Thursday, January 17, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-85

സന്തോഷത്തോടെ വാല്മീകി രാമനെ ആലിംഗനം ചെയ്തു .പൂജയും സത്കാരവും ചെയ്ത് കുശല പ്രശ്നങ്ങൾ ചോദിച്ചു. രാമൻ ചോദിച്ചു വാല്മീകിയോട് ഇവിടെ എവിടെയാണ് തങ്ങാൻ പറ്റിയ സ്ഥലം. ഈ സന്ദർഭത്തിൽ അദ്ധ്യാത്മ രാമായണത്തിലെ ചില ശ്ലോകങ്ങൾ നോക്കുന്നത് ഉചിതമാകും.
ത്വമേവ സർവ്വ ലോകാനാം നിവാസ സ്ഥാനം ഉത്തമം.

തവാഭി സർവ്വ ഭൂതാനി നിവാസ സദനാനിഹി
ഏവം സാധാരണം സ്ഥാനം ഉത്തം തേ രഘു നന്ദന
സീതയാ സഹിതസ്യേതി വിശേഷം വൃച്ഛതസ്ഥവ
ഈ പ്രപഞ്ചത്തിൽ മുഴുവനും നീ പരന്നു കിടക്കുന്നു. ഇതു തന്നെ നിന്റെ വാസ സ്ഥാനം. രാമൻ ചിരിച്ചു ഞാൻ തങ്ങാൻ ഒരിടം ചോദിച്ചപ്പോൾ അങ്ങ് വേദാന്തം പറയുകയാണല്ലോ.

തദ് വക്ഷ്യാമി രഘു ശ്രേഷ്ഠ
യത്തേ നിയത മന്ദിരം.
വാല്മീകി പറഞ്ഞു തങ്ങാനൊരിടമെങ്കിൽ ഞാനൊരു വീട് പറയാം.

ശാന്താനാം സമദൃഷ്ടിനാം അദ്വൈഷ്ട്ര്നാം ചചന്ദുഷു
ത്വാമേവ ഭജതാം നിത്യം ഹൃദയം തേതി മന്ദിരം
ആരാണോ ശാന്തരായിരിക്കുന്നത് .ആരാണോ സമബുദ്ധിയായി ഇരിക്കുന്നത് .ആരാണോ ആരേയും വെറുക്കാതെ സാധുക്കളായിരിക്കുന്നത്. ആരാണോ  സദാ ഭക്തിയിൽ മുഴുകിയിരിക്കുന്നത്. അവരുടെ ഹൃദയമാണ് രാമാ അങ്ങയുടെ ഉത്തമമായ വാസസ്ഥലം.

ധർമ്മാധർമ്മാൺ പരിതജ്യ
ത്വാമേവ ഭജതോനിഷം
സീതയാ സഹതേ രാമ
തസ്യ ഹൃത് സുഖ മന്ദിരം
ധർമത്തേയും അധർമ്മത്തേയും താണ്ടി ആത്മനിഷ്ഠരായി ഇരിക്കുന്ന സാധുക്കളുടെ ഹൃദയത്തിൽ രാമാ നിന്റെ ചിത് ശക്തിയായ സീതാ സമേതം സുഖമായി പോയി വസിച്ചാലും. എല്ലാവരുടേയും ആത്മാവായ രാമാ നിന്റെ നാമത്തെ ജപിച്ച് നിസ്പൃഹരായി കഴിയുന്ന ഭക്തരുടെ ഹൃദയത്തിൽ വസിച്ചാലും.  ഇങ്ങനെ ഒട്ടനേകം ശ്ലോകങ്ങളിലൂടെ വാല്മീകി രാമനെ കീർത്തിക്കുന്നു.

ഭരദ്വാജ മഹർഷി രാമനെ ദർഷിക്കുന്നതു മുതലാണ് വാസിഷ്ഠ രാമായണം തുടങ്ങുന്നത്. ഏതു നിലയിലും കലങ്ങാതെ ഇരിക്കുന്ന മനസ്സാണ് ജ്ഞാനിയുടെ ലക്ഷണം. രാമായണത്തിൽ മുഴുവനും വാസിഷ്ഠത്തിലുള്ള ജ്ഞാനം പരന്നു കിടക്കുന്നു. ജ്ഞാനികൾ ജ്ഞാനത്തെ പറഞ്ഞ് മാത്രമല്ല അറിയിക്കുന്നത്. ഒന്നും പറയാതെ ആരുടെ സന്നിധിയിലാണോ നമുക്ക് ഈ ജ്ഞാനത്തെ അറിയാൻ സാധിക്കുന്നത് അങ്ങനെയുള്ളവൻ പറഞ്ഞാൽ മാത്രമേ പ്രയോജനപ്പെടു. രമണ ഭഗവാനെ കണ്ടവരെല്ലാം പറഞ്ഞതും ഇതു തന്നെ. പോൾ ബ്രൻട്ടൻ രമണ ഭഗവാനെ കുറിച്ച് പറഞ്ഞതിങ്ങനെ His Silence is more eloquent than his speech.

അദ്ദേഹം സംസാരിച്ചതേയില്ല. ഒരു പക്ഷേ സംസാരിച്ചിരുന്നുവെങ്കിൽ അദ്ദേഹം തന്നെ ആ മൗനത്തെ ഭജ്ഞിക്കുന്ന ഒരു സ്ഥിതി വന്നേനെ .അങ്ങനെയുള്ള ഒരു മൗനമാണത്. വെറും വാക് മൗനമല്ല ,ജഡമായ മൗനമല്ല ,stoic silence അല്ല അത്. ജഡമായ മൗനത്തിൽ ഒന്നും കൈ മാറുന്നില്ല. വാക്കുകൾ പോലും അല്പം മാത്രമേ ആശയ വിനിമയം ചെയ്യുന്നുള്ളു. മൃഗങ്ങൾ അവരുടെ ആവശ്യങ്ങൾ പല പല ശബ്ദങ്ങൾ പുറപ്പെടുവിച്ച് നമ്മെ അറിയിക്കുന്നുണ്ട്. ഭാഷയാകുന്ന മാദ്ധ്യമം മനുഷ്യരുടെ ഇടയിൽ സജീവമാണ് എന്നാൽ അതും പരിമിതമാണ്. ജ്ഞാനികൾക്ക് ഭാഷ വളരെ അപക്വമായ ഒരു മാദ്ധ്യമമാണ്. എന്നാൽ നമുക്കതിനെ ആശ്രയിക്കാതെ വയ്യതാനും.
Nochurji 🙏🙏
Malini dipu 

No comments: