Saturday, June 09, 2018

ശമദമാദികളും അവയുടെ നാമങ്ങളും പറയാം. ശമം, ദമം, ഉപരതി (ഉപരമ), തിതിക്ഷ, ശ്രദ്ധ, സമാധാനം ഇവ ആറെണ്ണമാണ് ശമാദികള്‍. മനസ്സിനെ ശ്രവണാദി ഇന്ദ്രിയങ്ങളില്‍ നിന്ന് നിയന്ത്രിച്ച് നിറുത്തുന്നത് അതായത് മനസ്സിനെ അടക്കലാണ് ശമം. 5 ജ്ഞാനേന്ദ്രിയങ്ങളേയും 5 കര്‍മ്മന്ദ്രിയങ്ങളേയും ചേര്‍ത്ത് ബാഹേ്യന്ദ്രിയങ്ങളെന്നു പറയുന്നു. ഇവയെ അടക്കലാണ് ദമം. സ്വധര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം, ഇതാണ് ഉപരതി അഥവാ ഉപരമ. കാമ്യകര്‍മ്മങ്ങളൊന്നും അനുഷ്ഠിക്കാതെ തൃജിക്കുന്നതാണ് സന്ന്യാസം. പ്രാരബ്ധവശാല്‍(മുജ്ജന്മ കര്‍മ്മഫലം) അനുഭവിക്കേണ്ടത് അനുഭവിച്ചു തീരണം എന്നുറച്ച് സുഖദുഃഖങ്ങളെ സഹിക്കുന്നതാണ് തിതിക്ഷ. (ശീതോഷ്ണ സുഖദുഃഖാദി സഷിഷ്ണുത്വം തിതിക്ഷ എന്ന് ശ്രീ ശങ്കരാചാര്യസ്വാമികള്‍) ഹേ സുന്ദരി! ശ്രവണ മനന നിദിധ്യാസങ്ങളാകുന്ന വിഷയങ്ങളില്‍ മനസ്സിനെ ഉറപ്പിച്ചുനിറുത്തുന്നത് സമാധാനം. (ചിത്തൈകാഗ്രത) എന്നു കേള്‍ക്കുക. ഗുരുവാക്യങ്ങളിലും വേദാന്തവാക്യങ്ങളിലും ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുന്നത് ശ്രദ്ധ. മോക്ഷം വേണമെന്നുള്ള ആഗ്രഹമാണ് മുമുക്ഷുത്ത്വം. ഇവയാറും സമ്പാദിക്കുന്നതാണ് ശമാദിഷ്ടസമ്പത്ത് എന്നറിഞ്ഞാലും. - തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ

No comments: