Monday, June 18, 2018

കോപം

ആരെങ്കിലും നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഒരിക്കലും കോപിക്കരുത്. നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തെറ്റ് അവര്‍ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ. തെറ്റ് മനസ്സിലായാല്‍ തിരുത്താന്‍ ശ്രമിക്കുക. അഭിമാനത്തെയാണു കോപം വെളിപ്പെടുത്തുന്നത്. അഭിമാനം അജ്ഞതയുടെ സന്തതിയത്രേ! നിങ്ങള്‍ ഒരു യഥാര്‍ത്ഥ മുമുക്ഷു ആണെങ്കില്‍ സ്വന്തം മനസ്സിന്റെ ശുദ്ധീകരണത്തില്‍ തീവ്രമായ താല്പര്യമുണ്ടായിരിക്കണം. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും മനസ്സിന്റെ സമനില നിലനിര്‍ത്തുക. സര്‍വക്ലേശങ്ങളെയും സധൈര്യം സഹിക്കുക. വിശുദ്ധവും നിഷ്‌കളങ്കവുമായ ഒരു ജീവിതത്തിനുവേണ്ടി സര്‍വ്വേശ്വരനോട് നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍. സകലവിധ ശിക്ഷണങ്ങളുടെയും സാധനകളുടെയും പരമലക്ഷ്യം വിമോചനമാണ്. എന്താണീ വിമോചനം. അടയ്ക്കപ്പെട്ട കൂട്ടില്‍നിന്നും മോചനം ലഭിക്കുന്നതിനു ഒരു കിളി ആഗ്രഹിക്കുന്നു. മോചനം ലഭിച്ചാല്‍ മാത്രമേ അതിനു സ്വഛന്ദം പറക്കാനും ഇച്ഛപോലെ ജീവിക്കാനും കഴിയൂ. നിങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് സദ്ഗുരുവിനാണ്. എന്തെന്നാല്‍ സദ്ഗുരു മാത്രമേ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ അറിയുന്നുള്ളൂ. പക്ഷേ ഗുരുവിനോടുള്ള ശീഷ്യന്റെ ഭാവം ആദരവും ഭക്തിയും വിനയവും കലര്‍ന്നതായിരിക്കണം. എങ്കില്‍മാത്രമേ മോക്ഷമാര്‍ഗ്ഗത്തില്‍ പുരോഗമിക്കാന്‍ സാധിക്കുകയുള്ളൂ. പൂമുറ്റത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിനിര്‍ത്തി അവരോട് വന്നു പാഠങ്ങള്‍ പഠിക്കാന്‍ അമ്മ ആജ്ഞാപിക്കും. ചില മക്കള്‍ അമ്മയുടെ വാക്കുകളെ അത്ര കാര്യമായി എടുക്കില്ല. എന്നാല്‍ അച്ഛന്റെ തല പടിക്കല്‍ കാണുകയേ വേണ്ടൂ. അവര്‍ കളി നിര്‍ത്തി ഓടും. പുസ്തകങ്ങള്‍ കയ്യിലെടുക്കും. അവര്‍ക്ക് അച്ഛനമ്മമാരോട് തുല്യ അളവില്‍ സ്‌നേഹമില്ലാതല്ല. പക്ഷേ അച്ഛനെ കൂടുതല്‍ ഭയമുണ്ട്. ഈ ഭയം ആദരവില്‍നിന്നുണ്ടായിട്ടുള്ളതാണ്. ഈശ്വരനോട് നിങ്ങള്‍ക്ക് പ്രേമവും ഭയവും ആദരവും ഉണ്ടായിരിക്കണം. അച്ചനമ്മമാരോട് കുട്ടികള്‍ക്ക് തോന്നുന്ന സ്‌നേഹം മായാജന്യമാണ്. എന്നാല്‍ ഭക്തനു ഈശ്വരനോടും ഗുരുവിനോടും തോന്നുന്ന പ്രേമം മായയില്‍നിന്നുടലെടുത്തതല്ല. അത് ജ്ഞാനാത്മകമാണ്. ബോധാധിഷ്ഠിതമാണ്. അദ്ധ്യാത്മികതയാണ്. പാവനവുമാണ്. മായാബദ്ധമായ സകല വ്യക്തിബന്ധങ്ങളെയും ആദ്ധ്യാത്മികമാക്കിത്തീര്‍ക്കണം. എങ്കില്‍ മാത്രമേ മോക്ഷകവാടങ്ങള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടുകയുള്ളൂപഠിപ്പും പാണ്ഡിത്യവുംകൊണ്ടുമാത്രം ഒരാള്‍ക്ക് സംസാരബന്ധത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയില്ല. വിസ്മൃതിയും അവധാനതയും വിജ്ഞാനന്മാര്‍ക്കുപോലും സംഭവിക്കാറുണ്ട്. - ശ്രീ രമാദേവി 

No comments: