Tuesday, January 01, 2019

വാല്മീകി രാമായണം-69

തിങ്ങി നിന്ന് രാമനെ ഉറ്റു നോക്കുന്ന ജനങ്ങളുടെ മുമ്പിലൂടെ രാമൻ കൗസല്ല്യ മാതാവിന്റെ പക്കലേക്കു പോകുന്നു. കൗസല്ല്യ ,രാമന്റെ പട്ടാഭിഷേകത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ്. അതിനായി ശ്രീ നാരായണ പൂജ ചെയ്ത് കൊണ്ടിരിക്കുന്നു. വെൺപട്ടുടുത്ത് വ്രതമെടുത്ത് ശരീരമെല്ലാം ക്ഷീണിച്ചിരിക്കുന്നു മാതാവിന്. ആഹൂതിയും ജലതർപ്പണവും നടക്കുന്നു അവിടെ. രാമനെ കണ്ടതും പശുകിടാവിനെ കണ്ട പശു എങ്ങനെ വാത്സല്യത്തോടെ ഓടിയണയുന്നു അതുപോലെ ഓടി വന്നു മാതാവ്.

രാമാ നിന്റെ പിതാവ് എത്ര സത്യസന്ധനാണെന്ന് നോക്കു. നിനക്ക് വാക്ക് തന്ന പോലെ നിന്നെ രാജാവാക്കുന്നല്ലോ. കൗസല്ല്യ മാതാവ് വളരെ സാധാരണയായ സ്ത്രീയാണ്. ഒരു പതിവ്രതയായ സാധാരണ സ്ത്രീയുടെ എല്ലാ ഭാവങ്ങളും അവരിലുണ്ടാകുന്നു. കൈകേയിയും സുമിത്രയും രണ്ടു ധ്രുവങ്ങളിലെങ്കിൽ കൗസല്ല്യ ഇതിന് രണ്ടിനുമിടയിലാണ്. രാമാ നിനക്കായി ഞാൻ തങ്കത്തിൽ പണിഞ്ഞ ഒരാസനം ഉണ്ടാക്കിയിട്ടുണ്ട്. ഇനി മുതൽ നീ അതിലേ ഇരിക്കാവു. സാധാരണ ഇരിപ്പിടങ്ങൾ ഉപയോഗിക്കേണ്ട. അമ്മയുടെ ആ ഭാവത്തെ കണ്ടപ്പോൾ രാമന്റെ കണ്ണുകൾ നിറഞ്ഞു. ഞെട്ടിക്കുന്ന പുതിയ വാർത്തകൾ മാതാവിനോട് എങ്ങനെ പറയും.

ദേവി നൂനം നജാനീഷേ
മഹത് ഭയം ഉപസ്ഥിതം
ഇതം തവജ ദുഃഖായ വൈദേഹ്യാ ലക്ഷ്മണസ്യച ഗമിഷ്യേ ദണ്ഡകാരണ്യം.
കിമനേന ആസനേന മേ വിഷ്ടരാസനേ യോഗ്യോഹി കാലോയം മാ ഉപസ്ഥിത:
അമ്മേ സ്വർണ്ണാസനത്തിൽ അല്ല മരത്തടിയിലിരിക്കേണ്ട കാലമാണ് ആഗതമായിരിക്കുന്നത്. അമ്മയ്ക്കോ ലക്ഷ്മണനോ സീതയ്ക്കോ താങ്ങാവുന്ന വാർത്തയല്ല എന്നെനിക്കറിയാം. ഞാൻ ദണ്ഡകാരണ്യത്തിനായി പുറപ്പെടുകയായി. പതിന്നാലു വർഷം ദണ്ഡകാരണ്യത്തിൽ ഇരുന്ന് കായ് കനികൾ ഭക്ഷിച്ച് തപസ്സ് ചെയ്യേണ്ട കാലം എനിയ്ക്ക് വന്നു ഭവിച്ചിരിക്കുന്നു. എനിക്ക് സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കാൻ സാധിക്കില്ല അമ്മേ.

കൗസല്ല്യ ദേവി ഒന്നും മനസ്സിലാകാതെ രാമനെ നോക്കി നിന്നു. വിഷയത്തെ വിശദീകരിക്കും തോറും കൗസല്ല്യയ്ക്ക് താങ്ങാൻ സാധിച്ചില്ല. തല ചുറ്റാൻ തുടങ്ങി. ദാസികളെല്ലാം വന്ന് താങ്ങി നിർത്തി. അസഹനീയമായി കരയാൻ തുടങ്ങി. എനിയ്ക്ക് ഒരു മകനില്ലായിരുന്നെങ്കിൽ ഇല്ലെന്നുള്ള ദു:ഖമേ ഉണ്ടാകുമായിരുന്നുള്ളു. ഇത് ഒരു സത് പുത്രനുണ്ടായിട്ട് ആ മകൻ കാട്ടിലേയ്ക്ക് യാത്രയാകുന്ന ദിനം കാണേണ്ടി വന്നല്ലോ എന്ന് പറഞ്ഞ് ഏങ്ങി കരയുന്നു കൗസല്യ ദേവി.

Nochurji 🙏🙏

No comments: