നാഥസമ്പ്രദായം- ആചാര്യന്മാര്‍, ബഹുദീക്ഷിതര്‍, ഹോമരതര്‍, നഗ്നവ്രതര്‍, താപസര്‍, നാനാതീര്‍ഥനിഷേവകര്‍, സദാ ജപപരര്‍, സദാ മൗനസ്ഥിതര്‍ എന്നിവര്‍ ദ:ുഖഭാരനിരതരാണ.് സത്തത്ത്വത്തില്‍ നിന്നും വഞ്ചിതരാണ്. അതിനാല്‍ ധീരന്മാരായവര്‍ സഹജമാര്‍ഗമായ സിദ്ധമതത്തെ ആണ് സദാ ആശ്രയിക്കേണ്ടത്.
ശൈവന്മാര്‍, പാശപതര്‍, മഹാവ്രതധരന്മാര്‍, കാലമുഖര്‍, ജംഗമികള്‍, ശാക്തന്മാര്‍, കുലാര്‍ച്ചനരതരായ കൗളകുലസമ്പ്രദായികള്‍, കാപാലികര്‍, ശാംഭവര്‍ എന്നിവര്‍ കൃത്രിമമന്ത്രതന്ത്രനിരതരാണ്. അതിനാല്‍ ധീരന്മാരായവര്‍ സഹജമാര്‍ഗമായ സിദ്ധമതത്തെയാണ് സദാ ആശ്രയിക്കേണ്ടത്.
ആദ്യം രേചകപൂരകകുംഭകവിധിയാല്‍ നാഡീപഥങ്ങളെ ശോധിക്കണം. ഹൃത്കമലോദരത്തില്‍ സഹസാ ചിത്തത്തെ മഹാമൂര്‍ച്ഛാവസ്ഥയില്‍ കൊണ്ടുവരണം. അതിനുശേഷം പരകുലത്തിലെ ഓങ്കാരദീപാങ്കുരത്തില്‍ അവ്യയമായ അക്ഷരത്തെ സമാഹിതമായ മനസ്സുകൊണ്ട് ആരാണോ കാണുന്നത് അവര്‍ നിത്യമായ പദത്തെ പ്രാപിക്കുന്നു. അതിനാല്‍ ധീരന്മാരായവര്‍ സഹജമാര്‍ഗമായ സിദ്ധമതത്തെ ആണ് സദാ ആശ്രയിക്കേണ്ടത്.
ചതുരന്മാരും തര്‍ക്കനിപുണരും ദേഹാത്മവാദരതരും ആയ ചാര്‍വാകന്മാര്‍, രാജസരും ദയാഹീനരും പാപരതരും ആയവര്‍, സാത്വികര്‍ എന്നിവര്‍ക്ക് അല്‍പമായ ഐഹികഫലമല്ലാതെ മോക്ഷം ലഭിക്കുന്നില്ല. ശ്രീഹട്ടം (ശൃംഗാടം, മസ്തകാന്തം, ത്രിപുടപുടബിലം, ബ്രഹ്മരന്ധ്രം), ലലാടം, ഭ്രൂമദ്ധ്യം, നാസികാഗ്രം, ശ്രവണപഥരവം, ഘണ്ടികാ, രാജദന്തം, കണ്ഠം, ഹൃദയം, നാഭിമദ്ധ്യം, ത്രികമലകുഹരം, ഒഡ്യാണം, മൂലം എന്നീ സ്ഥാനങ്ങളില്‍ ലീനരായവര്‍ക്ക് പരമപദപ്രാപ്തിയും നിരുത്ഥാനവും ലഭിക്കുന്നില്ല.
ദീപ്തിപുഞ്ജമായ കോല്ലാടത്തിലോ, പ്രളയാഗ്നിസദൃശമായ സിദ്ധജാലന്ധരത്തിലോ, ശൃംഗാടത്തിലോ ജ്യോതിയേയോ ബ്രഹ്മനാഡ്യന്തരാളത്തില്‍ തരളമായ തഡിത്തിനെയോ ഫാലാന്തത്തില്‍ വിദ്യുദാഭയേയും തദുപരി കോടിമാര്‍ത്തണ്ഡചണ്ഡമായ ശിഖരത്തിലോ പരമപദത്തെ നിത്യം ധ്യാനിക്കുന്നവര്‍ക്ക് നിരുത്ഥാനമില്ല. ദണ്ഡാങ്കുരാന്തത്തിലെ ലിംഗം തൊട്ട് ബ്രഹ്മനാഡ്യാദിഭേദം ചെയ്ത് ശംഖഗര്‍ഭോദരത്തിലുള്ള പരമഗുഹയില്‍ ബിന്ദുവിനെ നയിച്ച് അവിടെ വജ്രദണ്ഡീചോളീക്രമത്തില്‍ ഗഗനഗുണമയമായ അന്തര്‍നാദഘോഷത്തെ പ്രയത്‌നിച്ചു ചെയ്യുന്നവര്‍ക്ക് പരമപദം എന്ന നിരുത്ഥാനമില്ല.
സമ്യക്കായിട്ടുള്ള ചാലനദോഹനങ്ങളാല്‍ ദീര്‍ഘീകൃതയായ ലംബികയെ താല്വാഭ്യന്തരത്തില്‍ പ്രവേശിപ്പിച്ച് ദശമദ്വാരത്തിലെ ശംഖിനിയില്‍ എത്തിച്ച് മധ്യമസന്ധിസംഘടഘടത്താല്‍ ശിരോദേശത്തില്‍ നിന്നും പ്രാപ്തയായ സുധയെ പാനം ചെയ്ത് മൂര്‍ച്ഛയെ പ്രാപിക്കു. ഗുഹ്യത്തില്‍ നിന്നും പശ്ചിമപൂര്‍വഭാഗങ്ങളെ രണ്ടിനേയും രോധിച്ച് വായുവിനെ മധ്യമത്തിലൂടെ നയിച്ച് പ്രാണാപാനഗമാഗമത്തെ ചെയ്ത് ഹംസോദരത്തില്‍ സംഘടം ചെയ്ത് ഭജിക്കുന്ന ധ്യാനസമാധിലക്ഷകരണന്മാരും നാനാതരം ആസനാഭ്യാസികളും ആയവരും സംസാരസാഗരത്തില്‍ ഉഴലുന്നു.
ആധാരസംപീഡനത്താല്‍ ശക്ത്യാകുഞ്ചനവും അഗ്നിദീപ്തിയും സാധിച്ച് കുണ്ഡലിനീപ്രബോധനത്തെ ചെയ്ത് മൂര്‍ദ്ധാവില്‍ (പൂര്‍ണ്ണഗിരിയില്‍) എത്തിച്ച് തിരിച്ചു താഴെകൊണ്ടുവരുന്ന ഖണ്ഡജ്ഞാനരതന്മാര്‍ക്കും നിജപദം ദൂരെത്തന്നെ. ബന്ധം, ഭേദം, മുദ്ര, ഗളബിലചിബുകാബദ്ധമാര്‍ഗങ്ങളില്‍ ചന്ദ്രാര്‍ക്കവഹ്നികളുടെ സാമരസ്യം, ശമദമനിയമങ്ങള്‍, നാദബിന്ദുക്കളുടെ കലാന്തമേളനം എന്നിവ അനുഷ്ഠിക്കുന്ന ഉന്മനീയോഗയുക്തന്മാരും കര്‍മ്മദുഃഖപഥങ്ങളിലൂടെ സഞ്ചരിച്ച് നിജസുഖവിമുഖരായി ലോകത്തെ ഭ്രമിപ്പിക്കുന്നു.
അഷ്ടാംഗമായ യോഗമാര്‍ഗം, കുലപുരുഷമതം, ഷണ്മുഖീചക്രഭേദം, മുകളിലും താഴെയും വായുമധ്യത്തിലും രവികിരണം പോലെയോ തരളജലസമമായോ നീലാകാശം പോലെയോ നോക്കിക്കാണുന്നവരും ഭാവന ചെയ്യുന്നവരും കഷ്ടതയെ അനുഭവിക്കുന്നവര്‍ തന്നെ. ശംഖധാരണം, മഹാധാരണം, പ്രതിധാരണം, അര്‍ധോളീ, ബഹിളീ, വസന്തോളീ എന്നീ ക്രിയകളെ ചെയ്യുന്നവരും ചെയ്യിക്കുന്നവരും ഭ്രമ, ഖേദങ്ങളില്‍ പെട്ടുഴലും. ശംഖക്ഷാളനം, ഖേചരീ, അമരീപാനം, വജ്രോളീ ഇത്യാദികളെ ചെയ്യുന്നവരും ജഡന്മാരാണ്. അവര്‍ക്കും സിദ്ധാന്തത്തില്‍ പറഞ്ഞിരിക്കുന്ന ഫലം ലഭിക്കുന്നില്ല.
ഘണ്ടാകാദളകാലമദ്ദളമഹാഭേരീനിനാദം, അനാഹതധ്വനി എന്നിവയെ പിണ്ഡത്തിലോ ബ്രഹ്മാണ്ഡമധ്യത്തിലോ ശ്രവിക്കുന്നവര്‍ക്ക് പരംതത്വപദമായ സിദ്ധപദത്തെ ലഭിക്കുന്നു. വൈരാഗ്യത്താല്‍ തൃണപല്ലവഫലമൂലങ്ങളം ഭക്ഷിച്ച് കാട്ടില്‍ കഴിയുകയോ, ബാലോന്മത്തപിശാചമൂകജഡന്മാരെപ്പോലെ നാനാതരം ചേഷ്ടകള്‍ കാണിച്ച് അലഞ്ഞുതിരിയുകയോ ചെയ്യുന്നവരും മോഹത്തില്‍പെട്ടുഴലുന്നവര്‍ തന്നെ. ദേഹമാസകലം ഭസ്മം പൂശുക, ഭിക്ഷാടനം, ഇന്ദ്രിയങ്ങള്‍ക്കു വൈകല്യം വരുത്തല്‍ മുതലായ പല നാടകങ്ങള്‍ ആടുന്ന ഗര്‍വിതര്‍ക്കും ഗുരുമുഖത്തുനിന്നും കിട്ടേണ്ട പരമപദം ലഭിക്കുന്നില്ല.
നാലുതരത്തിലുള്ളതും സ്വരത്തോടു കൂടിയതും സിദ്ധന്മാരാല്‍ നിര്‍മ്മിതവും ആയ ഗായത്രി മുതലായവയുടെ പാരായണത്തിലും ശാസ്ത്രവാദങ്ങളില്‍ വ്യാപൃതരും ആത്മതത്വത്തെ അറിയുന്നില്ല. ഇപ്രകാരം ശൂന്യാതിശൂന്യവും പരമപരപദവും പഞ്ചശൂന്യാദിശൂന്യവും വ്യോമാതീതവും അനാദ്യവും നിജകുലവും അകുലവും അത്ഭുതവിശ്വാകാരവും അവ്യക്തവും അന്തരാളവും നിരുദയവും ഭാസവും നിര്‍ന്നാമവും ഐക്യവും ആയതിനെ കേവലം വാക്കുകൊണ്ട് വിവരിക്കുന്ന ബഹുവിധമനസ്സുകളായവര്‍ വ്യാകുലരും ഭ്രമത്തില്‍ പെട്ടവരുമാണ്.
ആജ്ഞാസിദ്ധികരവും സദാ സമ്പൂര്‍ണവും പിണ്ഡത്തില്‍ ആഭാസിക്കുന്നതും സര്‍വഗതവും സിദ്ധാന്തസാരവും ശ്രേഷ്ഠവും ഭ്രാന്തിയെ ഇല്ലായ്മ ചെയ്യുന്നതും സുഖാതിസുഖദവും കാലനാശകവും ശാശ്വതവും കലനോദ്ഗതവും ഗുരുമയവുമായ നിരുത്ഥപദത്തെ അറിയണം. ആത്മാവ്, പരമാത്മാവ്, ജീവാത്മാവ് എന്നീ മൂന്നിനേയും ചേര്‍ത്തുചിന്തിക്കുമ്പോള്‍ മൂന്നിന്റെയും ഐക്യത്തെയാണ് ആദേശം എന്നു പറയുന്നത്. സര്‍വദ്വന്ദ്വക്ഷയാപഹയായ ഗുരുവാണിയാണ് ആദേശം. അത് യോഗിയുടെ ആത്മാവിനെ ഈശ്വരപദത്തിലേക്കുയര്‍ത്തുന്നു. ആശാദഹനത്തിന്റെ പ്രതീകമാണ് ഭസ്മം. വിചാരസന്തോഷങ്ങളാണ് കുണ്ഡലയുഗളങ്ങള്‍. സ്ഥിരചിത്തതയാണ് കൗപീനം. ഖര്‍പരം ആത്മഭാജനമായ ആകാശമാണ്.
ഈ ശാസ്ത്രം മഹാദിവ്യവും രഹസ്യവും പാരമേശ്വരവും സര്‍വസിദ്ധാന്തസാരവും നാനാസങ്കേതനിര്‍ണയവും സദ്യ:പ്രത്യയകാരകവും ആത്മാനന്ദകരവും നിത്യവും സര്‍വസന്ദേഹനാശകവും ആണ്. പരശിഷ്യര്‍ക്ക് ഇതിനെ നല്‍കരുത്. മറ്റുള്ളവരുടെ മുന്നില്‍ ഇതു വായിക്കരുത്. സ്‌നേഹം, മോഹം, ലോഭം, സമ്മര്‍ദം, അസത്യം, കാപട്യം, മൈത്രി, ദാനം, സൗന്ദര്യം, ഭീഷണി എന്നിവയാല്‍ ഇതു പകരരുത്. പുത്രനു പോലും ഗുരുശിഷ്യക്രമത്തിലല്ലാതെ പകര്‍ന്നു നല്‍കരുത്. സത്യവാന്മാര്‍, ദയയുള്ളവര്‍, ദൃഢഭക്തര്‍, സ്ഥൈര്യമുള്ളവര്‍, ചാഞ്ചല്യമില്ലാത്തവര്‍, ശാന്തചിത്തര്‍, ജ്ഞാനത്താല്‍ പ്രബുദ്ധരാകുന്നവര്‍, ഭയം, ദൈന്യം, ഘൃണാ, ലജ്ജാ, തൃഷ്ണാ, ആശാ, ശോകം എന്നിവ വെടിഞ്ഞവര്‍, ആലസ്യം, മദം, മാത്സര്യം, ദംഭം, കാപട്യം, കളവ് എന്നിവ ഇല്ലാത്തവര്‍, അഹങ്കാരം മോഹം, രാഗം, ദ്വേഷം എന്നിവയില്‍ താല്പര്യമില്ലാത്തവര്‍, ക്രോധം, ഇച്ഛാ, കാമുകത്വം, അസൂയ, ഭ്രാന്തി, ലോഭം എന്നിവ ബാധിക്കാത്തവര്‍, നിസ്പൃഹര്‍, നിര്‍മലര്‍, ധീരര്‍, അദ്വൈതപദത്തില്‍ തല്‍പരര്‍ എന്നിവര്‍ക്ക് നിശ്ചയമായും ഇതിനെ നല്‍കണം.
ധൂര്‍ത്തന്മാരില്‍ നിന്നും മറച്ചുവെക്കണം. നിന്ദകര്‍, ദുരാചാരികള്‍, ചുംബകന്മാര്‍, ഗുരുതല്പഗര്‍, നാസ്തികര്‍, ശഠന്മാര്‍, ക്രൂരര്‍, വാദരതര്‍, യോഗാചാരപരിഭ്രഷ്ടര്‍, നിദ്രാകലഹപ്രിയര്‍, സ്വന്തംകാര്യത്തില്‍ തല്‍പരര്‍, ഗുരുവിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തവര്‍ എന്നിവരെ ശിഷ്യന്മാരാണെങ്കില്‍പോലും ദൂരെ നിര്‍ത്തണം. സച്ഛാസ്ത്രം, സിദ്ധമാര്‍ഗം, സിദ്ധസിദ്ധാന്തപദ്ധതി എന്നിവയെ ഒരു കാരണവശാലും അത്തരക്കാര്‍ക്ക് നല്‍കരുത്. കള്ളന്മാരില്‍ നിന്ന് ധനത്തെ എന്നപോലെ ഇതിനെ ഗോപ്യമായി വെക്കണം.
മോഹത്താലോ, പരീക്ഷിക്കാതെയോ അത്തരക്കാര്‍ക്ക് ഇവയെ നല്‍കുന്ന മന്ദബുദ്ധിക്ക് മുക്തി ലഭിക്കുകയില്ല, കഷ്ടത അനുഭവിക്കും. ഖേചരീ, ഭൂചരീ. യോഗിനീ, ശാകിനീ, നിശാചരീ, സിദ്ധന്മാര്‍, ഭൈരവന്‍ എന്നിവരുടെ ശാപം മസ്തകത്തില്‍ പതിക്കും. അതുകൊണ്ട് എല്ലാ തരത്തിലും ഇതിനെ സംരക്ഷിക്കണം. ഗുരുപാദാംബുജസ്ഥരായവര്‍ക്ക് പരീക്ഷിച്ചശേഷം പകരാവുന്നതാണ്. തത്വജ്ഞനായ മഹാത്മാവിന് എന്തു ഭയം? എന്തു ദുഃഖം? സമ്പ്രദായത്തിന്റെ തുടര്‍ച്ചക്കായി കൃപയോടെ പകര്‍ന്നു നല്‍കണം. സമ്പ്രദായത്തിന്റെ നിലനില്‍പ് സര്‍വസമ്മതമാണല്ലോ. മായാശങ്കരനാഥനെ വന്ദിച്ചുകൊണ്ട് ഈ സിദ്ധസിദ്ധാന്തപദ്ധതിയെ ഭക്തിപൂര്‍വം എഴുതിപ്പഠിച്ചാല്‍ പരമമായ ഗതിയെ പ്രാപിക്കും. ഈ ആറാം ഉപദേശത്തോടെ സിദ്ധസിദ്ധാന്തപദ്ധതി പൂര്‍ണ്ണമായി...janmabhumi
No comments:
Post a Comment