Tuesday, January 01, 2019

ഭഗവദ് ഗീതയിലെ ലോകോക്തികൾ (12)
[ 'ക്ഷുദ്രം ഹൃദയ ദൗർബ്ബല്യം ത്യക്തോത്തിഷ്ഠ പരന്തപ'
(2)]
# മനസ്സിൽ വികാരങ്ങൾ തിരതള്ളി വരുമ്പോൾ വൈചാരിക ഇടപെടൽ സാധിക്കാതെ പോവുന്നു. വികാരാവേശത്തിൽ പലതും പറഞ്ഞു പോവും, ചെയ്തു പോവും. ക്രമേണ വൈകാരിക നിയന്ത്രണം സാധിച്ചെടുക്കുമ്പോഴേക്കും കാര്യങ്ങൾ പരമാബദ്ധമായി പരിണമിച്ചിരിക്കും.
@ പ്രശ്നത്തിന്റെ പ്രകൃതം മനസ്സിലായിട്ടുണ്ടെന്നത് ഇവിടെ ആശ്വാസകരമായ വസ്തുതയാണ്. വന്നു പോയ അനുഭവങ്ങളിൽ നിന്നും, വീഴ്ചകളിൽകളിൽ നിന്നും പാഠം പഠിക്കാൻ തീരുമാനിക്കണം. വൈകാരിക ആവേശങ്ങൾ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങളുടെ തീവ്രത വിലയിരുത്തണം. മേലിൽ ഓരോ പ്രാവശ്യവും വൈകാരിക പ്രശ്ന സങ്കീർണ്ണതകളിൽ നിന്നും പുറത്തു കടക്കാനും സോത്സാഹം വിചാര വിവേക പരിസരത്തിലേക്ക് പ്രവേശിക്കാനും ശ്രദ്ധിക്കുമെന്ന് തീരുമാനിക്കണം.
ഓരോരുത്തരുടേയും പ്രകൃതം അനുസരിച്ച് വൈകാരിക (ക്ഷുദ്രമായ ഹൃദയ ദൗർബ്ബല്യം/ക്ലൈബ്യാസ്ഥ ) നിയന്ത്രണത്തിന് ഒരു സംവിധാനം (methodoIogy ) കണ്ടെത്തിവെക്കാൻ സാധിക്കും. (നാമ ജപം, പ്രാണായാമം, ഗാനാലാപനം /ഗാന ശ്രവണം, വായന, പ്രകൃതി നിരീക്ഷണം etc...) അതാത് സമയത്ത് അഭ്യസിച്ച് ശീലിച്ച പ്രകാരത്തെ അനുസരിച്ച് വൈകാരിക അവസ്ഥകളിൽ ഇടപെടാവുന്നതാണ്. അപ്പോൾ വലിയ അബദ്ധങ്ങളിലേക്ക് തെന്നിപ്പോവില്ല. പിന്നീട് സാവകാശം വിചാരാനുസരണം കാര്യങ്ങൾ പുനഃ ക്രമീകരിക്കാൻ സാധിക്കും. വൈകാരിക ഊർജ്ജ സാധ്യതയെ കുശലതയോടെ വഴി തിരിച്ചെടുത്ത് പ്രയോജനപ്പെടുത്താൻ കഴിയുന്നത് ഏവർക്കും അഭ്യസിച്ചുറപ്പിക്കാവുന്ന ഒരു കലയാണ്. വികാര സമ്മർദ്ദങ്ങളിൽപ്പെട്ടാലും, ജാഗ്രതയും അഭ്യാസ നിഷ്ഠയും ഉള്ളവർക്ക് ഏതാനും നിമിഷങ്ങൾ കൊണ്ട് വൈകാരിക വിഭ്രമങ്ങളിൽ നിന്ന് വിവേക ഭദ്രതയിലേക്ക് കളം മാറിച്ചവിട്ടാൻ സാധിക്കും.
# ഭൂതകാലത്തിൽ ആർജ്ജിച്ച അനുഭവങ്ങളിൽ നിന്നുമാണ്
ബുദ്ധിവൈഭവവും [ വൈചാരികം ] ഉരുത്തിരിഞ്ഞു വരുന്നതെങ്കിൽ ബുദ്ധിയുടെ ഇടപെടൽ എങ്ങിനെ ശരിയെന്ന് വിലയിരുത്തും? ബുദ്ധിയുടെ നിഗമനങ്ങളും പിഴക്കാൻ സാധ്യതയില്ലേ?
@ അനുഭവങ്ങൾ സമ്മാനിക്കുന്ന ബോധ്യങ്ങൾക്ക് പരിമിതിയുണ്ടായിരിക്കുമെന്നതിൽ സംശയമില്ല. വ്യക്തികളുടെ ഗ്രാഹക ശേഷിക്കും (grasping capacity) വ്യത്യാസമുണ്ടായിരിക്കും. എന്നാൽ ബുദ്ധിപരമായ ജാഗ്രത പുലർത്തുവരുടെ കാര്യത്തിൽ താരതമ്യേന പിഴവുകൾ കുറയും എന്ന് നിരീക്ഷിക്കാം. അവർ ബൗദ്ധീക പ്രതിബദ്ധത (intellectual Commitment) കൊണ്ട് ജീവിതത്തിൽ ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്ക് പുരോഗമിച്ചു കൊണ്ടിരിക്കും. (ഇവിടെ ശരിയെന്നതുകൊണ്ട് ശാന്തിയിലേക്ക്, സന്തോഷത്തിലേക്ക്, സഫലമായ സർഗ്ഗാവിഷ്കാരത്തിലേക്ക് പുരോഗമിക്കുന്നുവെന്നർത്ഥം)
ബുദ്ധിവൈഭവത്തെ സുശിക്ഷിതവും , സർഗ്ഗസമ്പന്നവും( Well trained & creative) ആക്കിയെടുക്കാൻ നിരന്തരം സത്സംഗങ്ങളിലും, ശാസ്ത്ര പഠനത്തിലും മുഴുകണമെന്നുള്ളതും ഓർമ്മിക്കാം.
# സൃഷ്ടിയിൽ അപൂർണ്ണതയും, വൈവിധ്യവുമുണ്ട്. ബാഹ്യ സൃഷ്ടി വൈവിധ്യവുമായുള്ള സമ്പർക്കം മനുഷ്യമനസ്സിൽ വിചാര-വികാര അലകൾ ഉണ്ടാക്കും. അവയെ വിവേകപൂർണ്ണം വിലയിരുത്തി വികാരാവേശങ്ങളെ ഉദാത്ത കലകളിലൂടെ പ്രകടിപ്പിക്കുന്നത് ഉചിതമായിരിക്കില്ലേ ? പല പ്രകാരം കലാവിഷ്ക്കാരം നിർവ്വഹിക്കുമ്പോൾ കലാകാരന്മാരും അത് ആസ്വദിക്കുന്നവരും വളരുമല്ലോ. കലാവിഷ്കാര- ആസ്വാദന യാത്രയിൽ സത്യാന്വേഷണവും ജന്മസാഫല്യവും ഉറപ്പാക്കപ്പെടുമെന്നു കരുതുന്നു.
@ ഈ നിരീക്ഷണം ഹൃദ്യമാണ്, ആഴമുള്ളതാണ്. മനസ്സിന്റെ വൈകാരിക പരിണതികളെ ശപിക്കാതെ വൈചാരികവും, ഭാവനാത്മകവുമായ ബുദ്ധിവൈഭവത്തിന്റെ ബോധ്യങ്ങളോട് ഇണക്കി നിർത്താൻ കഴിയണം. ഇപ്രകാരം സജ്ജമാക്കിയ വൈകാരിക സമ്പത്തിനെ കലാവിഷ്ക്കാരങ്ങളാക്കി ഉദാത്തീകരിക്കുന്നത് (Sublimate) ഏവർക്കും ഗുണം ചെയ്യും. കലാവിഷ്ക്കാരപ്പട്ടികയിൽ സംഗീതം, സാഹിത്യം, നൃത്തം, ശില്പ നിർമ്മാണം, അഭിനയം തുടങ്ങി എല്ലാം ഉൾപ്പെടുത്തണം. സത്യ- ശിവ- സുന്ദരമായ പ്രപഞ്ച ആധാര സത്തയെ സാക്ഷാത്ക്കരിച്ച് ജന്മസാഫല്യം നേടാൻ കലാ സപര്യ (Persuation) സഹായിക്കും.
(തുടരും ....)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: