Thursday, January 17, 2019

പഞ്ചഗവ്യം.
മനുഷ്യന്റെ ആയുരാരോഗ്യത്തിന് സ്വര്‍ഗത്തിന്റെ സമ്മാനമാകുന്നു പഞ്ചഗവ്യം. പഞ്ചമെന്നാല്‍ സംസ്‌കൃതത്തില്‍ അഞ്ചെന്ന് അര്‍ഥം. ഗവ്യമെന്നാല്‍ പശുക്കളെ സംബന്ധിച്ച. പശുവില്‍ നിന്നുള്ള അഞ്ച് ഉത്പന്നങ്ങളെ ചേര്‍ത്തു പറയുന്നതാണ് പഞ്ചഗവ്യം. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ്. ഹൈന്ദവാനുഷ്ഠാനങ്ങളില്‍ അഭേദ്യമായ സ്ഥാനമുണ്ട് പഞ്ചഗവ്യത്തിന്.  
പഞ്ചഗവ്യത്തിന്റെ ദിവ്യത്വമെന്തെന്ന് ഭേല്‍, ചരക, സുശ്രുത സംഹിതകളില്‍ പരാമര്‍ശിച്ചിരിക്കുന്നു. പഞ്ചഗവ്യത്തിന്റെ ഔഷധമൂല്യം മനസ്സിന്റെയും ശരീരത്തിന്റെയും അപചയങ്ങളെ അകറ്റും. ആയുര്‍ദൈര്‍ഘ്യത്തിനും നല്ലത്. പതിവായി പഞ്ചഗവ്യം സേവിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുമെന്നു പറയപ്പെടുന്നു. അന്തരീക്ഷ മലിനീകരണം, മദ്യം, പുകവലി എന്നിവകൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ പഞ്ചഗവ്യം  നിര്‍വീര്യമാക്കും. രോഗപ്രതിരോധശേഷിയും കൂട്ടും. 
നല്ലൊരു അണുനാശിനിയാണ് പഞ്ചഗവ്യ ചേരുവയായ ചാണകം. ചര്‍മ രോഗങ്ങളെ ഇത്  പ്രതിരോധിക്കും. അതുപോലെ, മറ്റൊരു ഭക്ഷണത്തിനുമില്ലാത്ത പ്രാധാന്യമാണ് പാലിന് ആയുര്‍വേദം കല്പിച്ചു നല്‍കുന്നത്. ഓജസ് പ്രദാനം ചെയ്യാന്‍ അഭികാമ്യമാണ് പാല്‍. നെയ്യാകട്ടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഊര്‍ജദായിനിയാണ.് ശരീരത്തില്‍ അടിയുന്ന മാലിന്യങ്ങളെ പുറന്തള്ളാനും നെയ്യ് നല്ലതു തന്നെ. യൗവനം സൂക്ഷിക്കാന്‍ ഉത്തമമാണ് തൈര്. 
ഭാരതീയ കാര്‍ഷിക സംസ്‌കൃതിയില്‍ പഞ്ചഗവ്യം കൃഷിക്ക് ഉപയുക്തമാക്കിയിരുന്നതായി കാണാം. വിളകള്‍ക്ക് വളര്‍ച്ചയും രോഗപ്രതിരോധശേഷിയും  നല്‍കാന്‍ ശ്രേഷ്ഠമാണിത്. പഞ്ചഗവ്യം തയാറാക്കാന്‍ നെയ്യും ഗോമൂത്രവും തുല്യ അളവിലെടുക്കണം. അതിന് ഇരട്ടി തൈരും മൂന്നിരട്ടി പാലും ചേര്‍ക്കുക. നെയ്യ് എടുക്കുന്ന അളവിന്റെ പാതിയാകണം ചാണകത്തിന്റെ അളവ്.

No comments: