Wednesday, January 02, 2019

*ശ്രീമദ് ഭാഗവതം19*

ഒരാളെ കുത്താ കൊല്ല്വാ തീവ്രവാദം ചെയ്യാ ബോംബ് വെയ്ക്കാ ഇതൊക്കെ എളുപ്പംള്ള കാര്യാണോ. പക്ഷേ മെനക്കെട്ടു ചെയ്യും. ഭാഗവതം കേൾക്കണപോലെ എളുപ്പാണോ അത്. ഇതിനേക്കാളും എത്രയോ വിഷമമാണ്. എന്നാലും പ്രയത്നേന സമാചരന്തി. വ്യാസഭഗവാൻ പറയുന്നത് പ്രയത്നപ്പെട്ട് മെനക്കെട്ടു ചെയ്യണൂന്നാണ് പാപം. അപ്പോ വ്യാസന് ദുഖം വരാതിരിക്ക്വോ. വിഷമമായി
അദ്ദേഹത്തിന്. ശരി. മഹാഭാരതം എഴുതി .എന്തിനാച്ചാൽ ഭഗവദ് ഗീത പെട്ടെന്നങ്ങട് എല്ലാർക്കും പിടി കിട്ടില്ല്യ. അപ്പോ കുറേ കഥകളൊക്കെ പറഞ്ഞ് കൗരവര് പാണ്ഡവര് യുദ്ധം കൂടി അതൊക്കെ പറഞ്ഞിട്ട് ഗീത പറയാൻ വേണ്ടിയാ ഭാരതം എഴുതിയത്. അല്ലാതെ ഭാരതത്തിലെ ഒരു ഭാഗംല്ല ഗീത. ഭാരതം വ്യാസഭഗവാൻ എഴുതിയതിന്റെ ഉദ്ദേശം തന്നെ ഗീതയിലൂള്ള തത്വം എല്ലാർക്കും എങ്ങനെ എങ്കിലും കിട്ടണം. അതിന് കുറേ കഥകള് പറഞ്ഞു. അവസാനം ഇപ്പൊ എന്തായി. ഗീത ഒന്നും ആരും ശ്രദ്ധിക്കില്ല്യ. മാത്രമല്ല മഹാഭാരതം വീട്ടില് വെയ്ക്കാൻ പാടില്ല്യ യുദ്ധം വരും ശണ്ഠ കൂടും എന്നൊക്കെ പ്രചരിപ്പിക്കാനും തുടങ്ങി. വ്യാസന് തോന്നി മഹാഭാരതം എഴുതീട്ടും ആളുകൾ ഭഗവാന്റെ അടുത്ത് തിരിയണില്ലല്ലോ.  എന്താ കാരണം. ഞാൻ ഇത്രയധികം എല്ലാവർക്കും മനസ്സിലാവണം ന്ന് പറഞ്ഞ് എഴുതി. എന്തുകൊണ്ട് ഈ ജനങ്ങൾ മനസ്സിലാക്കിയില്ല്യ.

അങ്ങനെ ഇരിക്കുമ്പഴാണ് ശ്രീ നാരദമഹർഷി വ്യാസാശ്രമത്തിലേക്ക് വരണത്.  ശ്രീനാരദൻ പറഞ്ഞു. വ്യാസരേ,
 യഥാ ധർമ്മാർഥയശ്ചാർദ്ധാ:
തഥാ വാസുദേവസ്യ മഹിമാ ഹി അനുവർണ്ണിതാ:
ധർമ്മത്തിനേയും അർത്ഥത്തിനേയും കുറിച്ച് അവിടുന്ന് എത്ര കണ്ടു പറഞ്ഞുവോ അത്ര കണ്ട് വാസുദേവ മഹിമ ഭഗവദ് മഹിമ പറഞ്ഞില്ല. ഈ വിശ്വം തന്നെ ഭഗവാന്റെ മഹിമയാണ്. ഭഗവദ് തത്വം പറഞ്ഞിട്ടില്ലെങ്കിൽ മനസ്സിന് എവിടെ ശാന്തി കിട്ടും. ഭഗവദ് തത്വം പറയാതെ മറ്റെന്തെങ്കിലും പറഞ്ഞാൽ അതില് പോയി മനസ്സ് പിടിക്കും. ഭഗവാനല്ലാത്ത വേറെ എന്തെങ്കിലുമൊക്കെ പറയണമെന്ന് ഉദ്ദേശിച്ചാൽ പോലും പറയരുതെന്നാണ് നാരദൻ പറയണത്.

നാടു നന്നാക്കി കളയാം എന്നൊന്നും ധരിച്ച് പോകരുത്. ധർമ്മത്തിനെ കുറിച്ച് പോലും പോലും പറയരുതെന്നാണ് നാരദൻ പറയണത് . ജുഗുപ്സിതം ധർമ്മകൃതേ ശാസത: ഒരു വലിയ ശാസന ആണ്. ആളുകളുടെ അടുത്ത് ധർമ്മിഷ്ഠരായിരിക്കൂ ഇന്നത് ചെയ്യൂ ഇന്നത് ചെയ്യാൻ പാടില്ല്യ എന്ന് പറഞ്ഞാൽ എന്താ തെറ്റ്. എന്താച്ചാൽ ഈ പറയുന്ന ഞാൻ ധരിക്കുന്നു ഞാൻ അതിലൊക്കെ ഉയർന്ന ആളാണെന്ന്. രണ്ടാമത് നിങ്ങൾക്കൊക്കെ കർതൃത്വവും സ്വാതന്ത്യവും ഉണ്ടെന്നും ഞാൻ ധരിച്ച് പോകും. എന്നിട്ട് നിങ്ങളോട് ഇന്നത് ചെയ്യൂ ഇന്നത് ചെയ്യാൻ പാടില്ല്യ എന്നും ഞാൻ പറയണു. അങ്ങനെ പറയണത് കൊണ്ട് ഈ ലോകം നന്നാകുമായിരുന്നെങ്കിൽ എന്നേ നന്നായി പോയേനെ. എത്ര ആളുകള് do's and don't's  ഒക്കെ എഴുതി .

ഈ ബൗദ്ധന്മാരുടെ ഇടയിൽ ആദ്യം ബുദ്ധൻ  ചില ആദർശങ്ങൾ വെച്ചു. അതിനുശേഷം വന്ന ബുദ്ധസന്യാസികൾ അറുപത്   നിയമങ്ങൾ എഴുതി. സന്യാസികൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും. പിന്നീട് വന്ന സാധുക്കൾ ഇരുനൂറ്റി അമ്പത് നിയമങ്ങളാക്കി. പിന്നീട് വന്നവര് രണ്ടായിരത്തിന് മേലെ ആക്കി. ഇപ്പൊ എഴുപത്തയ്യായിരം നിയമങ്ങളുണ്ടത്രേ അതില്. ഇതാര് പഠിക്കും ആര് ചെയ്യും ഓരോ നിയമത്തിനു ഓരോ ലൂപ് ഹോൾ ണ്ടാക്കും. ഈ നിയമം ഒക്കെ പഠിച്ചിട്ടാണോ ബുദ്ധൻ ബുദ്ധനായത്. അതുകൊണ്ട് നാരദർ വ്യാസരോട് പറഞ്ഞു. നാരദരേ ഇന്നത് ചെയ്യാ ഇന്നത് ചെയ്യാൻ പാടില്ല്യ എന്ന് അങ്ങ് ധാരാളം മഹാഭാരതത്തിൽ പറഞ്ഞു കഴിഞ്ഞു. അതൊക്കെ കണ്ടു.അതുകൊണ്ട് അതു മതി. ഇനി അതൊന്നും പറയേണ്ട. ഭഗവാനെ കുറിച്ചല്ലാതെ ഒന്നും മിണ്ടരുത്.

ഭഗവദ് കഥ പറയാ. ഭഗവദ് തത്വം(ഭഗവാന്റെ ഉപദേശങ്ങൾ) പറയാ. ഭഗവാനെ സ്തുതിക്കാ. ഈ മൂന്നെണ്ണമാണ് ഭാഗവതത്തിൽ.
ഈ ഉപദേശത്തിലേക്ക് പോകാൻ വളരെ വിഷമമാ. ഈ കുട്ടീം കോലും കളിക്കണ പോലെയാ. പുള്ള് ചോട്ടില് വെച്ച് ഒരടി കൊടുക്കും. കുറച്ച് കഴിഞ്ഞാൽ പുള്ള് കുറച്ച് ദൂരത്തേയ്ക്ക് പോയി. അല്പം ഉയർന്നിട്ട് ഒരടി കൊടുത്താൽ നേരേ മൂകളിലേക്ക് പോകും.ല്ലേ. അതേപോലെ ഭഗവാന്റെ ഈ കഥകൾ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് മനസ്സൊന്ന് ഉയർന്നാൽ ഭഗവാനെ സ്തുതിക്കാൻ പറ്റും.

സ്തുതികൊണ്ട് അല്പം കൂടെ ഉയർന്നാൽ ഏകാദശത്തിൽ പറയണ വേദാന്തവും ആത്മതത്വവും ഒക്കെ നമുക്ക് അനുഭവിക്കാൻ പറ്റും. അപ്പോ അതുകൊണ്ട് നാരദർ പറഞ്ഞു കഥകൾ പറയണം ആരുടെ കഥകളാ ഭഗവാന്റെ കഥകളേക്കാളും കൂടുതൽ ഭക്തന്മാരുടെ കഥകൾ പറയണം. എന്താച്ചാൽ ഭഗവാന്റെ കഥയൊക്കെ പറഞ്ഞാൽ അതുകേട്ട് നമുക്ക് ആശ്ചര്യപ്പെടാം നമുക്ക് ഭക്തി ചെയ്യാം. പക്ഷേ ഭക്തന്മാരുടെ കഥകളൊക്കെ പറഞ്ഞാൽ നമുക്കതുമായി ഒരു താദാത്മ്യ ഭാവം വരും. ചിലതൊക്കെ നമ്മുടെ ദൗർബല്യം. ചില കഥകളോ നമുക്ക് വഴികാട്ടി ആയിട്ടിരിക്കണു. നമ്മളെ പോലെയുള്ള ഭക്തന്മാരെ അതില് നമുക്ക് കാണാം.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: