റുന്നു. അതു ത്യജിച്ചു ഭുജിക്കുന്ന ധര്‍മമമാണ്...janmabhumi

No comments: