Monday, June 11, 2018

നല്ല കുട്ടികളായി പൊന്നോമനകളെ എങ്ങനെ വളര്‍ത്താം എന്നാണ് ഇപ്പോഴത്തെ മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം. കുട്ടിക്ക് തീരെ അനുസരണയില്ല, പഠിക്കാന്‍ മിടുക്കുകാട്ടുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെയാവും നിത്യവും അവരെക്കുറിച്ചുള്ള പരാതികള്‍. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇവിടെ കുട്ടികളല്ല പ്രശ്‌നക്കാരെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുഴപ്പം മാതാപിതാക്കളുടേതാവാം. കുട്ടികളെ മനസിലാക്കുന്നതില്‍ അച്ഛനും അമ്മയ്ക്കും പറ്റുന്ന പിഴവുകളാണ് നിങ്ങള്‍ക്കുമുന്നില്‍ അവരെ പ്രശ്‌നക്കാരാക്കുന്നത്. കുട്ടികള്‍ക്കാവശ്യം മുതിര്‍ന്നവരുടെ ശാസനകളെക്കാളും ചട്ടക്കൂടുകളേക്കാളും അവരുടെ മാനസികാവസ്ഥയില്‍ നിന്നു ചിന്തിക്കാന്‍ കഴിയുന്ന കൂട്ടുകാരെയാണ്. കുട്ടികളുടെ കാര്യത്തിലും മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട ശരിയും തെറ്റുമുണ്ട്. അതിരുവിട്ടാല്‍ എല്ലാം അപകടമാണെന്ന് പറയുന്നതുപോലെ കുട്ടികളുടെ കാര്യത്തിലും ചില കടിഞ്ഞാണുകള്‍ ആവശ്യമാണ്. അമിത സ്വാതന്ത്ര്യം നല്‍കിയാണ് കുട്ടികളെ വളര്‍ത്തുന്നതെങ്കില്‍ അവര്‍ പലകാര്യത്തിലും പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. പിടിവാശി, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ ഇവരില്‍ കൂടുതലായിരിക്കും. സ്വാതന്ത്ര്യം നല്‍കി ഒടുവില്‍ അവരുടെ കാര്യത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്താം എന്നുകരുതിയാല്‍ അത് നടന്നുവെന്ന് വരില്ല. അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യം പെട്ടന്ന് നിഷേധിക്കപ്പെടുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. അതേപോലെതന്നെ കുട്ടികളെ അടിച്ചമര്‍ത്തി, ഒട്ടും സ്വാതന്ത്ര്യം ഇല്ലാതെയാണ് വളര്‍ത്തുന്നതെങ്കില്‍ അതും ദോഷം ചെയ്യും. ഒട്ടും ആത്മവിശ്വാസമില്ലാത്തവരും, വിഷാദ സ്വഭാവത്തോടുകൂടിയവരുമായിരിക്കും ഈ കുട്ടികള്‍. ഇടംവലം തിരിയാതെ കൂട്ടിലിട്ടുവളര്‍ത്തുന്ന തത്തകളെപ്പോലെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഒരല്‍പം സ്വാതന്ത്ര്യം കിട്ടിയാല്‍ അവരത് ദുരുപയോഗം ചെയ്തുവന്നും വരാം. കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിടത്ത് അങ്ങനെചെയ്ത്, സ്വാതന്ത്ര്യം അനുവദിക്കേണ്ടിടത്ത് സ്വാതന്ത്ര്യം നല്‍കി വളര്‍ത്തുന്ന കുട്ടികള്‍ ആത്മവിശ്വാസം കൂടുതലുള്ളവരും വിജയം കൈവരിക്കുന്നവരുമായിരിക്കും. കുട്ടികളെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ഉണ്ടായിരിക്കണം. കുട്ടികളാണല്ലോ എന്ന് കരുതി അവരോട് എന്തും പറയാം എന്ന ധാരണ കളയുക. അവരേയും ബഹുമാനിക്കുകയും ആ രീതിയില്‍ കാര്യം പറയുകയും വേണം. സ്‌നേഹത്തോടുകൂടി കാര്യങ്ങള്‍ പറയുകയും അവരോട് സത്യസന്ധരായിരിക്കുകയും വേണം. കുട്ടികളുടെ ഭക്ഷണകാര്യത്തിലും മാതാപിതാക്കള്‍ക്ക് ശ്രദ്ധവേണം. നല്ല ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ക്ക് ചെറിയ ചെറിയ വീട്ടുജോലികള്‍ ഏല്‍പ്പിച്ചുകൊടുക്കുക, അവരേയും അതില്‍ പങ്കാളികളാക്കുക. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ ഉത്തരവാദിത്തബോധമുള്ളവരായി മാറും. കുട്ടികള്‍ നമ്മുടെ ജീവന്റെതന്നെ ഭാഗമാണ്. അവരെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ മറക്കാതിരിക്കുക. അത് അവരില്‍ സ്വയം മതിപ്പ് ഉളവാക്കാന്‍ സഹായിക്കും. പരസ്പരം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളില്‍ ബോധം ഉണ്ടാക്കിയെടുക്കുക. കുട്ടികള്‍ക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാലിക്കുക. സാധിക്കില്ല എങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. കാരണം കുട്ടികളുടെ മനസ്സില്‍ നിങ്ങള്‍ വാക്കുപാലിക്കപ്പെടാത്തവരായി ചിത്രീകരിക്കും. പരസ്പരം തമാശകള്‍ പറയാനും കാര്യങ്ങള്‍ പങ്കുവയ്ക്കാനും കഴിയണം. കുടുംബത്തിലെ ചിട്ടവട്ടങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. രക്ഷകര്‍ത്താക്കളും ഇത് നിര്‍ബന്ധമായി പാലിക്കണം. ശാരീരികമായ പീഢനങ്ങള്‍ കുട്ടികള്‍ക്കുനേരെ പാടില്ല. കുട്ടികള്‍ക്ക് സഹായം ആവശ്യമായി വരുമ്പോള്‍ അവരെ സഹായിക്കാന്‍ രക്ഷകര്‍ത്താക്കളേയുളളു എന്ന കാര്യം മറക്കാതിരിക്കുക. കുട്ടികളുടെ നേട്ടങ്ങളില്‍ അവരെ അഭിനന്ദിക്കാന്‍ മറക്കേണ്ട. അവര്‍ക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും അവര്‍ കാണത്തക്ക വിധത്തില്‍ വയ്ക്കുക. കൂടുതല്‍ മുന്നേറാന്‍ കുട്ടികള്‍ക്കത് പ്രേരണനല്‍കും. ദോഷകരമായ പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമയാണ് അത്യാവശ്യം. ആരും പരിപൂര്‍ണരല്ല എന്ന് ഓര്‍ക്കുക. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്. കുട്ടികളുടെ ചിന്തകളേയും അഭിപ്രായത്തേയും മാനിക്കുക...amma

No comments: