Monday, June 11, 2018

നമ്മുടെ കുട്ടികള്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും അവര്‍ നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് തോന്നല്‍ ഉണ്ടാവാറുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ കുട്ടിയുടെ കാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറുമില്ല. നമ്മുടെ സാമിപ്യവും കളിചിരി വര്‍ത്തമാനവുമെല്ലാം കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്. അത് കിട്ടാതെ വരുമ്പോഴാണ് അവര്‍ അസ്വാഭാവികമായ തരത്തില്‍ പെരുമാറുക. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തെ തെറ്റിദ്ധരിക്കാറുമുണ്ട്. കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവര്‍ കാരണങ്ങള്‍ ഉണ്ടാക്കുകയാവില്ല, അങ്ങനെ സംഭവിച്ചുപോകുന്നതാകാം. ശിശുക്കളിലെയും കുട്ടികളിലെയും ദുസ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്റെ ഭാഗമായിരിക്കുകയും, ക്രമേണ അത് മെച്ചപ്പെട്ട് വരികയും ചെയ്യും. ചെറിയ കുട്ടികളില്‍ ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്‌നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. കുട്ടികളില്‍ ആക്രമണ സ്വഭാവം കാണുമ്പോള്‍ അവരെ നിരീക്ഷിച്ച് കാരണം കണ്ടെത്തുക. കുട്ടികള്‍ ജിജ്ഞാസ ഏറെയുള്ളവരാണ്. അവര്‍ ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നു. അവര്‍ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന് കണ്ടെത്താനായി ശ്രമിക്കുകയും, എല്ലായിടത്തും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യും. വികാരത്തിന് വേഗം അടിപ്പെടുന്നവരാണ് കുട്ടികള്‍. തങ്ങള്‍ക്ക് താങ്ങാനാവാതെ കാര്യങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ ഒച്ചയിടുകയോ അലറുകയോ ചെയ്യും. ഇത്തരത്തിലാവും അവര്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതാണ്. മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല. ഇത് അവരുടെ സ്വഭാവത്തില്‍ പ്രകടമാകും. തീര്‍ച്ചയായും കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവില്ല. ഇക്കാരണത്താല്‍ അവര്‍ തങ്ങളുടെ കോപവും അസന്തുഷ്ടിയും ശബ്ദമുയര്‍ത്തി പ്രകടമാക്കും. തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നുന്നതിനാല്‍ മാത്രം ചില കുട്ടികള്‍ കൂടുതല്‍ മുന്നോട്ട് പോവുകയും ചില പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്യും. അവര്‍ നിയന്ത്രണങ്ങളോട് ഏറ്റുമുട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ശാഠ്യക്കാരായ കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ടു പോവുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും. കുട്ടി ചിലത് പറയാന്‍ ശ്രമിക്കുകയാണെങ്കിലും അത് സ്വീകാര്യമായ രീതിയിലല്ല. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിനും ചില വഴികളുണ്ട്. 1. ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ പറയാന്‍ ശ്രമിക്കുകയും നിങ്ങള്‍ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് അവഗണിച്ചാല്‍ പ്രവൃത്തിയുടെ തീവ്രത വര്‍ദ്ധിക്കും. 2. ആക്രോശം കൊണ്ടോ, അടി കൊണ്ടോ ഇത്തരം കുട്ടികളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് സാഹചര്യം വഷളാക്കുകയേ ഉള്ളൂ. കുട്ടി ഇരട്ടി ശബ്ദം വെയ്ക്കുകയും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. 3. കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും വ്യതിചലിപ്പിച്ച് സംസാരിക്കാന്‍ ശ്രമിക്കുക. സാന്ദര്‍ഭികമായി ഒരു മിഠായിയോ ചേക്കലേറ്റോ നല്‍കി കുട്ടിയെ ശാന്തരാക്കാം. എന്നാല്‍ ഇതൊരു ശീലമാക്കരുത്. 4. കുട്ടിയുടെ വഴക്കിന്റെ തീവ്രത കുറയുമ്പോള്‍ അത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധവല്‍കരിക്കാന്‍ ശ്രമിക്കുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ശ്രദ്ധിക്കാം കുട്ടിയുടെ ആരോഗ്യവും കുട്ടികള്‍ക്ക് പോഷകപ്രദമായ ആഹാരങ്ങള്‍ വേണം നല്‍കാന്‍. അമിതവണ്ണം ഉണ്ടാക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ആഹാരസാധനങ്ങള്‍ നല്‍കാതിരിക്കുകയെന്നത് മാതാപിതാക്കളുടെ കടമയാണ്. അതുകൊണ്ടുതന്നെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണശീലം വേണം കുട്ടികളും മുതിര്‍ന്നവരും പിന്തുടരാന്‍. രോഗപ്രതിരോധശേഷി നല്‍കുന്ന ഭക്ഷണം വേണം ഉപയോഗിക്കാന്‍. പഠനം ഒരു ഭാരമാവാതിരിക്കാന്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം തന്നെ വിശ്രമവും ആവശ്യമാണ്. സ്‌കൂള്‍ വിട്ടുവന്നശേഷം കുട്ടികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഭാരമാണ് ഹോം വര്‍ക്ക്. അതിന്റെ അളവ് കൂട്ടുന്നത് അവരുടെ തിരക്ക് വര്‍ദ്ധിപ്പിക്കും. കുട്ടിക്ക് ഇത്തരത്തില്‍ വളരെ തിരക്കുള്ളതായി കണ്ടാല്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക.സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്നത് അവശതയോടെയാണെന്നും കണ്ടാല്‍ കുട്ടി വിഷമം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പഠന കാര്യങ്ങളില്‍ പിന്നോക്കം പോകുന്നതായി കണ്ടാല്‍ കുട്ടിയുടെ ദൈനംദിന പരിപാടികള്‍ നോക്കുകയും തിരക്കേറിയ ഷെഡ്യൂളാണോയെന്ന് പരിശോധിക്കുകയും ചെയ്യുക. ഉത്സാഹക്കുറവ് പ്രകടിപ്പിക്കുകയും വിഷാദത്തോടെയിരിക്കുയും ചെയ്താല്‍ കുട്ടി ക്ഷീണിതനാണെന്ന് മനസിലാക്കാം. കുട്ടിയുടെ ശാരീരിക അവശതകളും മനസ്സിലാക്കാന്‍ സാധിക്കണം. എല്ലായ്‌പ്പോഴും ആര്‍ക്കും വിജയം മാത്രം നേടാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കുട്ടിയില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കരുത്. കുട്ടി കഷ്ടപ്പാടനുഭവിക്കുന്നതായി കണ്ടാല്‍ സഹിഷ്ണുത പുലര്‍ത്തുകയും ആക്ഷേപവും ശകാരവും ഒഴിവാക്കുകയും ചെയ്യുക. കുട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതിന് പ്രോത്സാഹനമാണ് ആവശ്യം. കുട്ടിക്ക് താല്‍പര്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുത്. അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പഠിക്കാനാണ് അവസരം ഒരുക്കേണ്ടത്. കുട്ടിക്കൊപ്പം കാര്യങ്ങള്‍ ചെയ്യാനും അവരോടൊത്ത് സമയം ചിലവഴിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. രക്ഷിതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കുട്ടികളുടെ സ്വാഭാവത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടവരുത്തരുത്.കൗമാരക്കാര്‍ ഒളിക്കുന്നതെന്ത്? കൗമാരപ്രായത്തിലുള്ള കുട്ടികള്‍ നിരവധി കാര്യങ്ങള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. സ്വഭാവികമായും കുട്ടികള്‍ ഒളിച്ച് വെയ്ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് മാതാപിതാക്കള്‍ ഏറെ ആശങ്കപ്പെടുകയും ചെയ്യും. സാങ്കേതികവിദ്യയുടെ പുരോഗതിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതേ സമയം തന്നെ ചില മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രഹസ്യങ്ങളുണ്ടെന്ന് അറിയുകയുമില്ല. ബന്ധങ്ങള്‍കുട്ടികള്‍ക്ക് ചില ബന്ധങ്ങളുണ്ടാവുന്നത് സ്വഭാവികമാണ്. കുടുംബത്തെയും സമൂഹത്തെയും ഭയക്കുന്നതിനാല്‍ അവര്‍ ഇത് മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. പണ്ട് കാലം മുതലേ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെക്കുന്ന ഒരു കാര്യമാണ് ഇത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കൂട്ടുകാര്‍ തമ്മില്‍ ഒത്തുകൂടുക, ക്ലാസ് കട്ട് ചെയ്ത് പുറത്തുപോവുക, സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം, അനാവശ്യ കൂട്ടുകെട്ട് തുടങ്ങി നിരവധി കാരണങ്ങളുടെ കൗമാരം വഴിതെറ്റിപ്പോകാന്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കളോട് എന്തുകാര്യവും പങ്കുവയ്ക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. ശാസനകള്‍ക്കപ്പുറം നിങ്ങള്‍ അവരുടെ നല്ല സുഹൃത്താണെന്ന തോന്നലാണ് കൗമാരക്കാരില്‍ ഉളവാക്കേണ്ടത്. ദുശ്ശീലങ്ങള്‍ പുതിയതെന്തും പരീക്ഷിച്ച് നോക്കാനുള്ള മനോഭാവമുള്ളവരാണ് കൗമാരക്കാര്‍. ഇന്ന് അനേകം കുട്ടികള്‍ പുകവലിക്കും, മദ്യത്തിനും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരാണ്. എന്ത് വിലകൊടുത്തും കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. കുട്ടികളെ ശരിയായി മനസിലാക്കുന്നതിന് മതിയായ സമയം അവരോടൊപ്പം ചെലവഴിക്കുക.ബഹുമാനിക്കാന്‍ പഠിപ്പിക്കാം കുഞ്ഞുനാളില്‍ പഠിപ്പിയ്ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന് മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്ക്കുകയെന്നത് വളരെ പ്രധാനവുമാണ്. ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് ബഹുമാനമെന്നത്. ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും. മറ്റുള്ളവരുടെ വസ്തുക്കളെ വില വയ്ക്കാനും ബഹുമാനിയ്ക്കാനും കുട്ടികളെ പഠിപ്പിയ്‌ക്കേണ്ടതും അത്യാവശ്യം. ഇത് മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിയ്ക്കാതിരിയ്ക്കാനുള്ള പാഠം കുട്ടികള്‍ക്കു നല്‍കും. മറ്റുള്ളവരോട് നന്ദി പറയാനുള്ള ശീലവും കുട്ടികളെ പഠിപ്പിയ്ക്കണം. തെറ്റുകള്‍ക്ക് സോറി പറയേണ്ടതിന്റെ പ്രധാന്യവും കുട്ടികള്‍ക്കു പഠിപ്പിയ്ക്കു കൊടുക്കുക തന്നെ വേണം. സമയത്തിന്റെ വിലയും പഠിപ്പിച്ചു കൊടുക്കുക. ഇത് വളരെ പ്രധാനമാണ്.മക്കളോട് കടുംപിടുത്തം വേണ്ട മക്കളെ വരച്ചവരയില്‍ നിര്‍ത്തുന്ന രക്ഷിതാക്കള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. നിയന്ത്രണങ്ങള്‍ ആവശ്യമാണ്.എന്നാല്‍ നിയന്ത്രണം ഏറുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ പെരുമാറ്റും നിരീക്ഷിക്കുകയും അവ അനുകരിക്കുകയും ചെയ്യുന്നത് സാധാരണയാണ്. വീട്ടില്‍ അച്ഛനും അമ്മയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പോലും നശിപ്പിക്കാന്‍ സാധ്യതുയുണ്ട്. മാതാപിതാക്കള്‍ കുട്ടികളോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍, അവരോടൊപ്പം മനസ്സിലെ ഭയവും ഉത്കണ്ഠയും വളരും. ഇത്തരം കുട്ടികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സുരക്ഷിതബോധം ഉണ്ടാകില്ല. അമിതനിയന്ത്രണവും അച്ചടക്കത്തോടെ വളര്‍ത്തുന്നതും രണ്ടാണെന്ന് ഓര്‍ക്കുക. അമിതനിയന്ത്രണം കുട്ടികളില്‍ ഭയം സൃഷ്ടിക്കും. അച്ചടക്കം അവരെ അനുസരണ ശീലമുള്ള നല്ല പൗരന്മാരാക്കി മാറ്റും. ഭയന്ന് ജീവിക്കുന്നു: നിങ്ങള്‍ കടുംപിടുത്തക്കാരനായ രക്ഷകര്‍ത്താവ് ആണെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഭയം വിട്ടൊഴിയില്ല. സ്വന്തം വീട്ടില്‍ ഒരുകുട്ടി ഭയന്ന് ജീവിക്കുന്നത് എന്തുതന്നെയായാലും ഗുണകരമല്ല. എന്തുകാര്യത്തിനും നിങ്ങളുടെ അടുത്ത് വരാമെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തുക.കുട്ടിക്കോപം നിയന്ത്രിക്കാം! കുട്ടികളുടെ കോപം നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. കുട്ടികളുടെ സ്വഭാവത്തിലെ ഒരു ഘട്ടമാണ് കോപം. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. കുട്ടികള്‍ കോപത്തോടെയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാതിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കൂ. കുട്ടികള്‍ കോപിച്ചിരിക്കുന്ന അവസരത്തില്‍ അവരെ വൈകാരികമായ രീതിയില്‍ സമീപിക്കരുത്. കോപമുള്ള അവസരത്തില്‍ അതിനോട് അനുയോജ്യമായി പ്രതികരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കില്ല. അതിനാല്‍ വൈകാരികമായ സമീപനം ഒഴിവാക്കുകയാണ് ഉചിതം.ചില അവസരങ്ങളില്‍ കുട്ടികളുടെ കോപം മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ശാരീരികമായി അടക്കിയിരുത്താന്‍ ശ്രമിക്കുന്നത് അവരുടെ കോപം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ, കുറയ്ക്കാന്‍ സഹായിക്കുകയില്ല. മാതാപിതാക്കളാവണം കുട്ടിയുടെ മാതൃക. കുട്ടി ദേഷ്യത്തോടെയിരിക്കുമ്പോള്‍ അസഭ്യവാക്കുകള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ കുട്ടികളുടെ മനോഭാവത്തില്‍ ശക്തമായ മാറ്റത്തിനിടയാക്കും. കുട്ടി കോപാകുലനാവുമ്പോള്‍ അവനെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡ്ഡിത്തമാണ്. കാര്യങ്ങളെ സമാധാനപരമായി കണ്ട് രക്ഷാകര്‍ത്താവെന്ന നിലയില്‍ കുട്ടിക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ഭീഷണി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. പഠിപ്പിക്കാം ചില മര്യാദകള്‍ ചൊട്ടയിലെ ശീലം ചുടല വരെ എന്നൊരു ചൊല്ലുണ്ട്. ഇത് കുട്ടികളുടെ കാര്യത്തില്‍ മുഴുവനായ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കേണ്ടതാണ്. കാരണം ചെറുപ്പത്തില്‍ ലഭിയ്ക്കുന്ന ശീലങ്ങളായിരിയ്ക്കും ജീവിതാവസാനം വരെ ഇവര്‍ പിന്‍തുടരുക. കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകളും ഉണ്ട്. ഇതും കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്...amma

No comments: