Thursday, January 17, 2019

എല്ലാത്തിനും ആധാരമായ ബ്രഹ്മം അവയില്‍ നിന്നൊക്കെ വേറിട്ടതെന്ന് വിവരിക്കുന്നു.
ദ്വേ അക്ഷരേ ബ്രഹ്മപരേ ത്വനന്തേ
വിദ്യാവിദ്യേ നിഹിതേ യത്ര ഗൂഢേ
ക്ഷരം ത്വവിദ്യാ ഹ്യമൃതം തു വിദ്യാ
വിദ്യാവിദ്യേ ഈശതേ യസ്തു സോളന്യഃ
നാശമില്ലാത്തതും അനന്തവുമായ പരബ്രഹ്മത്തില്‍ വിദ്യയും അവിദ്യയും ഗൂഢമായി വെച്ചിരിക്കുന്നു. അവിദ്യ, നശ്വരവും വിദ്യ അമൃതവുമാണ്. വിദ്യാ അവിദ്യകളെ ഭരിക്കാന്‍ കഴിയുന്ന പരമാത്മാവ് ഇവയില്‍ നിന്ന് അന്യനാകുന്നു.
 എല്ലാവരേയും വ്യാമോഹിപ്പിച്ച് സംസാരത്തിലിട്ട് കറക്കുന്ന അവിദ്യ, ജ്ഞാനമുണ്ടാകുമ്പോള്‍ നശിക്കുന്നു. അതിനാലാണ്  നാശമുള്ളത് എന്ന അര്‍ഥത്തില്‍ ക്ഷരം എന്ന് പറഞ്ഞത്. വിദ്യ പലപ്പോഴും അജ്ഞാനത്താല്‍ മറയ്ക്കപ്പെടാറുണ്ട്. മറ നീങ്ങിയാല്‍ അത് വീണ്ടും പ്രകാശിക്കും. അതിന് നാശമില്ലാത്തതിനാല്‍ അമൃതം എന്ന് വിശേഷിപ്പിച്ചു. ഇവ രണ്ടും ആത്മാവിനെ ബാധിക്കുന്നതല്ല. ആത്മാവ് ഇവയ്ക്ക് സാക്ഷിയായി നില്‍ക്കുന്നു. വിദ്യയും അവിദ്യയും ആത്മാവില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ആത്മാവിനെ ഭരണകര്‍ത്താവായി പറയുന്നു. ആത്മാവ് ഇവ രണ്ടില്‍ നിന്നും അതീതമായി വേറിട്ട് നില്‍ക്കുന്നു.
യോ യോനിം യോനിമധി തിഷ്ഠത്യേകോ
വിശ്വാനി രൂപാണി യോനീശ്ച സര്‍വാഃ
ഋഷിം പ്രസൂതം കപിലം യസ്തമഗ്രേ
ജ്ഞാനൈര്‍ബിഭര്‍ത്തി ജായമാനം ച പശ്യേത്
എല്ലാ സ്ഥാനങ്ങളിലും ഏകനായി അധിഷ്ഠാനം ചെയ്യുന്നതും വിശ്വത്തിലെ സകലരൂപങ്ങളേയും സ്ഥാനങ്ങളെയും അധിഷ്ഠാനമാക്കിയിരിക്കുന്നതുമാണ് അത്. ഏറ്റവും ആദ്യം ജനിച്ചവനും സ്വര്‍ണ നിറത്തോടു കൂടിയവനും ഋഷിയുമായ ഹിരണ്യഗര്‍ഭനെ, ജ്ഞാനത്താല്‍  ഭരിക്കുന്നവനും ജനിക്കുന്നവനുമായി കാണപ്പെടുന്ന പരമാത്മാവ് എല്ലാത്തിനും അതീതനായി അന്യനായിരിക്കുന്നു. പ്രകൃതിയുടെ എല്ലാരൂപങ്ങളിലും സ്ഥാനങ്ങളിലും അധിഷ്ഠാനമായിരിക്കുന്നത് ബ്രഹ്മമാണ്. ഏകനായ അതു മാത്രമാണ് എല്ലാത്തിനുമാധാരം.
സൃഷ്ടിയില്‍ ആദ്യമുണ്ടായത് ഹിരണ്യഗര്‍ഭനാണ്. ആ ജനനവും നിലനില്‍പ്പും ശ്രേഷ്ഠതയുമൊക്കെ പരമാത്മാവിനെ ആധാരമാക്കിയാണ്.
ഏകൈകം ജാലം ബഹുധാ വികുര്‍വന്‍
അസ്മിന്‍ ക്ഷേത്രേ സംഹരത്യേഷ ദേവഃ
ഭൂയഃ സൃഷ്ട്വാ പതയസ്തഥേ ശഃ
സര്‍വാധിപത്യം കുരുതേ മഹാത്മാ
ഈ ദേവന്‍ ഓരോന്നിലും പലവിധത്തില്‍, ഓരോ  ക്ഷേത്രങ്ങളിലിരുന്ന് പിന്നീട് സംഹരിക്കുന്നു. അടുത്ത കല്‍പത്തിന്റെ തുടക്കത്തില്‍ തന്നെ പ്രജാപതിമാരെ സൃഷ്ടിച്ച് അവരുടെ സ്വര്‍വാധിപത്യത്തെ നടപ്പാക്കുന്നു.
തന്റെ ശക്തിയെ പലതാക്കിയാണ് എല്ലാമായിത്തീരുന്നത്. മായാശക്തിയാലാണ് വൈവിധ്യമായ സൃഷ്ടി. ഓരോന്നിന്റെയും കര്‍മവാസനയ്ക്കനുസരിച്ചാണ് സൃഷ്ടി ചെയ്യുന്നത്. അതിനുശേഷം അവയെ എല്ലാം സംഹരിക്കുകയും ചെയ്യുന്നു.
പ്രജാപതിമാരുടെ സൃഷ്ടിയുള്‍പ്പടെ എല്ലാം വീണ്ടും വീണ്ടും സംഭവിക്കുന്നു. ഇങ്ങനെ എല്ലാത്തിന്റേയും അധിപതിയായിരിക്കുന്നു. വയലില്‍ വീണ വിത്തുകള്‍ വെള്ളം കിട്ടുമ്പോള്‍ മുളച്ചു വരുന്നത് പോലെയാണ് സൃഷ്ടി എന്ന് ക്ഷേത്രേ എന്നത് സൂചിപ്പിക്കുന്നു. മൂല പ്രകൃതിയെ അഥവാ മായയെയാണ് ക്ഷേത്രം എന്ന് പറഞ്ഞിരിക്കുന്നത്. ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്ന ബ്രഹ്മത്തിന്റെ തന്നെ ഈ ശക്തിയാണ് എല്ലാ സൃഷ്ടിക്കും ആധാരം. ഈ മായയ്ക്കു കൂടി ആധാരമായിരിക്കുന്നതാണ് പരമാത്മാവ്.

No comments: