Wednesday, June 13, 2018

സര്‍വ്വ ജീവരാശികളിലും വെച്ച്‌ ഏറ്റവും ഉത്കൃഷ്ടമായ ജന്മം സിദ്ധിച്ച നാം, മനുഷ്യര്‍ കര്‍മ്മജ്ഞാന നിഷ്ഠകളില്‍ അധികാരിയാണ്‌. ഏതുമാര്‍ഗ്ഗത്തില്‍ എങ്ങനെയാണ്‌ കഴിയേണ്ടത്‌? മനുഷ്യന്‍ എങ്ങനെയാണ്‌ ഈ ലോകത്തില്‍ ജീവിതം നയിക്കേണ്ടത്‌ എന്ന വിഷയത്തില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട്‌ നല്‍കുന്നതാണ്‌ കഠോപനിഷത്തിലെ ശരീര രഥ രൂപകല്‍പ്പന. സ്വയം തന്നെ ഒരു രഥിയെന്നറിയൂ, ശരീരം തന്നെയാണ്‌ രഥം. ബുദ്ധി സാരഥിയും മനസ്സ്‌ കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളുമാകുന്നു. ഇന്ദ്രിയ മനോബുദ്ധികളോടു കൂടിയതാനാണ്‌ ജീവിതാനുഭവങ്ങളെ നേടേണ്ടുന്ന ഭോക്താവ്‌. ഉപനിഷദ്‌ വിചാരയജ്ഞം ഇരുപത്തിഏഴാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
രഥിയെന്നാല്‍ രഥമുള്ളയാള്‍. വാഹനം സ്വന്തമായുണ്ടെന്നു പറഞ്ഞാല്‍ നമുക്കെല്ലാം തന്നെ നിശ്ചിതമായും യാത്ര ചെയ്യേണ്ടതുണ്ടെന്നും അതിനുള്ള വാഹനം കൂടെയുണ്ടെന്നും അര്‍ത്ഥം. വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള നിയതപ്രയാണമാണ്‌ യാത്ര. ജീവിതത്തില്‍ വ്യക്തമായ ഒരു ലക്ഷ്യബോധം നമുക്ക്‌ ഉണ്ടായിരിക്കണം.
ഈ യാത്രക്കുള്ള വാഹനം മാത്രമാണ്‌ ശരീരം. അതില്‍ക്കവിഞ്ഞ്‌ ഇതു തന്നെയാണ്‌ ഞാന്‍ എന്നൊന്നും അഭിമാനിച്ചു കഴിയുന്നതില്‍ അര്‍ത്ഥവുമില്ല. ശരീരത്തെ ഒരു വാഹനമായിക്കണ്ട്‌ പരിചരിക്കുക. ജീവിതയാത്രയ്ക്കുപയോഗിക്കുക. ബുദ്ധിയാണ്‌ സാരഥി. ശരീരമാകുന്ന രഥത്തെ മുന്നോട്ടുനയിക്കേണ്ടത്‌ ബുദ്ധിയാണ്‌. ഒന്നിലേക്കും എടുത്തു ചാടരുത്‌. കാര്യകാര്യവിവേകം ചെയ്തുറപ്പിച്ചേ ജീവിതത്തില്‍ എന്തും ചെയ്യാവൂ. നിശ്ചയാത്മികയായ ബുദ്ധിയുടെ അധീനതയിലായിരിക്കണം സങ്കല്‍പ്പ വികല്‍പ്പാത്മകമായ മനസ്സ്‌. അങ്ങനെയുള്ള മനസ്സിനെ കടിഞ്ഞാണാക്കി എല്ലാ ഇന്ദ്രിയക്കുതിരകളെയും നിയന്ത്രിക്കാന്‍ സാധിക്കണം.
കുതിരകളെപ്പോലെ ശരീരരഥത്തെ വലിയ്ക്കുന്ന ഇന്ദ്രിയങ്ങളെ ശരിക്കു നിയന്ത്രിച്ചാലേ ജീവിതഗതി നേരെയാവൂ. ലക്ഷ്യപ്രാപ്തിയുണ്ടാവൂ. അഞ്ചുകുതിരകള്‍ അഞ്ചുവഴിക്കായാല്‍ നമ്മുടെ ജീവിതരഥത്തിന്റെ ഗതിയെന്ത്‌! ശബ്ദ സ്പര്‍ശ രൂപ രസ ഗന്ധങ്ങളിലേക്ക്‌ യഥേഷ്ടം മേയാന്‍ അനുവദിക്കാതെ ബുദ്ധിപൂര്‍വ്വം ഇന്ദ്രിയങ്ങളെ വ്യാപരിപ്പിക്കണം. ഇങ്ങനെ യഥാവത്‌ മനസ്സിലാക്കി ശരീരരഥത്തെ സുദുപയോഗം ചെയ്യുന്നവന്‍ പുരുഷാര്‍ത്ഥങ്ങളിലേക്ക്‌ യഥേഷ്ടം മേയാന്‍ അനുവദിക്കാതെ ബുദ്ധിപൂര്‍വ്വം ഇന്ദ്രിയങ്ങളെ വ്യാപരിപ്പിക്കണം. ഇങ്ങനെ യഥാവത്‌ മനസ്സിലാക്കി ശരീരരഥത്തെ സുദുപയോഗം ചെയ്യുന്നവന്‍ പുരുഷാര്‍ത്ഥങ്ങളെ പ്രാപിക്കും. എന്നാല്‍ ഇതു മനസ്സിലാക്കാതെ നിയന്ത്രണമില്ലാതെ ജീവിതം നയിക്കുന്നവര്‍ ക്ഷയിക്കുകയും ചെയ്യും. ഒരിക്കലും അങ്ങനെ സംഭവിക്കരുതേ എന്ന്‌ കൃപാപൂര്‍വ്വം വേദം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതറിഞ്ഞ്‌ ജീവിതം ചിട്ടപ്പെടുത്താന്‍ നാം ബാദ്ധ്യതപ്പെട്ടിരിക്കുന്നു...janmabhumi

No comments: