ബ്രാഹ്മണരുടെ കര്‍മങ്ങള്‍ (ശമം=ഇന്ദ്രിയ നിഗ്രഹം) (ദമം=അന്തരണ നിഗ്രഹം) മുതലായവയാണ്. രജോഗുണം കൂടുതലും സത്വ തമോഗുണങ്ങള്‍ കുറഞ്ഞും ഉള്ളവര്‍ ക്ഷത്രിയന്മാര്‍. ശൗര്യം, പ്രഭാവം, യുദ്ധം മുതലായവ കര്‍മ്മങ്ങള്‍. രജോഗുണ പ്രധാനമായും, സത്വഗുണവും ചേര്‍ന്ന വിധത്തില്‍ ഉള്ളവര്‍ വൈശ്യന്മാര്‍. കൃഷി, ഗോസംരക്ഷണം മുതലായവയാണ് കര്‍മ്മങ്ങള്‍. തമോഗുണം പ്രധാനമായും രജോഗുണം കുറഞ്ഞും ഉള്ളവര്‍ ശൂദ്രന്മാരാണ്. ബ്രാഹ്മണരുടെ യജ്ഞാനുഷ്ഠാനം, വേദാധ്യയനം മുതലായ കര്‍മങ്ങള്‍ക്കും, ക്ഷത്രിയരുടെ രാജ്യഭരണം, യുദ്ധം തുടങ്ങിയ കര്‍മങ്ങള്‍ക്കും വൈശ്യരുടെ ഗോരക്ഷ, കൃഷി കച്ചവടം തുടങ്ങിയ കര്‍മ്മങ്ങള്‍ക്കും പരിചാരകന്മാരായി-തൊഴില്‍ വൃത്തി സ്വീകരിച്ചവരായി-ജീവിതം നയിക്കുക എന്നതാണ് ശൂദ്രരുടെ കര്‍മ്മങ്ങള്‍. ഇപ്രകാരം- -'ഗുണകര്‍മ്മ വിഭാഗശഃ'- ത്രിഗുണങ്ങളെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങളെയും സൃഷ്ടിയുടെ ആരംഭത്തില്‍ ഞാന്‍ ആണ് ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചത് എന്ന് അറിഞ്ഞാലും എന്ന് അര്‍ജ്ജുനനോട് പറയുന്നു. ഉടനെ പറയുന്നു. വിദ്ധി, അകത്താരം അവ്യയം ഈ ചാതുര്‍വര്‍ണ്യത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവ് ഞാനല്ല എന്നും അറിയണം. എങ്ങനെ ഈ വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു ഉദാഹരണത്തിലൂടെ ആചാര്യന്മാര്‍ വ്യക്തമാക്കുന്നു: മഴ മൂലമാണ്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മഴയാണ് ഭൂമിയില്‍, വൃക്ഷങ്ങളെയും സസ്യങ്ങളെയും മുളപ്പിക്കുന്നതും വളര്‍ത്തുന്നതും. ഒരു സംശയവുമില്ല. പക്ഷേ ചില വൃക്ഷങ്ങള്‍ ഫലമായുള്ളവയും ചിലത് ഫലമില്ലാത്തവയുമാണ്. അതുപോലെ ചില മരങ്ങള്‍ തടിയും പടര്‍ന്ന് പന്തല്‍ പോലെയും, മറ്റു ചിലത് നേരിയ തടിയോടുകൂടിയും കൊമ്പുകളില്ലാതെയും വളരുന്നു. ചില സസ്യങ്ങള്‍ മുള്ളുള്ളവയും. മുള്ളില്ലാത്തവയുമുണ്ട്. സസ്യങ്ങള്‍ വിഷമുള്ളതും വിഷമില്ലാത്തതും ആണല്ലോ. ഈ വിഷയ സ്വഭാവം ഉണ്ടാവുന്നത് മഴമൂലമാണോ? അല്ല. വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വിത്തുകളുടെ സ്വഭാവം അനുസരിച്ചാണ്. അതുപോലെ, പ്രപഞ്ചത്തിന്റെ കര്‍ത്താവ് ഭഗവാനാണ്. പക്ഷേ, വ്യത്യസ്ത സ്വഭാവ സ്വരൂപങ്ങള്‍ മായയുടെ-പ്രകൃതിയുടെ-സൃഷ്ടിയുമാണ്. അവ്യയം അകര്‍ത്താരം വിദ്ധി ഭഗവാന്‍ അവ്യയനാണ്. ഒന്നും ചെയ്യുന്നില്ല. കര്‍ത്താവാണ്, ഭോക്താവാണ് എന്ന ഭാവവുമില്ല. വ്യവസായ സ്ഥാപനത്തിന്റെ ഉടമ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല. മാനേജരും കീഴ് ഉദ്യോഗസ്ഥരും ആണ് എല്ലാം ചെയ്യുന്നത്. എല്ലായിടത്തും ഉടമയുടെ മേല്‍നോട്ടം ഉണ്ട്. ഭഗവാന്‍ വീക്ഷിക്കുന്നു. മായയും ഗുണങ്ങളും പ്രവൃത്തിക്കുന്നു.
janmabhumi
janmabhumi
No comments:
Post a Comment