Saturday, June 09, 2018

*മനസ്സാണ് പ്രപഞ്ചം *
മനസ്സാണ് സംസാരം ; മനസ്സാണ് ബന്ധം ; മനസ്സാണ് അജ്ഞാനം ; മനസ്സാണ് പ്രപഞ്ചം ; മനസ്സാണ് മായ ; മനസ്സിന്റെ കല്പനകളാണ് സുഖദുഃഖങ്ങളും ജനനമരണങ്ങളും ബന്ധമോക്ഷങ്ങളുമെല്ലാം -- അതിനാൽ അജ്ഞാനജന്യമായ മനസ്സിനെ നിയന്ത്രിയ്ക്കുകയും, അടക്കുകയും, ലയിപ്പിക്കുകയും, നശിപ്പിക്കുകയും ചെയ്യലാണ് അദ്ധ്യാത്മസാധനകൊണ്ട് സാധിയ്ക്കാനുള്ളത്. മനസ്സ് തടിയ്ക്കും തോറും അജ്ഞാനവും ബന്ധവും ദുഖവും മറ്റും വളർന്നുകൊണ്ടിരിക്കും. മനസ്സ് ക്ഷയിക്കുംതോറും അവ ചുരുങ്ങുകയും ചെയ്യും.
ഭക്തിജ്ഞാനവൈരാഗ്യങ്ങളും, യോഗവും തപസ്സും എല്ലാം മനസ്സിനെ പാകപ്പെടുത്താനും അടക്കാനുമുള്ള പലവിധ ഉപായങ്ങൾ മാത്രമാണ്. അതിനാൽ മനസ്സിന്റെ അപ്പോഴപ്പോഴുള്ള ചിന്തകളേയും വൃത്തികളേയും വിശ്വസിക്കുകയോ ലാളിക്കുകയോ അല്ല ; നിരോധിയ്ക്കുകയാണ് മഹാത്മാക്കൾ ചെയ്തിരുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വാഭാവികമായ സമാധാനവും സംതൃപ്തിയും എപ്പോഴും നിലനിന്നുകൊണ്ടിരിയ്ക്കും. സാധകന്മാരെല്ലാവരും അങ്ങിനെ ചെയ്യാൻ ശ്രമിയ്ക്കുന്നത് അഭികാമ്യമായിരിക്കും.
സമ്പൂർണമായ ഈശ്വരഭക്തികൊണ്ടുള്ള ശരണാഗതി ഉദ്ധീപ്തമായ ഇഷ്ടദേവതാഭക്തി, സുദൃഢമായ തത്വബോധം എന്നിവ കൊണ്ടും മനസ്സിനെ നിയന്ത്രിയ്ക്കുകയും അടക്കുകയും ചെയ്യാം. പ്രപഞ്ചപദാർത്ഥങ്ങളും, ലോകവ്യവഹാരങ്ങളും ജനനമരണങ്ങളുമെല്ലാം മനസ്സിന്റെ വൃത്തികൾ മാത്രമാകയാൽ മനസ്സടങ്ങിയവർക്ക്‌ അവയൊന്നും ബാധകമാവുന്നില്ലെന്നു അനുഭവം കൊണ്ടു ബോധ്യമാവും. പരമമായശാന്തിയിൽ വിശ്രാന്തിയ്ക്കും.
എല്ലാവർക്കും ആ ശാന്തി ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഓം. സ്വാമി ജ്ഞാനാനന്ദസരസ്വതി.

No comments: