Saturday, June 16, 2018

യോഗ ലോകം മുഴുവന്‍ പ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ.് യോഗ ചെയ്യുന്നവരുടെ ലക്ഷ്യം വെക്കുന്ന ഗുണവും പലതാണ്. രോഗം മാറാന്‍, സൗന്ദര്യം വര്‍ധിപ്പിക്കാന്‍, പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍, വിശപ്പുണ്ടാകാന്‍, കുട്ടികളുടെ പഠനത്തിലുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍, മടിയകറ്റാന്‍, സര്‍ഗാത്മകത വര്‍ധിപ്പിക്കാന്‍, തൊഴിലാളികളുടെ കര്‍മശേഷി കൂട്ടാന്‍ ഇങ്ങനെ യോഗയുടെ പല പ്രയോജനങ്ങളുമാണ് പലരും കാണുന്നത്. പാര്‍ശ്വഫലങ്ങള്‍ ബാധിക്കാത്ത ഒരു നല്ല ആരോഗ്യ പദ്ധതിയെന്ന നിലയില്‍ ഇതിനെ കാണുന്നവരാണ് കൂടുതലും. ആധ്യാത്മിക തലത്തിലുളള പ്രയോജനം കാണുന്നവരും ഉണ്ട്. 
കണ്‍കെട്ടുവിദ്യകള്‍ കാണിക്കുക, മണ്ണിനുള്ളിലെ കുഴിയില്‍ വായു പ്രവേശിക്കാത്തിടത്ത് ദിവസങ്ങള്‍ കഴിച്ച്കൂട്ടുക, നെഞ്ചിന് മുകളിലൂടെ വാഹനങ്ങള്‍ കയറ്റി ഇറക്കുക മുതലായ പലതും യോഗ എന്ന പേരില്‍ ഇന്ന് നടക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ യഥാര്‍ഥത്തില്‍ യോഗ എന്താണെന്ന സംശയം എല്ലാവരിലും ഉദിക്കും. 
'യജ്' എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് 'യോഗഃ' എന്ന വാക്കുണ്ടാകുന്നത്. കൂട്ടിയോജിപ്പിക്കുക എന്നാണ് ഈ ധാതുവിന്റെ അര്‍ഥം. 'യുജ്യതെ അനേന'- 'ഇതിനാല്‍ യോജിപ്പിക്കപ്പെടുന്നു' എന്നാണ് യോഗഃ എന്ന വാക്കിന്റെ താത്പര്യം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേരല്‍, സങ്കുചിതമായ വ്യക്തിബോധത്തില്‍ നിന്നും വിശാലമായ, ശാശ്വതമായ ആനന്ദപൂര്‍ണമായ സത്യത്തിലേക്കുള്ള വളര്‍ച്ചയാണ് യോഗ എന്ന് വിശാലാര്‍ത്ഥത്തില്‍ പറയാം. എന്നാല്‍ യോഗാചാര്യന്മാര്‍ ഇതിനെ പ്രായോഗികവും ജീവിതസന്ധിയുമാക്കാന്‍ പലപദ്ധതികളും കൊണ്ടുവന്നു. അങ്ങനെയാണ് യോഗദര്‍ശനവും യോഗശാസ്ത്രവും, യോഗ ഉപനിഷത്തുകളും ഒക്കെ ഉണ്ടായത്.
പതഞ്ജലി മുനി അന്നു വരെ നിലവിലുണ്ടായിരുന്ന യോഗാപദ്ധതികളെ പഠിച്ച് യോഗതത്വങ്ങള്‍ സൂത്രരൂപത്തിലാക്കി ഒരു ഗ്രന്ഥം രചിച്ചു. ഷഡ് ദര്‍ശനങ്ങളില്‍ ഒന്നായ യോഗദര്‍ശനം അങ്ങനെയുണ്ടായതാണ്. ''യോഗ: ചിത്തവൃത്തി നിരോധഃ'' എന്നാണ് പതഞ്ജലി മുനി നല്‍കിയ നിര്‍വ്വചനം. മനസ്സിലെ വൃത്തികളെ, ചലനങ്ങളെ, പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും നിര്‍ത്തുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. വെറും ശാരീരിക വ്യായാമത്തില്‍ ഒതുങ്ങുന്നതല്ലെന്നു താത്പര്യം. 
മനുഷ്യന്‍ പല ജന്മങ്ങളിലൂടെയുള്ള ഒരു പരിണാമ യാത്രയിലാണ്. അതിന്റെ ദൈര്‍ഘ്യം ഒരു ജന്മത്തിലേക്കോ ഏതാനും വര്‍ഷത്തിലേക്കോ, ഏതാനും മണിക്കൂറിലേക്കോ ഒതുക്കാന്‍ ഉതകുന്ന ഒരു ഉപായമാണ് യോഗ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. എത്രയോ ജന്മങ്ങള്‍ കഴിഞ്ഞാണ് വിശേഷബുദ്ധിയുള്ള മനുഷ്യജന്മം കിട്ടുന്നതെന്ന് ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ബുദ്ധിയാണ് പുരോഗതിക്കുള്ള മാധ്യമം . അതിനെ ശുദ്ധീകരിച്ച് പാകപ്പെടുത്തിയെടുക്കുന്നത് യോഗ പദ്ധതിയാണ്. 
ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ ഒരു ഉല്‍ഗ്രഥിതവ്യക്തിത്വം വളര്‍ത്തിയെടുക്കലാണ് യോഗ എന്ന് മഹര്‍ഷി അരവിന്ദന്‍ പറയുന്നു. ഇതിന്റെ ഫലമായി അതിമാനുഷന്‍മാരുടെ ഒരു ലോകം രൂപപ്പെടുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. മനുഷ്യകുലത്തിന്റെ മുന്നാക്കത്തിന് ആക്കം കൂട്ടുന്നതാണ് യോഗം. 
ലോകത്തിന്റെ നശ്വരതകണ്ട് മനംമടുത്ത ശ്രീരാമനെ വിശ്വാമിത്രമുനിയുടെ നിര്‍ദ്ദേശപ്രകാരം ഉപദേശത്തിലൂടെ ഉത്തേജിതനാക്കി തീര്‍ക്കുന്നുണ്ട് ശ്രീരാമന്റെ കുലഗുരുവായ വസിഷ്ഠന്‍. കഥകളും ഉദാഹരണങ്ങളും നിരത്തി സരസമായി യോഗം ഉപദേശിക്കുന്നു വസിഷ്ഠമുനി. ആ ഉപദേശ സമാഹാരമാണ് വാസിഷ്ഠരാമായണം, അഥവാ യോഗ വാസിഷ്ഠം. ''മനഃ പ്രശമന-ഉപായഃ യോഗഃ ഇത്യാദിധീയതേ'' എന്ന് വസിഷ്ഠന്‍ നിര്‍വ്വചിക്കുന്നു. മനസ്സിനെ പ്രശമനം ചെയ്യാനുള്ള, അടക്കാനുള്ള ഉപായമാണ്  യോഗമെന്ന്. 
കര്‍മത്തിലുള്ള ബുദ്ധിപൂര്‍വ്വമായ സാമര്‍ഥ്യമാണ് യോഗമെന്ന് ഭഗവത്ഗീത പറയുന്നു- ''യോഗഃ കര്‍മസു കൗശലം'' ഈ കൗശലം നേടാന്‍ മനസ്സിന്റെ ഏകാഗ്രത, നിയന്ത്രണം, ഇവ ആവശ്യമാണ്. യോഗം സമാധിയാണെന്നാണ് വ്യാസഭാഷ്യത്തില്‍ പറയുന്നത്. മനസ്സിന്റെ നിഷ്പന്ദാവസ്ഥ തന്നെ സമാധി. ''സമാധാ അചലാ ബുദ്ധിഃ'' സമാധിയില്‍ ബുദ്ധിനിശ്ചലമായി ലയിക്കുമ്പോഴാണ് യോഗസിദ്ധിയുണ്ടാകുന്നതെന്നും. ''സമത്വം യോഗ ഉചത്യേ'' - മനസ്സിന്റെ സമനില, സുഖം, ദുഃഖം, മാനം- അപമാനം, ജയം-പരാജയം ഇവയ്ക്കുമേലെ നിലകൊള്ളാനുള്ള സാമര്‍ത്ഥ്യമാണ് യോഗമെന്നും ഭഗവത് ഗീത പ്രഖ്യാപിക്കുന്നുണ്ട്. 
 ചുരുക്കത്തില്‍ മനസ്സിന്റെ ചാഞ്ചാട്ടം ചുരുങ്ങുകയും ബോധത്തിന്റെ ഉന്നതതലങ്ങളിലേക്ക് പുരോഗമിക്കുകയും, സര്‍ഗശക്തി ഉണരുകയും ചെയ്യുന്ന അവസ്ഥയാണ് യോഗം.ഈ പുരോഗതിയില്‍ പരിശ്രമിക്കുമ്പോള്‍ ശാരീരികവും മാനസികവും ബൗദ്ധീകവുമായ ധാരാളം കഴിവുകള്‍ മനുഷ്യന്‍ നേടും. ആരോഗ്യവും സൗന്ദര്യവും ശരിയായ വിശപ്പും ഏകാഗ്രതയും ഒക്കെ ലഭിക്കും. 
യോഗ നിത്യജീവിതത്തിന്റെ ഭാഗമാവണം. അത് ഒരു ജീവിതരീതി ആകണം. യോഗ ഒരു പ്രത്യേകവിഭാഗത്തിനോ പ്രത്യേക പ്രായക്കാര്‍ക്കോ ഉള്ളതല്ല. സാര്‍വലൗകികമാണ് എന്നതാണ് യോഗിയുടെ പ്രസക്തി. ഒരു മതത്തോടും അതിന് പ്രതിപത്തിയോ വിരോധമോ ഇല്ല. യോഗ ഒരു മതവുമല്ല. എന്നാല്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വങ്ങളെ ഉള്‍ക്കൊള്ളുന്നു. യമങ്ങളുടെ ചര്‍ച്ച വരുമ്പോള്‍ പതഞ്ജലി  മുനി പറയുന്നു- ''ജാതി, ദേശകാല സമയാനവച്ഛിന്നാ സാര്‍വഭൗമാ മഹാവ്രതം''. ജാതി ദേശം കാലം സമയം ഇവയുടെ അതിരുകളില്ലാത്ത, സാര്‍വഭൗമമായ ഒരു ജീവിത പദ്ധതിയാണ്, നന്മയിലേക്കുള്ള മാര്‍ഗമാണ് യോഗ. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, രാജയോഗം, എന്നിങ്ങനെ വ്യക്തി വൈവിധ്യമനുസരിച്ച് യോഗവും വ്യത്യാസപ്പെടാം. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പല്ല ചേരുക. എല്ലാ കാര്യത്തിലുമെന്നതുപോലെ എല്ലാ യോഗ സമ്പ്രദായങ്ങളും സ്വായക്തമാക്കി തനിക്കുയോജിച്ചത് തിരഞ്ഞെടുക്കാനുള്ള പരിശ്രമം സാധകന്‍ നടത്തണം. അത് അവനെ ഉല്‍കര്‍ഷത്തിലേക്ക് നയിക്കും.janmabhumi

No comments: