ഭഗവദ്ഗീത ഉപദേശിക്കപ്പെടുന്നത് ഒരു ക്ലാസ് മുറിയിലാണെന്ന് പറയാം. അധ്യാപകന്‍ ശ്രീകൃഷ്ണനാണ്. മികച്ച വിദ്യാര്‍ഥി അര്‍ജ്ജുനനും. വിശാലമായി പറഞ്ഞാല്‍ ഭഗവദ്ഗീതയുടെ പശ്ചാത്തലം ഒരു വിശ്വവിദ്യാലയത്തിലാണ് -യൂണിവേഴ്‌സിറ്റിയില്‍. സിദ്ധാന്തവും പ്രയോഗവും (തിയറിയും പ്രാക്ടിക്കലും) നടക്കുന്ന സ്ഥലം. വിവിധവിഷയങ്ങളില്‍ പഠനം, പഠിപ്പിക്കല്‍. ആയോധനകലയിലെ വിവിധ വിഭാഗങ്ങള്‍, ഇവയ്‌ക്കെല്ലാം പ്രത്യേകം ഗുരുക്കന്മാര്‍ (ഫാക്കല്‍റ്റികള്‍).
പഠിതാക്കള്‍. പ്രതിരോധമാര്‍ഗം, അടവുനയം, യുദ്ധതന്ത്രം, ആസൂത്രണം, തുടങ്ങിയവയുടെ പഠനവും പരീക്ഷണവും നടക്കുന്നിടം. പഠിച്ചവര്‍ നിര്‍ണായക പരീക്ഷയുടെ വക്കില്‍. അവസാനനിമിഷം ഒരു മികച്ച വിദ്യാര്‍ഥിക്കുണ്ടായ സമ്മര്‍ദത്തിന്റെ പിരിമുറുക്കം മാറ്റുകയാണ് സമര്‍ത്ഥനായ ഒരു അധ്യാപകന്‍. മറ്റാര്‍ക്കുമില്ലാത്ത പ്രത്യേകത ആ വിദ്യാലയത്തില്‍ ഈ അധ്യാപകനും വിദ്യാര്‍ഥിക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഇരുവരും പ്രത്യേകം ശ്രദ്ധേയരാകുന്നു.
എങ്ങനെയാവണം മികച്ച അധ്യാപകന്‍, ഗുരു? എങ്ങനെയാവണം ശിഷ്യന്‍? കോടിക്കണക്കിന് പടയാളികള്‍ നിരന്ന കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനനു മാത്രമാണ് സംശയം ഉണ്ടായത്. അര്‍ജുനന്‍ മാത്രമാണ് അത് ചോദിച്ചത്. ഒട്ടേറെ ജ്ഞാനികളായ ഗുരുക്കന്മാര്‍ ഉണ്ടായിട്ടും, അവരെല്ലാം അര്‍ജ്ജുനനെ പഠിപ്പിച്ചവരായിട്ടും, നേരിട്ട് തനിക്ക് ആയുധാഭ്യാസം നല്‍കിയിട്ടില്ലാത്ത, യുദ്ധത്തില്‍ ആയുധം കൈകൊണ്ട് തൊടില്ല എന്ന പ്രതിജ്ഞയെടുത്ത, ശ്രീകൃഷ്ണനോടാണ് അര്‍ജുനന്‍ സംശയം ചോദിച്ചത്. പ്രിന്‍സിപ്പലിനോട് വിദ്യാര്‍ഥി സംശയം തീര്‍ക്കുന്നു!
യുദ്ധം രാജ്യഭരണാവകാശം നേടാനാണ് എന്നറിഞ്ഞാണ് ഇരുവശവും പോരാളികള്‍ നിരന്നത്. അധികാരം സംബന്ധിച്ച് ഇരുപക്ഷത്തും ഉണ്ടായിരുന്നവര്‍ക്കുള്ള കേവല അറിവാണ് അവരെ യുദ്ധക്കളത്തില്‍ എത്തിച്ചത്. ആ അറിവിനപ്പുറം ഇരുപക്ഷത്തും ഉള്ളത് ബന്ധുക്കളാണ്, അവരെ കൊന്നും വെന്നും നേടുന്ന രാജ്യഭരണ അവകാശം എന്തിന്? എങ്ങനെ? എന്ന സംശയത്തിലൂടെയാണ്, കേവല അറിവിന് അപ്പുറമുള്ള അറിവിലേക്കുള്ള ആ വഴിയിലാണ്, അര്‍ജുനന്‍ യഥാര്‍ത്ഥ വിദ്യാര്‍ഥി ആകുന്നത്. ക്ലാസ്മുറിക്കപ്പുറം നടത്തിയ ചിന്തകളിലാണ്, പരമമായ അറിവറിയാനുള്ള പ്രേരണയിലാണ് അര്‍ജ്ജുനന് സംശയം ജനിച്ചത്. അത് തുറന്നു ചോദിച്ചതാണ്, തനിക്ക് അറിവില്ലെന്ന സത്യം പ്രകടിപ്പിച്ചതാണ്, ആ വിദ്യാര്‍ത്ഥിയുടെ വിജയം; സംശയം നിശ്ശേഷം തീര്‍ക്കാന്‍ ശേഷിയുള്ള മികച്ച അധ്യാപകനെ കണ്ടെത്തിയതും.
വിദ്യാര്‍ഥിയുടെ ഭൗതിക-ആത്മീയ സംശയങ്ങള്‍ക്ക് ആധികാരികതയോടെ, സുവ്യക്തമായി, സ്പഷ്ടമായി, ഉദാഹരണസഹിതം, വിവരിക്കേണ്ടവ വിവരിച്ചും സൂചി പ്പിക്കേണ്ടത് സൂചിപ്പിച്ചുമാത്രവും ബോധ്യപ്പെടുത്തി കൊടുത്തതുവഴിയാണ് ശ്രീ കൃഷ്ണന്‍ മികച്ച ഗുരു, അധ്യാപകന്‍ ആയത്.
ഗീതയുടെ ഓരോ അധ്യായവും മികച്ച പാഠആസൂത്രണങ്ങളാണ് (ലസണ്‍ പ്ലാനുകള്‍ ). വിദ്യാര്‍ഥിക്ക് സംശയം ജനിപ്പിച്ച് പരിഹരിക്കുകയാണ് മികച്ച അധ്യാപകന്‍ ചെയ്യുന്നത്. ആ സംശയങ്ങളാണ് അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍. അധ്യാപകന്റെ ഉദാഹരണം കാണിക്കലാണ് പതിനെന്നാമത്തെ അധ്യായം-വിശ്വരൂപദര്‍ശനം. അറിയാനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് ഓരോയോഗങ്ങള്‍ -സാംഖ്യം, കര്‍മ്മം , ജ്ഞാനം, രാജവിദ്യ, വിഭൂതി, പുരുഷോത്തമം, ഭക്തി തുടങ്ങിയവ.
അധ്യാപകന്‍ സര്‍വജ്ഞന്‍ ആകണം. ഏത് സംശയവും തീര്‍ക്കാന്‍ ശാസ്ത്രവും (സയന്‍സ്) ശാസ്ത്രാനന്തരവും (പോസ്റ്റ് സയന്‍സ്), യുക്തിയും അറിഞ്ഞിരിക്കണം. ഇവയൊക്കെ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പഠിക്കണം. പഠിതാവിന്റെ ജ്ഞാന-വിജ്ഞാന ദാഹം തീര്‍ക്കണം. അതിനൊക്കെ തികച്ചും യോഗ്യനാണ് താനെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തണം; അധ്യാപകനെ വിദ്യാര്‍ത്ഥി അറിയണം. അങ്ങനെ ഏറ്റവും മികച്ചതിലേക്ക് വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം എത്തിക്കണം. പത്താം അധ്യായത്തില്‍, അര്‍ജുനന്റെ ആ നീണ്ട ചോദ്യത്തിന് കൃഷ്ണന്‍ പറഞ്ഞ ഉത്തരത്തിലെ ഗീതാ പാഠം അതാണ്...janmabhumi
No comments:
Post a Comment