ഏഷ ബ്രഹ്മൈഷ ഇന്ദ്ര: ഏഷ പ്രജാപതി രേതേ സര്‍വേ ദേവാ ഇമാനി ച പഞ്ചമഹാഭൂതാനി പൃഥിവീ വായുരാകാശ ആപോ ജ്യോതീംഷീത്യേതാനീമാനി ച ക്ഷുദ്രമിശ്രാണീവ ബീജാനി ഇതരാണി ചേതരാണി ചാണ്ഡജാനി ച ജാരുജാനി ച സ്വേദജാനി ചോദ്ഭിജ്ജാനി ചാശ്വാ ഗാവ: പുരുഷാ ഹസ്തിനോ യത് കിഞ്ചേദം പ്രാണി ജംഗമം ച പതത്രി ച യച്ച സ്ഥാവരം സര്‍വ്വം തത് പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം
അപരബ്രഹ്മം പ്രജ്ഞാനരൂപമായ ഈ ആത്മാവാകുന്നു. ഇത് ഇന്ദ്രനാകുന്നു. ഇത് പ്രജാപതിയാകുന്നു. അഗ്‌നി മുതലായ എല്ലാ ദേവന്‍മാരും ഇവനാകുന്നു.ഭൂമി, വായു, ആകാശം, വെള്ളം, അഗ്‌നി എന്നീ പഞ്ചമഹാഭൂതങ്ങളും ക്ഷുദ്രജീവികള്‍ ഉള്‍പ്പെടെയുള്ളവരും വേറെ വേറെയായുള്ള കാരണങ്ങളും മുട്ട വിരിഞ്ഞുണ്ടാകുന്ന പക്ഷികള്‍ മുതലായവയും പ്രസവിച്ചുണ്ടാകുന്ന മനുഷ്യര്‍ മുതലായവയും വിയര്‍പ്പില്‍ നിന്ന് ഉണ്ടാകുന്ന പേന്‍ മുതലായവയും
ഭൂമിയില്‍ നിന്ന് പൊട്ടി മുളച്ചുണ്ടാകുന്ന വൃക്ഷങ്ങള്‍ മുതലായവയും കുതിരകളും പശുക്കളും പുരുഷന്‍മാരും ആനകളും എന്നല്ല നടക്കുന്നതായോ പറക്കുന്നതായോ എന്തൊക്കെയുണ്ടാ ഇളകാത്തതായും ഉളള ജീവിവര്‍ഗങ്ങള്‍ എല്ലാം തന്നെ പ്രജ്ഞയെന്ന കണ്ണിനാല്‍ നയിക്കപ്പെടുന്നതും പ്രജ്ഞാനത്താല്‍ പ്രതിഷ്ഠിതവുമാണ്
എല്ലാ ജഗത്തിനേയും നയിക്കുന്നത് ബ്രഹ്മമാണ് . എല്ലാം അവയുടെ ഉല്‍പ്പത്തി സ്ഥിതിലയ കാലങ്ങളില്‍ ബ്രഹ്മത്തില്‍ തന്നെ പ്രതിഷ്ഠിതമായിരിക്കുന്നു. സൂര്യന്‍ വെള്ളം നിറഞ്ഞ പാത്രങ്ങളില്‍ പ്രതിബിംബിക്കുന്നതു പോലെ സര്‍വ ശരീരങ്ങളിലും കാണുന്ന പ്രാണരൂപിയായ അപരബ്രഹ്മം ഈ പ്രജ്ഞാനമാണെന്നറിയണം. ഇദം പശ്യതി എന്നതിനാല്‍ ഇന്ദ്രന്‍ അഥവാ ദേവരാജനുമാണ്. പ്രഥമ ജനായ ശരീരിയായതിനാലാണ് ഇതിനെ പ്രജാപതി എന്നു വിളിച്ചത്. പ്രജാപതിയില്‍ നിന്നുണ്ടായ ദേവന്‍മാരും ഈ ആത്മാവാണ്. ആകാശം മുതലായ പഞ്ചഭൂതങ്ങളിലും കൊതുക് തുടങ്ങിയ നിസ്സാര ജീവികളിലും ഈ ആത്മാവ് തന്നെ. വിവിധ ജീവജാലങ്ങളായതും ഇതാണ്. ഇങ്ങനെ ലോകം മുഴുവന്‍ പ്രജ്ഞാനത്താല്‍ നയിക്കപ്പെടുന്നു.
എല്ലാറ്റിനും ഉണ്മ ഉണ്ടാകുന്നത് പ്രജ്ഞാനം കൊണ്ടാണ്.
പ്രജ്ഞാനേത്രോ ലോക: പ്ര ജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ
ലോകം പ്രജ്ഞയാകുന്ന നേത്രത്തോടു കൂടിയതാകുന്നു. പ്രജ്ഞ എല്ലാ ജഗത്തിനും പ്രതിഷ്ഠയാകുന്നു. പ്രജ്ഞാനം ബ്രഹ്മമാകുന്നു.
ലോകം പ്രജ്ഞയാലാണ് നയിക്കപ്പെടുന്നത്. പ്രജ്ഞാ നേത്രം എന്നാല്‍ പ്രജ്ഞയാകുന്ന കണ്ണോടു കൂടിയത്. കണ്ണ് നമ്മെ മുന്നോട്ട് നയിക്കുന്നതു പോല എല്ലാം പ്രജ്ഞകൊണ്ടാണ് നടക്കുന്നത്.
പ്രജ്ഞയാണ് എല്ലാറ്റിന്റേയും ആശ്രയം. അതിനാല്‍ പ്രജ്ഞാനം ബ്രഹ്മമാണ്.
വേദാന്തത്തിലെ നാല് മഹാവാക്യങ്ങളില്‍ ഒന്നാണ് പ്രജ്ഞാനം ബ്രഹ്മ. ഇതിനെ നിര്‍വചന വാക്യം എന്നാണ് പറയുക. എന്താണ് ബ്രഹ്മം എന്ന് ചോദിച്ചാല്‍ ഉത്തരം പ്രജ്ഞ അഥവാ പ്രജ്ഞാനമാണ് ബ്രഹ്മം എന്ന് നിര്‍വചിക്കാം. തുടര്‍ന്ന് അതിനെ ഉപദേശിക്കാന്‍ 'തത്വമസി'യും അനുസന്ധാനം ചെയ്യാന്‍ ' അയ മാത്മാ ബ്രഹ്മ ' യും അനുഭവമായി 'അഹം ബ്രഹ്മാസ് മി' മഹാവാക്യങ്ങളും പറയുന്നു. തത്വമസി മഹാവാക്യത്തിലെ തത് പദത്തിന്റെ ലക്ഷാര്‍ത്ഥത്തെയാണ് ഇവിടെ വിവരിച്ചത്.
janmabhumi
No comments:
Post a Comment