Saturday, June 16, 2018

യഥാവ്രജ ഗോപികാനാം

ഭക്തി പരമപ്രേമരൂപമാണ് എന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞിരുന്നു. പ്രേമഭക്തിയെ സ്മരിക്കുമ്ബോള്‍ ആര്‍ക്കും ആദ്യം ഓര്‍മയില്‍ വരിക ഗോപിമാരുടെ പ്രേമത്തെക്കുറിച്ചാണ്. വ്രജത്തിലെ ഗോപികമാരുടേതു പോലെയുളള പ്രേമഭക്തിയിലേക്കെത്തണം എന്നാണ് ശ്രീനാരദര്‍ ഉപദേശിക്കുന്നത്.
ഒരിക്കല്‍ പോലും ഭഗവാനെ വേര്‍പിരിയാനാവാത്ത വിധം ഭഗവത് പ്രേമത്തില്‍ ലയിച്ചവരായിരുന്നു വ്രജഗോപികമാര്‍. തങ്ങള്‍ക്കുളളതെല്ലാം ഭഗവാനിലേക്കു സമര്‍പ്പിക്കാന്‍ ബദ്ധശ്രദ്ധരായിരുന്നു അവര്‍. പല ഘട്ടങ്ങളിലും ഭഗവാന്‍ ഗോപീ-ഗോപന്മാരെയെല്ലാം രക്ഷിച്ചത് അവര്‍ നേരിട്ടനുഭവിച്ചതാണ്. പലതും കേട്ടറിവുമുണ്ട്. ഏഴാം വയസ്സില്‍ ഗോവര്‍ദ്ധന പര്‍വ്വതം ഇടങ്കയ്യാല്‍ ഉയര്‍ത്തി എല്ലാ വൃന്ദാവനവാസികളെയും രക്ഷിച്ചത് ആ സംഭവം അനുഭവിച്ച ആര്‍ക്കും വിസ്മരിക്കാനാവില്ല. അതോടെ അവരുടെ സമര്‍പ്പണ ബുദ്ധി പൂര്‍ണതയിലേക്കടുത്തു.
സമുദ്രത്തില്‍ മുങ്ങിപ്പോയ വ്രജനാഥനായ നന്ദഗോപനെ സമുദ്രത്തില്‍ പോയി രക്ഷിച്ചു കൊണ്ടു വന്ന സംഭവവും കൂടിയായപ്പോള്‍ ആ സമര്‍പ്പണ ബുദ്ധി പൂര്‍ണതയിലേക്കൊഴുകി. അരിഷ്ടവധത്തിലൂടെ അവരുടെ എല്ലാ അരിഷ്ടതകളും ഭഗവാന്‍ മാറ്റിയപ്പോള്‍ മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയെല്ലാം ശരീര സമര്‍പ്പണത്തിന്റെയും ആവശ്യം എടുത്തുകാട്ടി. മനസ്സില്‍ അഹങ്കാരം നശിച്ചുകഴിഞ്ഞാല്‍ പിന്നെ ശരീരത്തിന് മാത്രമായി നിലനില്‍പില്ല. ബാല്യത്തില്‍ തന്നെ ശ്രീകൃഷ്ണന്‍ ചെയ്ത ലീലകളില്‍ അവര്‍ ആനന്ദഭരിതരായി.
ഭഗവാന്റെ പുല്ലാങ്കുഴല്‍ നാദം കേട്ടാല്‍ പിന്നെ എല്ലാം മറന്ന് ഭഗവാനിലേക്കു ലയിക്കാനുളള ത്വരയായി. ഭാര്യാ-ഭര്‍തൃബന്ധവും മാതൃപുത്ര വാല്‍സല്യവുമെല്ലാം ഈ ഭഗവത് പ്രേമത്തില്‍ ലയിക്കും. എല്ലാ ബന്ധവും ഭഗവത് പ്രേരിതമായിക്കാണും. എല്ലാ പ്രേമവും ഭഗവത് പ്രേമം തന്നെയെന്ന് തിരിച്ചറിയുന്ന ഘട്ടമാണ് തുടര്‍ന്നങ്ങോട്ട്.
ഭഗവാന്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പലവട്ടം വായിക്കാന്‍ ഇഷ്ടപ്പെട്ട ഭാഗമാണ് ഭാഗവതത്തിലെ രാസപഞ്ചാധ്യായി.
പൂന്താനത്തിന്റെ ഭാഗവത പാരായണത്തിലും രാസപഞ്ചാധ്യായി പലവട്ടം ആവര്‍ത്തിക്കേണ്ടി വന്ന ഭഗവത് പ്രേരണയും പ്രസിദ്ധമാണ്. ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണന്‍ ബുദ്ധിസത്തമനായ ഉദ്ധവരെ വൃന്ദാവനത്തിലേക്കുപറഞ്ഞയയ്ക്കുന്ന ഭാഗം ഭാഗവതത്തില്‍ വിവരിക്കുന്നുണ്ട്. ഗോപികമാരെ ആശ്വസിപ്പിക്കാനെന്ന മട്ടിലാണ് ഉദ്ധവരെ അയക്കുന്നത്. വൃന്ദാവനത്തില്‍ ചെന്ന് ഗോപികമാരുമായി സംസാരിച്ചപ്പോള്‍ അവരുടെ പ്രേമത്തില്‍ ഉദ്ധവര്‍ അതിശയിച്ചുപോയി.
ഞങ്ങള്‍ക്ക് ഭഗവത് വിയോഗം ഉണ്ടായിട്ടില്ല. പിന്നെയെന്തിനായാണ് ആശ്വാസവചനങ്ങള്‍ എന്നായിരുന്നു ഗോപികമാരുടെ ഭാഷ്യം. ഇതുകേട്ട് ഉദ്ധവര്‍ അവരുടെ ഭക്തിയില്‍ ലയിച്ചുപോയി.
"വന്ദേ നന്ദ വ്രജ സ്ത്രീണാം പാദരേണു" എന്നു പറഞ്ഞ് ഗോപികമാരുടെ പാദത്തില്‍ നിന്നു വീണ ധൂളികളെ ഉദ്ധവര്‍ നമസ്കരിച്ചു. ഇവരുടെ പ്രേമഭക്തി ആസ്വദിക്കാന്‍ ഭഗവാന്‍ അവസരം തന്നതില്‍ ഭഗവാനോട് ഏറെ നന്ദിയുളളവനായി...janmabhumi

No comments: