Saturday, June 02, 2018

ജീവാത്മാവിന്റെ വലുപ്പം എത്രയാണെന്ന് ശ്വേതാശ്വേതര ഉപനിഷത്തില്‍ പറഞ്ഞിട്ടുണ്ട്.
 ''ബാലാഗ്രശതഭാഗസ്യ ശതധാ കല്പിതസ്യ ച ഭാഗോ ജീവസ്സ വിജ്ഞേയഃ
 (ഒരു തലനാരിന്റെ അറ്റം പതിനായിരമായി ഭാഗിച്ചാല്‍, ഒരു ഭാഗത്തിന് എത്ര വലുപ്പുമുണ്ടോ അത്രമാത്രമാണ് ജീവാത്മാവിന്റെ വലുപ്പം.) ഭൗതിക പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ജീവാത്മാക്കള്‍. ഭഗവാനില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് ജീവന്മാര്‍ക്ക് നാശമില്ല. അവിനാശി എന്നുപറയുന്നു. മാത്രമല്ല, ഒരിക്കലും ഒരു കുറവും മാറ്റവും വരികയുമില്ല. അതുകൊണ്ട് ഒരു ശാസ്ത്രജ്ഞനോ പണ്ഡിതനോ ആത്മാവിനെ കണ്ടെത്താന്‍ കഴിയില്ല. പരമാത്മാവിന്റെ സ്വഭാവം അംശമായ ജീവാത്മാവിന്, അംശിയായ പരമാത്മാവിന്റെ ഗുണങ്ങളാണ് ചെറിയ തോതില്‍ കിട്ടിയിരിക്കുന്നത്. സമുദ്രജലത്തിന്റെ ഉപ്പുരസം, കയ്യില്‍ കോരിയെടുത്ത വെള്ളത്തിനു കിട്ടിയതുപോലെ. ഭഗവാന്‍ തന്നെ പറയുന്നു, 10-ാം അധ്യായത്തില്‍. ''അഹമാത്മാ ഗുഢാകേശ! സര്‍വഭൂതാശയസ്ഥിതഃ'' (=അര്‍ജ്ജുന, ഞാന്‍ സര്‍വ്വ പ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി സ്ഥിതി ചെയ്യുന്നു). പരത്മാത്മാവായ ഈ ശ്രീകൃഷ്ണനാണ് ജീവാത്മാക്കള്‍ക്ക് എല്ലാ കഴിവും പകര്‍ന്നു കൊടുക്കുന്നത്. പരമാത്മാവായ ഈ ശ്രീകൃഷ്ണനെയാണ് നാലു തൃക്കൈകളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ച വിധത്തില്‍ ധ്യാനയോഗത്തില്‍ ധ്യാനിക്കാനും പൂജകളില്‍ പൂജിക്കാനും ഹോമം കഴിക്കുമ്പോള്‍, അഗ്നിയില്‍ സങ്കല്‍പ്പിക്കാനും ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. (തുടരും) ഫോണ്‍. 9961157857 ഗീതാ ദര്‍ശനം .. ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments: