മഹര്‍ഷിമാര്‍ എന്താണ് ചിരിക്കുന്നതെന്നറിയാന്‍ ദേവന്മാര്‍ക്ക് കൗതുകം. ഒടുവില്‍ മഹര്‍ഷിമാരോടു തന്നെ ചോദിച്ചു. ബ്രഹ്മദേവന്‍ നല്‍കിയ മറുപടി കേട്ട് മഹര്‍ഷിമാരായ നിങ്ങള്‍ എന്തുകൊണ്ടാണ് ചിരിച്ചത്.
മഹര്‍ഷിമാര്‍ പരസ്പരം നോക്കി. എന്നിട്ട് അവര്‍ വ്യക്തമാക്കി; ഇപ്പോഴുള്ള ദേവന്മാര്‍ക്കോ മനുഷ്യര്‍ക്കോ എന്നെ വധിക്കാനാവരുതെന്നാണ് താരകാസുരന്‍ ചോദിച്ചു വാങ്ങിയ വരം. ബ്രഹ്മദേവന്‍ നമ്മോടു പറഞ്ഞതെന്താണ്? താന്‍ കൊടുത്ത വരം താരകാസുരന് ഗുണമാകുമെന്ന്. ബ്രഹ്മദേവന്‍ ഇതു പറഞ്ഞപ്പോള്‍ സരസ്വതീദേവി പുഞ്ചിരിയോടെ ജ്ഞാനമുദ്ര കാണിച്ചിരുന്നു. ഇതെല്ലാം ഒന്നു കൂട്ടിവായിച്ചു നോക്കിയാല്‍ എല്ലാം വ്യക്തമാകും.
മഹര്‍ഷി ഒന്നുകൂടി വിശദീകരിച്ചു. ഇപ്പോഴുള്ളവര്‍ക്കാര്‍ക്കും താരകാസുരനെ വധിക്കാനാവില്ല. എന്നുവച്ചാല്‍, ഇനിയുണ്ടാകുന്ന ദേവന് വേണമെങ്കില്‍ താരകനെ വധിക്കാനാവും. പക്ഷെ ഇനി ഉണ്ടാകുന്നയാള്‍ താരകനെ കൊല്ലാന്‍ പാകത്തിന് ശക്തനാകുന്നതെങ്ങനെ? ആ വ്യക്തി ശക്തിക്കും ശിവനും സന്താനമായി ജനിച്ചവനാകണം. അങ്ങനെ ഒരു സന്താനം ജനിച്ചാല്‍ താരകന്റെ അന്ത്യം സുനിശ്ചിതമാണ്.
ബ്രഹ്മദേവന്‍ പറഞ്ഞതിന്റെ സാരം സരസ്വതീദേവി പറയാതെ പറഞ്ഞുതന്നു. ഇനി നമുക്കെന്താണ് പേടിക്കാനുള്ളത്. ശിവ- ശക്തിമാര്‍ക്ക് പുത്രനായി ഒരു കുമാരന്‍ പിറക്കണം. അതിനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്. അതിന് വേണ്ടത് ഇന്ദ്രാനുചരര്‍ ചെയ്തുകാണിക്കൂ.
പിന്നെ, ഒരു പ്രശ്നമുണ്ട്. സതീദേവി യോഗാഗ്‌നിയില്‍ പ്രവേശിച്ചശേഷം ശ്രീപരമേശ്വരന്‍ തപസിലാണ്. മഹാദേവനെ തപസ്സില്‍നിന്നും ഉണര്‍ത്തേണ്ടതുണ്ട്. പരാശക്തി പര്‍വതരാജപുത്രിയായി അവതരിച്ചിട്ടുണ്ട്. ശ്രീപരമേശ്വരന്‍ തപസ്സില്‍നിന്നുണര്‍ന്നാലേ ഇനിയുള്ള കാര്യങ്ങള്‍ മുന്നോട്ടുപോകൂ. പക്ഷെ ഒന്നു മനസ്സിലാക്കുക. ഉറുമ്പിനെ ചൂണ്ടിക്കാട്ടി തീക്കട്ടയെ പേടിപ്പിക്കാന്‍ എളുപ്പമല്ല.
തീക്കട്ടയുടെ മാഹാത്മ്യം പറയുന്നത് കേട്ട് അഗ്‌നിദേവന്‍ ഒന്നു ഞെളിഞ്ഞു. അഗ്‌നിദേവന്റെ ഭാവം ശ്രദ്ധിച്ച ദേവേന്ദ്രന്‍ ആലോചിച്ചു. അഗ്‌നിദേവനെക്കൊണ്ട് മഹാദേവനെ ഉണര്‍ത്താനാകുമോ? നിശ്ചയിച്ചു നിയോഗിച്ചു നോക്കി. അഗ്‌നിദേവന്‍ ശ്രീകൈലാസത്തിന്റെ അരികത്തു ചെന്നു. ശ്രീപരമേശ്വരന്റെ തപശക്തിയാല്‍ താപമേറ്റ് അഗ്‌നിദേവന് പൊള്ളി തിരിച്ചുപോന്നു.
പിന്നെ ദേവേന്ദ്രന്‍ വരുണനെ നോക്കി. തനിക്കു വയ്യെന്ന് വരുണന്‍ അപ്പോഴേ കൈകഴുകി. ശ്രീകൈലാസത്തിന്റെ ഏഴയലത്തുപോലും എനിക്കടുക്കാനാവില്ലെന്ന് വരുണന്‍ വ്യക്തമാക്കി.
അടുത്തത് വായുഭഗവാന്റെ ഊഴമായിരുന്നു. തനിക്കൊറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് വായുഭഗവാന്‍ അറിയിച്ചു. പിന്നെ കാമദേവന്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ താന്‍ സഹായിക്കാം എന്ന് വായുദേവന്‍ സമ്മതിച്ചു.
എല്ലാവരുടേയും ദൃഷ്ടി കാമദേവന്റെ നേര്‍ക്കായി. ഒന്നും പറയാനാവാതെ കാമദേവന്‍ കുഴങ്ങി. മൗനം സമ്മതമെന്ന് ഭാവിച്ച് എല്ലാരുംകൂടി ആ നിയോഗം കാമദേവനില്‍ അര്‍പ്പിച്ച് തടിതപ്പി. തികഞ്ഞ ഭയപ്പാടോടെ കാമദേവന്‍ പറഞ്ഞു. എനിക്ക് അതിനുള്ള ശക്തിയൊന്നുമില്ല. എന്നാലും പൊതുവായിട്ടുള്ള ഒരാവശ്യത്തിനുവേണ്ടി ബലിയാടാകാന്‍ എനിക്കു മടിയില്ല. നിങ്ങളുടെയൊക്കെ സഹകരണമുണ്ടെങ്കില്‍ ഞാന്‍ ശ്രമിച്ചുനോക്കാം.കാമേദവന്റെ അര്‍ധസമ്മതത്തെ പൂര്‍ണസമ്മതമായി കണക്കാക്കി എല്ലാവരുംകൂടി കാമനെ ഉയര്‍ത്തിപ്പിടിച്ചു.
janmabhumi
No comments:
Post a Comment