ശുകമുനി തുടര്‍ന്നു: കൃഷ്ണന്‍ രുക്മിണിയെ പാണിഗ്രഹണം ചെയ്ത രസകരമായ ആ ചരിതം ഞാന്‍ പറഞ്ഞു തരാം. വിദര്‍ഭയുടെ രാജാവ് ഭീഷ്മകന്‍. അദ്ദേഹത്തിന് രുക്മിയടക്കം അഞ്ചു പുത്രന്‍മാരും രുക്മിണിയെന്ന പുത്രിയും. രുക്മിണി കൃഷ്ണനെപ്പറ്റി കേട്ട് അദ്ദേഹത്തെ പ്രണയിച്ചു. കൃഷ്ണനും അവളെ വിവാഹം കഴിക്കാന്‍ തീര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ രുക്മി കൃഷ്ണനെ വെറുത്തിരുന്നു. തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. വിവാഹത്തീയതി നിശ്ചയിച്ചപ്പോള്‍ രുക്മിണി ഒരു ദിവ്യ ബ്രാഹ്മണനെ കൃഷ്ണന്റെയടുക്കല്‍ സന്ദേശം കൊടുത്തയച്ചു. കൃഷ്ണന്‍ ബ്രാഹ്മണനെ യഥാവിഥി സ്വാഗതം ചെയ്തു: ‘സന്തുഷ്ടനായ ഒരു ബ്രാഹ്മണന്‍ ഏറ്റവും അനുഗൃഹീതനത്രെ. എന്നാല്‍ അസംതൃപ്തനായ രാജാവ് അന്തമില്ലാത്ത വേദനയനുഭവിക്കുന്നു. സകലര്‍ക്കും സുഹൃത്തും അഹങ്കാരരഹിതനും കിട്ടുന്നതില്‍ സന്തുഷ്ടനുമായ ശുദ്ധബ്രാഹ്മണനായ അങ്ങേയ്ക്കു നമോവാകം. അങ്ങെന്തിനാണിപ്പോള്‍ വന്നതെന്നു പറഞ്ഞാലും.’ ബ്രാഹ്മണന്‍ വിദര്‍ഭയിലെ കാര്യങ്ങളും രുക്മിണിയുടെ സന്ദേശവും കൃഷ്ണനോട് പറഞ്ഞു.
രുക്മിണി പറഞ്ഞു: ‘ഭഗവാനേ, അവിടുത്തെ ദിവ്യരൂപത്തെയും മഹിമകളെയും പറ്റി കാതിലൂടെ കേട്ട് ഹൃദയം നിറയുന്നതോടെ ഒരാളുടെ ജീവക്ലേശം മുഴുവന്‍ ഇല്ലാതാവുന്നു. അവിടുത്തെ കാണുക എന്നതു തന്നെ പരമാനുഗ്രഹം. എന്റെ ഹൃദയം അവിടുന്നില്‍ വിലീനമായിരിക്കുന്നു. ഞാനങ്ങയെ ഭര്‍ത്താവായി തിരഞ്ഞെടുത്തു കഴിഞ്ഞു. അതുകൊണ്ട് മറ്റാരും എന്നെ തൊടുവാന്‍ പോലും അങ്ങനുവദിച്ചു കൂടാ. ഇതിനായി അങ്ങ് ഒതു തുളളി ചോരപോലും വീഴ്ത്തേണ്ടതില്ല. വിവാഹദിവസം വൈകുന്നേരം പാര്‍വ്വതീക്ഷേത്രത്തില്‍ ഞാന്‍ പോവുന്നുണ്ട്. അവിടെ ക്ഷേത്രപരിസരത്തു വന്നു് എന്നെ ഈ കഷ്ടപ്പാടില്‍ നിന്നും കരകയറ്റുക. അങ്ങതു ചെയ്തില്ലെങ്കില്‍ ഞാനീ ജീവിതം അവസാനിപ്പിക്കും.’
ബ്രാഹ്മണന്‍ പറഞ്ഞു: ‘ഇതാണ് സന്ദേശം. അങ്ങേയ്ക്ക് യുക്തം പോലെ എന്തു ചെയ്യണമെന്ന് തീരുമാനിക്കാം.’
sreyas
No comments:
Post a Comment