Monday, January 14, 2019

അജ്ഞാനം നീങ്ങുന്നതിനെയും ആത്മമഹത്വത്തേയും വിവരിക്കുന്നു.
യദാതമസ്തന്ന ദിവാന രാത്രിഃ
ന സന്ന ചാ സച്ഛീവ ഏവ കേവലഃ
തദക്ഷരം തത് സവിതുര്‍ വരേണ്യം
പ്രജ്ഞാ ച തസ്മാത് പ്രസൃതാ പുരാണീ
എപ്പോഴാണോ അജ്ഞാനം ഇല്ലാതാകുന്നത് അപ്പോള്‍ രാത്രിയോ പകലോ ഇല്ല. സത്തും അസത്തും ഇല്ല. മംഗള സ്വരൂപാത്മാവായ ശിവന്‍ മാത്രമേ ഉള്ളൂ. അത് സൂര്യനേക്കാള്‍ ശ്രേഷ്ഠമാണ്. അതില്‍ നിന്നാണ് പുരാണമായതും നാശമില്ലാത്തതുമായ ജ്ഞാനം ഉണ്ടായത്.
അറിവില്ലായ്മ മൂലമാണ് രണ്ടെന്ന തോന്നലും വൈവിധ്യങ്ങളും ഉണ്ടായത്. അറിവില്ലായ്മ നീങ്ങുമ്പോള്‍ എല്ലാത്തരം ഭേദഭാവനകളും ഇല്ലാതാകും. രാത്രി, പകല്‍, ഉള്ളത്, ഇല്ലാത്തത് തുടങ്ങി എന്തൊക്കെ ഭേദഭാവങ്ങളുണ്ടോ അവയെല്ലാം നശിക്കും. അപ്പോള്‍ ശൂന്യത ഉണ്ടാവുകയില്ല. ശുദ്ധ ചൈതന്യമായ പരമാത്മാവ് പ്രകാശിക്കും.
ശൂന്യവാദികളുടെ അഭിപ്രായത്തെ നിരാകരിക്കുകയാണ് ഇവിടെ. ജ്ഞാനസ്വരൂപമായ ആത്മാവ് സൂര്യനേക്കാള്‍ ശ്രേഷ്ഠമാണ്. ലോകത്തെ പ്രകാശിപ്പിക്കുന്ന സവിതാവായ സൂര്യന് പോലും പ്രകാശത്തെ നല്‍കുന്നത് ആത്മാവാണ്. പണ്ടേക്ക് പണ്ടേയുള്ളതും നാശമില്ലാത്തതുമായ ജ്ഞാനം അതില്‍ നിന്നാണ് പ്രസരിച്ചത്. അനാദിയായ ജ്ഞാനസ്വരൂപമായതും അത് തന്നെയെന്ന് അറിയണം.
നൈനമൂര്‍ദ്ധ്വം ന തിര്യഞ്ചം
ന മദ്ധ്യേ പരിജഗ്രഭത്
ന തസ്യ പ്രതിമാ അസ്തി
യസ്യ നാമ മഹദ് യശഃ
ആത്മാവിനെ മുകളിലോ താഴേയോ വിലങ്ങനെയോ നടുക്കോ പരിച്ഛേദിക്കാനോ ഗ്രഹിക്കാനോ സാധിക്കില്ല. അതിന് തുല്യമായ വേറൊരു വസ്തുവില്ല. അതിന്റെ പേര് എങ്ങും വ്യാപിച്ചിരിക്കുന്ന യശസ്സ് എന്നാണ്.
ആത്മാവ് എങ്ങും നിറഞ്ഞിരിക്കുന്നതിനാലാണ് അതിനെ ഏതെങ്കിലും ഭാഗത്ത് നിന്ന് പ്രത്യേകം പിടിച്ചെടുക്കാനോ അടര്‍ത്തിമാറ്റാനോ സാധിക്കില്ല എന്ന് പറഞ്ഞത്. അതൊന്ന് മാത്രമേ ഉള്ളൂ, രണ്ടാമതൊന്നില്ല. അതല്ലാതെ വേറൊന്നില്ലാത്തതിനാല്‍ മുറിച്ച് മാറ്റുന്നതിനോ എടുക്കുന്നതിനോ പിടിക്കുന്നതിനോ ഒന്നും സാധിക്കുകയില്ല. മഹത്തായ യശസ്സ് എന്നറിയപ്പെടുന്ന ഇതിന് തുല്യമായി വേറൊന്നുണ്ടായിട്ടു വേണ്ടേ! ഈ പ്രപഞ്ചത്തെ കാണുമ്പോള്‍ അതിന്റെ മഹത്വത്തെ അറിയാന്‍ നമുക്ക് കഴിയണം.
ന സന്ദൃശേ തിഷ്ഠതി രൂപമസ്യ
ന ചക്ഷുഷാ പശ്യതി കശ്ചനൈനം
ഹൃദാ ഹൃദിസ്ഥം മനസാ യ ഏനം
ഏവം വിദുരമൃതാ സ്‌തേ ഭവന്തി
ആത്മാവിന്റെ രൂപം ഇന്ദ്രിയങ്ങള്‍ക്ക് അറിയാവുന്ന തരത്തിലല്ല കുടികൊള്ളുന്നത്. കണ്ണുകൊണ്ട് ഇതിനെ കാണാനാകില്ല. സാധനയാല്‍ ശുദ്ധമാക്കിയ മനസ്സ്‌കൊണ്ട് ആത്മാവിനെ ഹൃദയത്തിലിരിക്കുന്നതായി അറിയണം. അങ്ങനെ അറിയുന്നവര്‍ അമൃതത്വത്തെ നേടും.
 വളരെയേറെ സൂക്ഷ്മവും സര്‍വവ്യാപിയുമായതിനാലാണ് ആത്മസ്വരൂപത്തെ ഇന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്തത്. എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കണ്ണിനെ പറഞ്ഞത്. തന്നില്‍ നിന്ന് വേറിട്ടവയെ മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാകൂ. അവയ്‌ക്കെല്ലാം പ്രചോദനമായി അവയില്‍ നിന്ന് വേറിടാതെ നില്‍ക്കുന്നതിനാല്‍ ആത്മാവിനെ അറിയാന്‍ ഇവയ്ക്ക് കഴിയില്ല. പരിമിതങ്ങളായ ഇന്ദ്രിയങ്ങള്‍ക്ക് അപരിമിതമായ ആത്മാവിനെ അറിയുക സാധ്യമല്ല. അത് ഒന്നിനും വിഷയമല്ല. അത് കാണുന്ന ദൃക്കാണ്. കാഴ്ചയായ  ദൃശ്യമല്ല. ഈ മന്ത്രം അല്‍പം വ്യത്യാസത്തോടെ കഠോപനിഷത്തിലുമുണ്ട്.

No comments: