Tuesday, January 01, 2019

*ശ്രീമദ് ഭാഗവതം18*

തമിഴില് ഒരു ചൊല്ലുണ്ട് ആന വിഴുങ്ങിയ വ്ലാമ്പഴം.  ഈ കായ ആന വിഴുങ്ങി വിസർജനം ചെയ്താൽ പുറമേക്ക് അതേപോലെ ഉണ്ടാവും അത്രെ. പക്ഷേ ഉള്ളിലുള്ളതൊക്കെ എടുത്തുണ്ടാവും. അതേപോലെ സത്സംഗം കഴിഞ്ഞു പോവുമ്പോ  പരമരസസുഖാംബോധി പൂരേ രമേരൻ.

നിഗമകല്പതരോർഗളിതം ഫലം
ശുകമുഖാദ് അമൃത ദ്രവ സംയുതം

പിബത ഭാഗവതം പിബത ഭാഗവതം പിബത ഭാഗവതം
രസം മുഹുരഹോ പിബത
രസികാ: പിബത
ഭാവുകാ: പിബത
ഭുവിഭാവുകാ: രസികാ:
മുഹുരഹോ പിബത രസം ആലയം പിബത

എത്രകാലം കുടിക്കണം. മൃത്യുപര്യന്തം കുടിക്കാ. മരണത്തിനുശേഷം ജീവന്മുക്തി സ്ഥിതിയിലും കുടിക്കാ. ജ്ഞാനികൾ കുടിക്കുന്നു. ശുകബ്രഹ്മമഹർഷിയെ പോലെ ശരീരപ്രജ്ഞ ഇല്ലാത്ത ജീവന്മുക്തന്മാർ കുടിക്കണു.

സദാശിവബ്രഹ്മേന്ദ്രസ്വാമികളെപോലെ   ദേഹം ഉണ്ടെന്ന് അറിയാത്ത ആളുകൾ പറയണു.
പിബതേ രാമരസം.

മുഹുരഹോ പിബത ഭാഗവതം രസം. ഭാഗവതരസം കുടിച്ചുകൊണ്ടേ ഇരിക്കാ. .ശ്രവണം ചെയ്തു ചെയ്ത് ഭാവസമാധി കൈവരും. അപ്പോ  ഈ അനുഭൂതി വിട്ടു പുറത്തു പോവില്ല്യ.

വ്യാസൻ ഭാഗവതം എഴുതാൻ കാരണമെന്താ. വ്യാസഭഗവാൻ വേദത്തിനെ നാലായി പിരിച്ചു . ഋഗ്വേദം യജുർവേദം സാമവേദം അഥർവ്വ വേദം  ഇങ്ങനെ നാലായി പിരിച്ച് തന്റെ നാല് ശിഷ്യന്മാർക്ക് പഠിപ്പിച്ചു. പൈലൻ,  വൈശമ്പായനൻ, ജൈമിനി, സുമന്ത  ഇങ്ങനെ നാല് ശിഷ്യർക്ക് പഠിപ്പിച്ചു. പുരാണങ്ങളൊക്കെ എഴുതി. ഈ ഭാഗവതം പറയുന്ന സൂതന്റെ അച്ഛനായ രോമഹർഷന് പഠിപ്പിച്ചു. അതും പോരാ. വേദാർത്ഥം സ്ത്രീകൾക്കും ഒക്കെ കിട്ടണം. ശൂദ്രന്മാർക്ക് കിട്ടണം. വേദം പഠിക്കാനോ ശാസ്ത്രം പഠിക്കാനോ സംസ്കൃതം പഠിക്കാനോ അർഹത ഇല്ലാത്തവർക്കൊക്കെ കിട്ടണം. എല്ലാവർക്കും മനസ്സിലാകുന്ന കാര്യം ആയിരിക്കണം. അങ്ങനെ മഹാഭാരതം എഴുതി. അത്രേം കഴിഞ്ഞിട്ടും വ്യാസന് തൃപ്തി വന്നില്ല്യ. ജ്ഞാനികൾക്കും ഒരു അസംതൃപ്തി.

ജ്ഞാനികൾക്ക് അസംതൃപ്തി വരാമോ. ജ്ഞാനത്തിൽ ഉത്തിഷ്ഠോത്തിഷ്ഠ ശീഘ്രം. എല്ലാവരേയും ഉണർത്തണം എന്നൊരു ആഗ്രഹം വെച്ചോണ്ട് ചോട്ടില് വന്നാൽ അവിടെ ഒരു അസംതൃപ്തി ണ്ടാവും. എന്താച്ചാൽ ഈ ആളുകളൊന്നും ഉണരില്ലേ. എത്ര ജ്ഞാനികൾ വന്നാലും ഉണരില്ല. എത്രയോ കാലായി നമ്മൾ ഇവിടെ ഇരിക്കണു. ശങ്കരാചാര്യരേയും നമ്മൾ കണ്ടിട്ടുണ്ട്. ശുകബ്രഹ്മമഹർഷിയേയും കണ്ടണ്ട്. വ്യാസനെ കൃഷ്ണനെ രാമനെ ഒക്കെ നമ്മൾ കണ്ടിട്ടണ്ട്. എല്ലാ കാലത്തും ഉണ്ടായിട്ടണ്ട്. കൃഷ്ണൻ വൃന്ദാവനത്തിൽ അനേക സഹസ്രം പശുക്കളെ മേയ്ച് കൊണ്ട് പോവുമ്പോൾ ചിലപ്പോ ആ പശുവിന്റെ മേലെ ഈച്ചയായി ഇരുന്നണ്ടാവും. എവിടെങ്കിലുമൊക്കെ പേനായി ഇരുന്നണ്ടാവും. പക്ഷി ആയിട്ടോ പുഴു ആയിട്ടോ ഒക്കെ ഇരുന്നണ്ടാവും. എല്ലാം കണ്ടണ്ട്. എന്നിട്ടൊന്നും രക്ഷ പെട്ടിട്ടില്ല്യ. അവസാനം ദാ ഭാഗവതം കേൾക്കുന്ന സ്ഥിതി വരെ എത്തിയിരിക്കണു. പറയുന്ന സ്ഥിതി വരെ എത്തിയിരിക്കണു.

അപ്പോ വ്യാസഭഗവാനെ പോലെ എത്രയോ മഹാത്മാക്കൾക്ക് ഈ ദുഖം ണ്ടായിട്ടണ്ട്. മഹാഭാരതത്തിൽ വ്യാസൻ പറയണത് നിങ്ങൾ ഒന്നെണീക്കൂ ന്നാണ്. ധർമ്മത്തിനെ ആശ്രയിക്കൂ. ഞാനിതാ കൈ ഉയർത്തിപ്പിടിച്ച് നിങ്ങളെ എഴുന്നേൽപ്പിക്കണു. നിങ്ങളോ എഴുന്നേൽക്കാൻ കൂട്ടാക്കണില്ല്യ. ആരും കേൾക്കണില്ല്യല്ലോ. ധർമ്മത്തിൽ നിന്ന് അർത്ഥ കാമങ്ങൾ അനുഭവിക്കൂ. കുഴപ്പല്ല്യ. എന്ന് പറഞ്ഞിട്ട് ആരും കേൾക്കണില്ല്യാത്രെ. മാത്രംല്ലാ ധർമ്മം മുമ്പിലുണ്ടെങ്കിലും ചെയ്യില്ല്യ. മെനക്കെട്ടു പാപം ചെയ്യുകയും ചെയ്യണു. ധർമ്മം പ്രസംഗാപി ന ആചരന്തി പാപം പ്രയത്നേന സമാചരന്തി.

കിണറ്റില് നല്ല വെള്ളംണ്ട്. അതൊക്കെ വിട്ടിട്ട് പെപ്സി വാങ്ങി കുടിക്കില്ലേ. അമൃതം പരിത്യജ്യ വിഷം പിബന്തി. കാശ് കൊടുത്തു വാങ്ങി കുടിക്കാണ്. അതേപോലെ തന്നെ ചെറിയ കാര്യങ്ങളില് ഭഗവാൻ നമുക്ക് മുമ്പില് സുലഭമാണ്. അത് ഋഷികൾ നമുക്ക് പറഞ്ഞു തന്നിട്ടും ചെയ്യാൻ എളുപ്പാണെങ്കിൽ പോലും ചെയ്യില്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments: