തന്റെ ഭാര്യയായ ദേവഹൂതിയുടെ ഉള്ളില്‍ വളരുന്നത് സാക്ഷാല്‍ പരബ്രഹ്മം തന്നെയെന്ന തിരിച്ചറിവിലൂടെ കര്‍ദ്ദമ മഹര്‍ഷിക്ക് ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതായി. ആ തിരിച്ചറിവു തന്ന ഭഗവാനെ നമസ്‌കരിക്കുന്നു.
''ഐശ്വര്യ വൈരാഗ്യയശോളവബോധ
വീര്യശ്രിയം പൂര്‍ത്തമഹം പ്രപദ്യേ''
ഐശ്വര്യം, രാഗമില്ലാത്ത അവസ്ഥ (വിരക്തി), യശസ്സ്, അവബോധം, വീര്യം, ലക്ഷ്മീത്വം (വീര്യലക്ഷ്മി എന്നുമാകാം) എന്നിവയാല്‍ എന്റെ ജീവിതം സമ്പൂര്‍ണമാക്കിയ ഈ ഭഗവാനില്‍ ഞാന്‍ ആത്മാര്‍ഥമായി ശരണംപ്രാ
പിക്കുന്നു.
തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന ശിശുവിനെ ഭഗവാനായിക്കാണാനുള്ള തിരിച്ചറിവ് ആദരണീയമായ സംസ്‌കാരമാണ്. കുട്ടികളില്‍ ഭഗവാനെക്കാണാന്‍ കഴിയുന്ന കാഴ്ചപ്പാടുതന്നെ മഹനീയമാണ്. കുട്ടികള്‍ നിഷ്‌കളങ്കരാണ്. പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുക്കള്‍.
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഗര്‍ഭിണിയായ സ്ത്രീകളെ എല്ലാ ആദരവും കൊടുത്ത് കാത്തുരക്ഷിക്കുന്ന പതിവുണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്ത് മനഃസംതൃപ്തി വരുത്താന്‍ ഭര്‍ത്താവ് പ്രത്യേകം ശ്രദ്ധിക്കുന്നതും ഒരു സംസ്‌കാരമായിരുന്നു. കുടുംബത്തിലുള്ള എല്ലാവരും തന്നെ ആ ഗര്‍ഭിണിയുടെ സംതൃപ്തിക്കും സമാധാനത്തിനും വേണ്ടി ശ്രമിക്കുമായിരുന്നു.
ആധുനിക മനഃശാസ്ത്ര പ്രകാരവും കുട്ടികളുടെ മനശ്ശക്തിയും വ്യക്തിത്വവും രൂപംകൊള്ളുന്നത് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്. ആ സമയത്ത് എന്തെങ്കിലും കടുത്ത മാനസിക വൈഷമ്യങ്ങള്‍ ഉണ്ടായാല്‍ അത് ആ ശിശുവിന്റെ തലച്ചോറില്‍ പ്രത്യേകം രേഖപ്പെടുത്തപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. ആ ഘട്ടത്തില്‍ അമ്മയുടെയും അച്ഛന്റെയും ചിന്താഗതികള്‍പോ
ലും വായിച്ചെടുക്കാന്‍ ഈ ശിശുവിനു കഴിയുമത്രേ.
മഹാഭാരതത്തില്‍ സുഭദ്രയുടെ ഗര്‍ഭപാ
ത്രത്തില്‍ കിടക്കുമ്പോഴാണ് അഭിമന്യു പത്മവ്യൂഹഭേദനത്തിനുള്ള യുദ്ധതന്ത്രം പഠിച്ചത്. സുഭദ്രയുടെ അരികിലിരുന്ന അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഈ യുദ്ധവിദ്യ ഉപദേശിക്കുകയായിരുന്നു. ഇടയ്ക്ക് അര്‍ജ്ജുനനെ നിദ്ര ബാധിച്ചെങ്കിലും സുഭദ്രയുടെ വയറ്റില്‍ കിടന്നിരുന്ന അഭിമന്യു ഇത് ഇടയ്ക്കിടെ മൂളി കേള്‍ക്കുന്നുണ്ടായിരുന്നു. അര്‍ജ്ജുനന്‍ മയക്കത്തിലായിരുന്നുവെന്നും മൂളല്‍ കേട്ടത് സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും മനസ്സിലാക്കിയ കൃഷ്ണന്‍ ബാക്കി ഭാഗം അടുത്ത ദിവസം പറയാന്‍ മാറ്റിവച്ചു. ഗര്‍ഭസ്ഥശിശുവിനെ ലാളിക്കണമെന്നും വാത്സല്യം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കണമെന്നും ഇതിലൂടെ നമുക്ക് പാലിക്കാനാവും.
''ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ'' എന്ന ഗീതാവചനവും ഇത് ഓര്‍മിപ്പിക്കുന്നുണ്ട്.
''പരം പ്രധാനം പുരുഷം മഹാന്തം
കാലം കവിം ത്രിവൃതം ലോകപാലം
ആത്മാനുഭൂത്യാനുഗത പ്രപഞ്ചം
സ്വഛന്ദശക്തിം കപിലം പ്രപദ്യേ''
പരം പൊരുളും പരാപരനും പ്രധാനപുരുഷനുമായ, ജ്ഞാനിയും മഹത് തത്വവും കാലസ്വരൂപവും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ശ്രീഭഗവാനേ, ഹേ സൃഷ്ടി സ്ഥിതി സംഹാരകാരണനായ ശ്രീ കപിലമൂര്‍ത്തയേ ഇതാ ഞാന്‍ നമസ്‌കരിക്കുന്നു.
ഹേ കപില ഭഗവാനേ, അങ്ങയുടെ അവതാരശേഷം ദേവഹൂതിയെ അങ്ങയുടെ പക്കല്‍ ഏല്‍പ്പിച്ച് ഞാന്‍ പരിവ്രാജകത്വം (സംന്യാസം) സ്വീകരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം നേരത്തേ തന്നെ ദേവഹൂതിയേയും സ്വായംഭൂവമനുവിനേയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇനി അങ്ങയുടെ അനുവാദം കൂടി വേണം.
jayasamkar
No comments:
Post a Comment