ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം. ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 342-ാം വാർഷികം. 1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം മുഴങ്ങിയത്.
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ച്, ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽ നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ ഉദ്ഘോഷിക്കുന്ന രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച് അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു സംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യ സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച് വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.
സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്. സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു . അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്.
ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ ശിവാജിയിൽ നിന്നാണ്...janamatv
No comments:
Post a Comment