Wednesday, January 16, 2019

*ശ്രീമദ് ഭാഗവതം33*

ലളിതഗതിവിലാസവല്ഗുഹാസ-
പ്രണയനിരീക്ഷണകല്പിതോരുമാനാ:
കൃതമനുകൃതവത്യ ഉന്മദാന്ധാ:
പ്രകൃതിമഗൻ കില യസ്യ ഗോപവധ്വ:(ഭീഷ്മസ്തുതി തുടർച്ച...)

ആ വീരഭാവം പോയി ഭഗവാൻ മധുരഭാവത്തിലേക്ക് വന്നു. ആ ഗോപികകൾ തന്നെ പറയണു. ഞങ്ങളെ ഒക്കെ ഇവൻ പാട്ടിലാക്കീ എന്ന്. ഇവന്റെ ലളിതമായിട്ടുള്ള പെരുമാറ്റവും പ്രണയത്തോടുകൂടിയുള്ള നിരീക്ഷണം ഇതുകൊണ്ടൊക്കെ ഉന്മാദം പിടിച്ചതായ ആ ഗോപികകൾ ഇവൻ ചെയ്യുന്നതൊക്ക അനുകരിച്ചു.

കൃതമനുകൃതവത്യ ഉന്മദാന്ധാ:

അങ്ങനെ  ഉന്മാദം പിടിച്ച് ഇവന്റെ പുറകേ നടന്ന അവർക്കെന്താ പറ്റിയത്. അവരൊക്കെ ജ്ഞാനികളായിട്ട് തീർന്നു.
പതുക്കെ രാജസൂയയാഗവേളയിൽ ഭഗവാനെ അഗ്രാസനത്തിൽ ഇരുത്തി പൂജ ചെയ്ത് ആ മധുര ഭാവം വന്നു.

ഇങ്ങനെ സ്തുതിച്ച്   ഭീഷ്മരുടെ  മനസ്സ് പൂർണ്ണമായും അടങ്ങി. ഏതൊന്നിനെ ഉപനിഷത്തുകളൊക്കെ തത്പദവാച്യമായ ബ്രഹ്മം ആയി പറയുന്നുവോ അതിനെ തന്നെ തന്റെ ഉള്ളിൽ 'ഞാൻ' 'ഞാൻ' എന്നുള്ള അനുഭവമായി ഐക്യരൂപേണ ഭീഷ്മർ അനുഭവിച്ചു.

തം ഇമം അഹം അജം ശരീരഭാജാം
ഹൃദി ഹൃദി ധിഷ്ഠിതമാത്മകല്പിതാനാം.

ഏതൊന്ന് ഞാൻ ഞാൻ എന്ന് ഹൃദയത്തിൽ അനുഭവിക്കുന്നുവോ അത് തന്നെ ആണ് ഇത്. ഏതൊന്നിനെ 'അത് ' എന്ന് ശ്രുതി പറയണുവോ അത് തന്നെ 'ഇത്' .ആ ഇത് തന്നെ എന്റെ ഉള്ളിൽ ഞാൻ ഞാൻ എന്ന് അനുഭവിക്കണു. എന്റെ ഉള്ളിൽ മാത്രം ആണോ.

ഹൃദി ഹൃദി ധിഷ്ഠിതം
ഓരോരുത്തരുടെ ഹൃദയത്തിലും .

എങ്ങനെയാ ഒരേ വസ്തു ഓരോരുത്തരുടെ ഹൃദയത്തിലും?

പ്രതിദൃശമിവ നൈകധാഽർക്കം  ഏകം .
ആകാശത്തിലിരിക്കണ ഒരു സൂര്യനെ അനേകം പേർ കണ്ണ് കൊണ്ട് കാണും. ഒരേ സൂര്യൻ പത്തു കുടത്തിൽ വെള്ളം കൊണ്ട് വെച്ചാൽ പത്തു കുടത്തിലും പ്രതിബിംബിക്കും. അതേ പോലെ ഏകവും അദ്വയവുമായ ഒരേ ഒരു ബ്രഹ്മം ഓരോ ശരീരത്തിന്റെ ഉള്ളിലും ഞാൻ ഞാൻ ഞാൻ എന്ന അനുഭവരൂപത്തിൽ ജീവാത്മാവായി

ചിത്പ്രതിബിംബോലക്ഷണോജീവ: ഓരോ ചിത്തത്തിലും ചിത്പ്രതിബിംബരൂപത്തിൽ ഞാൻ എന്നുള്ള അനുഭവരൂപത്തിൽ അന്തര്യാമിയായി ആത്മാവായി ഗൂഢമായി ഓരോ ഹൃദയത്തിലും ഇരിക്കുന്ന ആ വസ്തു ആണ് ഞാൻ എന്ന് അറിഞ്ഞ്

വിധൂതഭേദമോഹ:
രണ്ട് ഉണ്ട് എന്നുള്ള ഭേദമോഹം മുഴുവനും പോയി.

സമധിഗതോസ്മി.
ഞാൻ  സമാധിസ്ഥിതനായിരിക്കുന്നു .നിർവികല്പ സമാധി സുഖം ഞാനിതാ അനുഭവിക്കണു എന്ന് പറഞ്ഞ് കൊണ്ട് വൈകുന്നേരത്തെ ചേക്കേറുന്ന പക്ഷികളൊക്കെ അതാത് കൂട്ടില് ചെന്ന് ചേക്കേറി കഴിഞ്ഞാല് നിശ്ചലത വരുന്നതുപോലെ

വയാംസീവ ദിനാത്യയേ
പെട്ടെന്ന് ഒരു നിശ്ചലത അവിടെ മുഴുവൻ പരന്നു അത്രേ. ഒരു പുഷ്പം വിരിയുമ്പോ സുഗന്ധം വരുന്നതുപോലെ പെട്ടെന്ന് അവിടെ ഒരു നിശ്ചലത അവിടെ മുഴുവൻ പരന്നു. ആ നിശ്ചലതയുടെ ലക്ഷണം എന്താ?

സമ്പദ്യമാനമാജ്ഞായ ഭീഷ്മം ബ്രഹ്മണി നിഷ്ക്കലേ .
ജ്ഞാനികളുടെ സമ്പർക്കത്തിൽ നമുക്ക് അറിയാം.  സാധാരണമായിട്ടിരിക്കും. പെട്ടെന്ന് അവിടെ ഒരു ശാന്തി പരക്കും. നിശ്ചലത പരക്കും. ആ നിശ്ചലത വളരെ  palpable ആയിട്ട് നമുക്ക് തൊട്ടു നോക്കാം. ആ നിശ്ചലതയ്ക്ക് എന്താ കാരണം ന്ന് വെച്ചാൽ അവരുടെ ഹൃദയകേന്ദ്രത്തിൽ പോയി അവര് അങ്ങട് നിന്നു. അവര് ഹൃദയത്തിൽ പോയി നിന്നാ ടാപ്പ് തുറന്നാ വെള്ളം വരണപോലെ ആ ശാന്തി അങ്ങട് ചുറ്റിനും പരക്കും. ആ നിശ്ചലതത്വം അവിടെ മുഴുവൻ നിറയും.

അതേ പോലെ ഭഗവാനെ സ്തുതിച്ച് കൊണ്ടിരിക്കണ ഭീഷ്മർ പെട്ടെന്ന് അങ്ങട് നിശ്ചലമായി. കൂട്ടക്കെട്ടോട് കോട്ടയ്ക്ക് അകമേറി സുഖിപ്പാൻ വരം താ. നാരായണഗുരുസ്വാമി പറഞ്ഞതാണ് പ്രാണനെ ഒക്കെ പിടിച്ച് ആടക്കി ഒതുക്കി കോട്ടയിലേക്ക്, ഹൃദയത്തിലേക്ക് അങ്ങട് കയറി പ്രാണനും മനസ്സും ചിത്തവൃത്തികളും ഒക്കെ കയറി. ഹൃദയത്തിൽ അടങ്ങി. അങ്ങനെ നിശ്ചലം ആയപ്പോൾ

സോഽന്തശ്ശ്വാസ ഉപാരമത്.
എല്ലാവർക്കും ശാന്തി ണ്ടായി. എല്ലാവരുടെ ചിത്തവും അടങ്ങി. അങ്ങനെ ഭീഷ്മരുടെ മോക്ഷം.
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 🙏
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments: