Wednesday, June 13, 2018

ശ്രീരാമകൃഷ്ണദേവന്റെ നേരിട്ടുള്ള ശിഷ്യനായ സ്വാമി ശിവാനന്ദയുടെ ശിഷ്യനായിരുന്നു തപസ്യാനന്ദ. അദ്ദേഹം ആത്മീയാചാര്യനായ മുംതാസ്‌ അലിഖാന്‍ എന്ന 'എം'നോട്‌ 1960-ല്‍ പറഞ്ഞത്‌, കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെ വേദാന്തത്തിന്റെ തലചുറ്റിക്കുന്ന ഉയരങ്ങളില്‍ എത്തിയ ആചാര്യനാണ്‌ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ എന്നാണ്‌. 2011 ഫെബ്രുവരി 4 വരെ അദ്ദേഹം നമ്മോടൊപ്പം തിരുവനന്തപുരത്ത്‌ ജീവിച്ചിരുന്നു. ഭാവിതലമുറക്ക്‌ സത്യമറിയാന്‍ ആശ്രയിക്കാവുന്ന കനമുള്ള വേദാന്തഗ്രന്ഥങ്ങള്‍ രചിച്ചു. പ്രഭാഷണപരമ്പരകള്‍ അന്ധവിശ്വാസങ്ങളെ തെല്ലും പ്രോത്സാഹിപ്പിച്ചില്ല. യുക്തിഭദ്രമായി എന്താണ്‌ ശാസ്ത്രീയമായ ഈശ്വരന്‍ എന്ന്‌ കൈവെള്ളയില്‍ കാണിച്ചുതന്നു. പ്രത്യേക ആശ്രമമില്ലായിരുന്നു. 
സത്യമറിയാന്‍ ഇത്ര ലളിതമായ, ഋജുവായ ഒരു മാര്‍ഗ്ഗമുണ്ടെന്ന്‌ തിരിച്ചറിയേണ്ടിയിരുന്നത്‌ സമൂഹത്തിന്റെ കടമയായിരുന്നു. കുഴച്ചുമറിച്ച്‌, പ്രശ്നസങ്കീര്‍ണ്ണമാക്കി സര്‍വ്വതിനേയും മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ തിരിച്ചറിവ്‌ നേടിയിരുന്നെങ്കില്‍ സമൂഹത്തിന്‌ ആശ്വാസത്തിന്റെ നല്ലൊരു കുളിര്‍ തുരുത്ത്‌ ലഭിക്കുമായിരുന്നു. വല്ലാത്ത ആശ്വാസം അതുനല്‍കിയേനെ. പക്ഷേ കാലവും സമൂഹവും മിക്കപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. അപാരമായ ആത്മീയഔന്നത്യം നേടിയ ശ്രീനാരായണഗുരുദേവനെ സമൂഹപരിഷ്കര്‍ത്താവായി ഒതുക്കാനാണ്‌ സമൂഹം ശ്രമിച്ചത്‌. 
മഹാപ്രതിഭകള്‍ അവരുടെ കര്‍മ്മം കുശലതയോടെ നിര്‍വ്വഹിക്കുന്നു. സുദഗതയോടെ മറയുന്നു. അതിനെ സാര്‍ത്ഥകമായി നിരീക്ഷിക്കാനോ അനുഭവിക്കാനോ കഴിയാത്ത നമുക്കാണ്‌ തീരാത്ത നഷ്ടം സംഭവിക്കുന്നത്‌. ഈ പ്രകാശ ഗോപുരങ്ങളാണ്‌, സന്ത്രാസം മാത്രം കൈമുതലായുള്ള പുതിയ തലമുറക്ക്‌ വെളിച്ചവും ആശ്വാസവും പകരേണ്ടത്‌. സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടിയെങ്കിലും സമൂഹം ഇവരെ തിരിച്ചറിയേണ്ടതല്ലേ?
"അവ്യക്തവും ബോധവും. സ്വരൂപത്തെ മറച്ചുകൊണ്ട്‌ ഇരുള്‍. അതും ഭഗവാന്‍ തന്നെ. ഒരേ പ്രാണശരീരത്തില്‍ ജഗത്ത്‌ മുഴുവന്‍ നിറയുന്നതായ ഒരു വിശ്വാഹന്ത. (ഇീ‍ൊശര ലഴീ) വിശ്വാഹന്തയുടെ ഭാഗമാണ്‌ നമ്മുടെ ഉള്ളിലുള്ള 'ഞാന്‍, ഞാന്‍' എന്ന അഹന്ത. പ്രാണരൂപിയായ അഹന്തയെ നമുക്കനുഭവിക്കാന്‍ പറ്റുന്നില്ല. പക്ഷേ മനസ്സ്‌ ഏകാഗ്രമാക്കിയാല്‍ ആര്‍ക്കും ഇതനുഭവിക്കാന്‍ പറ്റും. പ്രാണന്‍ കട്ടികൂടുന്നതാണ്‌ മനസ്സ്‌. വെള്ളം കട്ടി കൂടുന്നതാണ്‌ മഞ്ഞുകട്ട. മഞ്ഞുകട്ട ഉരുകിയാല്‍ ഗംഭീരമായി വെള്ളം ഒഴുകും. മനസ്സ്‌ ഏകാഗ്രപ്പെട്ടാല്‍ പ്രാണന്‍ പ്രസരിക്കും. പ്രാണന്‍ പ്രസരിച്ചാല്‍ വ്യക്തിശരീരത്തില്‍ മാത്രം ഒതുങ്ങിയെന്ന്‌ വരില്ല. പുറത്തേക്ക്‌ വ്യാപിച്ച്‌ എല്ലാ പ്രപഞ്ചഘടകങ്ങളും തന്നില്‍ത്തന്നെയാണ്‌ ഉണ്ടായി മറയുന്നതെന്ന്‌ അനുഭവിക്കാനാകും. 
പ്രാണപ്രസരം പ്രാണസാക്ഷാത്കാരമനുഭവിക്കലാണ്‌. ബോധസാക്ഷാത്ക്കാരമല്ല. പൂര്‍ണ്ണമായ ബോധസാക്ഷാത്ക്കാരത്തിന്‌ ചലനമില്ല. നിശ്ചലമായ ബോധമാണ്‌. അതിന്റെ തൊട്ടടുത്തുള്ള അനുഭവമാണ്‌ പ്രാണസാക്ഷാത്ക്കാരം. ഏറെക്കുറെ തേജോമയമായ ബോധത്തേയും വ്യക്തമായി മനസ്സിന്‌ പിടികിട്ടും എന്നാണ്‌ അനുഭവിച്ചവര്‍ പറയുന്നത്‌. തേജപ്രസരം. ആയിരം സൂര്യന്മാരുടെ തേജസ്സ്‌. ഈശ്വരന്‍ തന്നെയാണ്‌ ഇക്കാണുന്ന പ്രപഞ്ചമെല്ലാം. സര്‍വ്വ ജീവജാലങ്ങളുടെയും ഹൃദയത്തിലിരിക്കുന്ന ഈശ്വരന്‍. അണു മുതല്‍ അഖണ്ഡം വരെ. ഇതിനെയറിഞ്ഞാല്‍, പ്രസന്നത തെളിഞ്ഞാല്‍ അങ്ങേയറ്റത്തെ ശാന്തി, ആനന്ദം. അതുകിട്ടിയാല്‍ പിന്നൊരിക്കലും വിട്ടുപോകില്ല. ചിത്തം പ്രസന്നമായാല്‍ പ്രപഞ്ചസത്യം സൂര്യതുല്യം നമുക്ക്‌ ബോധ്യപ്പെടും. പ്രസന്നമാക്കാന്‍ എന്താവഴി? ഭേദചിന്തയും രാഗദ്വേഷവും മാറ്റണം. സത്യം തെളിയണമെങ്കില്‍ ഇവ രണ്ടും പോകണം. ഇതല്ലാതെ വേറെമാര്‍ഗ്ഗമൊന്നുമില്ല. ഗംഭീരന്മാര്‍ പോലും ഇവ കൊണ്ടുപിടയുന്നു. ചുറ്റും നോക്കൂ. വ്യക്തമായികാണാം. എല്ലാം ഈശ്വരനാണെന്ന സത്യം കാണാന്‍ കഴിഞ്ഞാല്‍ പിന്നെ എന്ത്‌ ഭേദചിന്ത? ഈ വേദാന്തരഹസ്യം മനസ്സിലാക്കൂ....!"
പരമമായ ബോധസാക്ഷാത്ക്കാരം അനുഭവിക്കാനുള്ള വഴിയാണ്‌ അദ്ദേഹം സൗമ്യമായി തെളിച്ചുകാണിച്ചുതന്നത്‌. സന്ദേഹത്തിന്റെ കരടുകളൊന്നും ഇവിടെ അവശേഷിക്കുന്നില്ല. ലക്ഷ്യവും മാര്‍ഗ്ഗവും എല്ലാം സുവ്യക്തം.
"ചിത്തം പ്രസന്നമാകുന്നതോടെ പ്രകാശമയമായ പ്രാണരൂപം കാണാനാകും. ബോധാകാരം തെളിയും. ജഡരൂപങ്ങളൊക്കെ മറയും. ചൈതന്യമല്ലാതെ ഇവിടെ വേറെയൊന്നുമില്ലെന്ന്‌ ബോധ്യമാകും. അത്ഭുതം. ജഗത്തില്ലാതാകും. എവിടെപ്പോയി? മരുഭൂമിയില്‍ കാനല്‍ ജലം ലയിക്കുകയാണോ? അല്ല. അതവിടെ ഇല്ലായിരുന്നു. അതുപോലെ ഇവിടെ ഒരു പ്രപഞ്ചവുമില്ല. നമുക്ക്‌ പിടികിട്ടിയാലും ശരി, ഇല്ലെങ്കിലും ശരി. 'പ്രപഞ്ചം ഒക്കെയില്ലെന്ന്‌ പറയുന്നതാണ്‌ ഇവിടെ ഏറ്റവും വലിയ അബദ്ധം. വികസന പ്രവര്‍ത്തനങ്ങളൊക്കെ നിലച്ചുപോകും. കര്‍മ്മം ചെയ്യാനുള്ള പ്രേരണ നഷ്ടമാകും." ഉള്ളതാണെന്ന്‌ വിചാരിച്ചോളൂ.
എന്തുകിട്ടും? ഇത്‌ ഇല്ലാത്തതാണെന്ന്‌ ഗീതയും വേദാന്തവും ഒരിടത്തും പറയുന്നില്ല. പക്ഷേ സത്യദര്‍ശികളുടെ ധീരത അറിയണം. എന്താണുള്ളത്‌ എന്ന്‌, അവര്‍ ഭയത്തിന്റെ കണികപോലുമില്ലാതെ മനസ്സിലാക്കി. 'യോഗഃ കര്‍മ്മസുകൗശലം' എന്നാണ്‌ ശ്രീകൃഷ്ണന്‍ പറഞ്ഞത്‌. കര്‍മ്മത്തിന്‌ സാമര്‍ത്ഥ്യം വരണമെങ്കില്‍ ഈ യോഗം, സത്യബോധം ഉള്‍ക്കൊള്ളൂ. കൃഷ്ണന്‍ ഗംഭീരമായി കര്‍മ്മം ചെയ്തു. വിവേകാനന്ദസ്വാമികള്‍, ശ്രീശങ്കരന്‍, വ്യാസന്‍, നാരായണഗുരദേവന്‍ തുടങ്ങി സര്‍വ്വ സത്യദര്‍ശികളും പറയുന്നു ഇവിടെ പലതില്ല. എല്ലാം ഒന്ന്‌. ഉപനിഷത്ത്‌ പ്രഖ്യാപിക്കുന്നു. 'നേഹ നാ നാസ്തി കിഞ്ചന'. ചിന്തിച്ചറിയൂ. കണ്ണുമടച്ചു വിശ്വസിക്കണ്ടാ. ഈ സത്യബോധത്തിനല്ലാതെ നിങ്ങളെ ഭയത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ മറ്റൊന്നിനുമാവില്ല. പരിഹരിക്കാന്‍ പറ്റുന്നതൊക്കെ പരിഹരിച്ചോളൂ. പറ്റുന്നില്ലെങ്കില്‍ ദുഃഖിച്ചിട്ടെന്തുകാര്യം? ചെയ്യാവുന്നിടത്തോളം ചെയ്തോളൂ. ഫലിക്കുന്നില്ലേ. അതുകൊണ്ട്‌ കണ്ണീര്‍ വാര്‍ത്തേക്കാം എന്നാണോ? കണ്ണീര്‍ വാര്‍ത്താല്‍ ഫലിക്കുമോ?
ഈ സത്യം അറിയാന്‍ അദ്ദേഹം ഉപദേശിക്കുന്നു. വേണ്ടാത്ത തര്‍ക്കങ്ങളിലും വാദകോലാഹലങ്ങളിലും ചെന്ന്‌ പെടരുത്‌. സത്യം ചാടിമറഞ്ഞു കളയും എന്ന്‌ ഭാഗവതത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. "മമ മായാ ദുരത്യയ' എന്ന്‌ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, എന്നെ മാത്രമായി ശരണം പ്രാപിക്കുന്നവന്‍ മായയെ ജയിക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന്‌ വ്യക്തമാക്കുന്നു. ഈശാവാസ്യമിദം സര്‍വ്വമെന്ന്‌ കാണാനും അഖണ്ഡബോധമായ ബ്രഹ്മവുമല്ലാതെ മറ്റൊന്നുമിവിടെയില്ലെന്നറിയാനും ആവശ്യപ്പെടുന്നു. പലതായി കാണുന്നുണ്ടല്ലൊ സാര്‍ എന്ന ചോദ്യത്തിന്‌, അവ നാമരൂപങ്ങളാണെന്നും, നാമരൂപങ്ങള്‍ക്ക്‌ പുതിയ സത്യത്തെ ഉണ്ടാക്കാനാവില്ലെന്നും വ്യക്തമായ ഉത്തരം നല്‍കുന്നു.
"ഇതനുഭവിക്കാന്‍ കരുത്തുവേണം. ഒരിക്കലനുഭവിച്ചാല്‍ പിന്നെ ഒരിക്കലും നാശമില്ല. സര്‍വ്വം ബ്രഹ്മമയം എന്നനുഭവിക്കണം. ശുകമഹര്‍ഷി ഏഴ്‌ ദിവസം കൊണ്ടാണ്‌ പരീക്ഷിത്തിന്‌ ബ്രഹ്മാനുഭവം നേടിക്കൊടുത്തത്‌. അങ്ങ്‌ കാട്ടിത്തന്നു. ഞാന്‍ അനുഭവിക്കുന്നു. ഞാനല്ലാതെ ഇവിടെ ഒരു തക്ഷകനുമില്ല കടിക്കാന്‍. പലതുണ്ടെന്ന അജ്ഞാനം മാറി. ഒരു ഭയവുമില്ല."
"മരണത്തെക്കുറിച്ച്‌ ചിന്തിച്ച്‌ കിടന്നുപിടയുകയാണ്‌ മനുഷ്യര്‍. കൈകാലിട്ടടിച്ച്‌ പിടയുന്ന ഗംഭീരന്മാര്‍. പരീക്ഷിത്ത്‌ ശുകനോട്‌ ചോദിക്കുന്നു: "മരണവേളയിലെന്തു ചിന്തിക്കണം?" 'അജോ നിത്യഃ ശാശ്വതം പുരാണേ'. മരണം ഇല്ലെന്നറിയണം. സിദ്ധാന്തപരമായിപ്പോലും ഇതറിയാത്തവര്‍ കൃപണന്മാരാണെന്ന്‌ ശ്രീകൃഷ്ണന്‍. പരിഭ്രമിക്കാതിരിക്കൂ. നിരാശപ്പെടാനും ദുഃഖിക്കാനുമുള്ളതല്ല ജീവിതം. സത്യം അറിയാന്‍ ശ്രമിക്കൂ. സത്യം പിടികിട്ടാത്തവനാണെങ്കില്‍, പിന്നെ ദീര്‍ഘായുസ്സ്‌ കിട്ടിയിട്ടെന്തു പ്രയോജനമാണ്‌? നിരാശപ്പെടാനും ദുഃഖിക്കാനും വേണ്ടി ദീര്‍ഘായുസ്സ്‌ വേണോ? സത്യമറിഞ്ഞയാള്‍ക്ക്‌ ഒരു നിമിഷം ജീവിച്ചാല്‍ മതി. പിന്നെയദ്ദേഹം മരിക്കുന്നേയില്ല. വിഗതജ്വരനായി ഇതറിയൂ."
നാം, ഈ പ്രപഞ്ചം, ശാസ്ത്രീയമായ ഈശ്വരന്‍, ജീവിതം, നേടേണ്ടത്‌ എല്ലാം അതീവ ശാസ്ത്രീയമായി നമുക്ക്‌ ബോധിപ്പിച്ചുതന്ന ബ്രഹ്മവിദ്യയുടെ ആചാര്യനായ ബാലകൃഷ്ണന്‍നായര്‍ സാര്‍ മറകളില്ലാത്ത മഹാസത്യമായിരുന്നു. തെളിഞ്ഞ പുഴപോലെയൊഴുകിയ അദ്ദേഹം സത്യസാഗരത്തില്‍ വിലയിതമായി. ആത്മാവിനെ സാക്ഷാത്കരിച്ച അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ നമ്മില്‍ വിശുദ്ധ നിറയും, പ്രപഞ്ചത്തില്‍ ഒരു തുള്ളി വെളിച്ചം കൂടെ തിളങ്ങും!
വി. മോഹന്‍കുമാര്‍ 

No comments: