Tuesday, February 26, 2019

ലോകവ്യവഹാരങ്ങളില്‍ ഒരുവനെ വ്യഗ്രമാക്കുന്ന മനസ്സ്, അതൊന്നും ലക്ഷ്യനിര്‍വഹണത്തിന് ഉതകുന്നില്ലെന്നു കാണുമ്പോള്‍, ലോകത്തില്‍ നിന്നു പിന്‍വലിയാനും ശക്തമാണ്. ദൃശ്യാഭിമുഖ്യം ഉദിക്കുന്ന മനസ്സില്‍, ദൃഗാഭിമുഖ്യവും സാധ്യമാണ്. ഒന്നു പുറത്ത് ആരമണം കണ്ടെത്താന്‍, മറ്റേതാകട്ടെ അതിനെ അകത്തുതന്നെ തിരിച്ചറിയാനും. ഇക്കാര്യത്തില്‍ ബുദ്ധിയാണ് മനസ്സിനെ ഉപദേശിയ്ക്കാന്‍. അത് എത്രകാലേ, എത്ര സത്യയുക്തമായി, ചെയ്യുന്നുവെന്നാണ് മുഖ്യം. മനുഷ്യന്റെ ഉള്‍സത്തയുടെ സ്വരൂപംതന്നെ സുഖമാണെന്ന് അജഗരവൃത്തന്‍ പ്രഹ്ലാദനൃപനെ ബോധ്യപ്പെടുത്തുന്നു. ഈ ആത്മസുഖം പ്രവൃത്തിനിരതമാകുന്ന മനസ്സിനു നഷ്ടപ്പെടുകയാണുപോലും. മനസ്സ് നിഷ്‌ക്രിയവും നിശ്ചലവുമായാലോ, ആത്മതലത്തില്‍ ഒന്നായിച്ചേരും. അതോടെ അനായാസസുഖം കവിഞ്ഞൊഴുകയായി. ഈ വസ്തുത അറിഞ്ഞനുഭവിക്കുന്നതിനാല്‍, താന്‍ ആഗ്രഹപൂര്‍വം ഒന്നുംചെയ്യാതെ, ദേഹം ജനിക്കാനും നിലനില്ക്കാനും കാരണമായ പ്രവാഹമേതോ അതില്‍ പൊന്തിക്കിടക്കമാത്രമാണ്. പ്രാരബ്ധമാണ് ദേഹനിലനില്പിന്റെ പിന്നിലെങ്കില്‍, കാറ്റു മണത്തെയെന്നപോലെ അതു ദേഹഗതിയെ നയിച്ചുകൊള്ളട്ടെ, മുനിയുടെ വീക്ഷണം എത്ര അനുഭവസിദ്ധം! ഈ ആന്തരമായ ആത്മസുഖം സാധാരണക്കാര്‍ക്കു ലഭ്യമാകാതിരി യ്ക്കാനും തക്ക കാരണമുണ്ട്. സര്‍വശക്തമായ ആത്മചേതന, സ്വയം മറഞ്ഞുനില്ക്കാനുള്ള അജ്ഞാനത്തെ രചിയ്ക്കുന്നു. ജലാശയത്തെ അതുമൂലമുണ്ടാകുന്ന പായല്‍തന്നെ ആകെ മൂടുന്നപോലെയാണ് ആത്മാവിലുള്ള അജ്ഞാനാവരണവും. പായല്‍കാരണം ജലാശയം തെളിഞ്ഞുകാണാനാവാതെ, ദാഹംതീര്‍ ക്കാന്‍ മരീചികയെ തേടിപ്പോകുംപോലെയാണ്, മനുഷ്യര്‍ ഉള്ളിലെ സുഖരൂപിയായ ആത്മാവിനെ വിട്ടുകളഞ്ഞു നശ്വരദൃശ്യപ്പകിട്ടുകളിലേയ്ക്കു കുതിയ്ക്കുന്നതെന്നു മുനി യുക്തിസഹമായി പ്രഹ്ലാദനോടു പറയുന്നു. താന്‍ ഇക്കാര്യത്തില്‍ മോഹിതനല്ല, വൃഥാപ്രയത്‌നത്തിനു മുതിരുന്നുമില്ലത്രെ! ധനലോഭമാണ് മനസ്സിനെ കീഴടക്കി ഭരിക്കുന്ന മുഖ്യശക്തി. അജഗരനിഷ്ഠന് ഇതോടുള്ള സമീപനവും അതിവിശിഷ്ടമാണ്. പണമുള്ളവര്‍ ഇന്ദ്രിയജയമുള്ളവരാകില്ല. തിന്നുംകുടിച്ചും മതിമറന്നു കൂത്താടാന്‍ അവര്‍ക്കു ലജ്ജയില്ല. പണഭാരം അവരുടെ ഉറക്കം ഹരിക്കുന്നു. ചുറ്റുമുള്ളവരെയെല്ലാം, മക്കളെപ്പോലും സംശയത്തോടെ നിരീക്ഷിപ്പിക്കുന്നതാണ് ധനക്കൊഴുപ്പ്. അതിനാല്‍ താന്‍ അത് ഒട്ടും അഭിലഷിക്കുന്നില്ലെന്നാണ് മുനിയുടെ നിലപാട്. ധനമല്ലാത്ത സമ്പാദ്യങ്ങളും തന്റെ മനസ്സിനു പ്രലോഭനമല്ലപോലും. അതിലും മുനിപുംഗവനു തന്റേതായ വിലയിരുത്തലും വിവേകവുമുണ്ട്. തേനീച്ച എത്ര കഷ്ടപ്പെട്ടാണ് പൂന്തോട്ടങ്ങളും ഒറ്റപ്പൂക്കളും തേടിച്ചെന്നു തേന്‍ ശേഖരിച്ചുകൊണ്ടുവരുന്നത്. എന്നിട്ടോ? മനുഷ്യന്‍ മണത്തറിഞ്ഞുവന്നു നിര്‍ലജ്ജം നിസ്സങ്കോചം അതു തട്ടിയെടുക്കുന്നു. പണക്കാരനെ കൊന്നുപോലും പണം തട്ടാന്‍ മടിക്കാത്തവരെ കാണാം. അങ്ങനെവരുമ്പോള്‍, വിശേഷബുദ്ധിയുള്ളവന്‍ ലോഭം വെടിയണമോ, അതോ അതിന്നിരയായി വീഴണമോ? ലോകപ്രവൃത്തികളെല്ലാം വേണ്ടെന്നുവെച്ചാല്‍ എങ്ങനെ ദേഹം നിലനില്ക്കുമെന്നതിനും അജഗരവൃത്തനു മറുപടിയുണ്ട്. ഭൂമുഖത്തുള്ള സര്‍വജീവികളുടെ ശരീരവും നിലനില്ക്കുന്നതു ഭക്ഷണംകൊണ്ടാണ്. ഓരോന്നിനും അത് ഓരോ തരമാണെന്നേയുള്ളു. ഇഴഞ്ഞു മെല്ലെ നീങ്ങുന്ന പെരുമ്പാമ്പും ഇതില്‍പ്പെടും. ഓടിച്ചെന്ന് ഇരപിടിയ്ക്കാന്‍ ഇതിനു കഴിയില്ല. ദൈവം അങ്ങനെയാണ് പെരുമ്പാമ്പിനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് അത് എന്തു ചെയ്യുന്നു? ഇഴഞ്ഞിഴഞ്ഞുചെന്നു കിടക്കുന്നിടത്തുതന്നെ കിടക്കും. വല്ല ആഹാരവും അടുത്തു വന്നുചേര്‍ന്നാല്‍, അതു കഴിയ്ക്കും. ആഹാരത്തിനുവേണ്ടി പ്രയത്‌നിക്കില്ല. മലമ്പാമ്പ് ചെയ്യുന്ന അതേ രീതി തനിക്കും ആയിക്കൂടേ എന്നാണ് അജഗരവൃത്തന്റെ ചോദ്യവും ഉത്തരവും. യാദൃച്ഛികത്വമാണ് അടിമുടി ഈ വൃത്തി. യാദൃച്ഛികത സര്‍വോത്തമവ്രതം യദൃച്ഛയാ പിണഞ്ഞ ജന്മം, യദൃച്ഛയാ പിണയാന്‍പോകുന്ന ദേഹ പതനം. ഇവക്കിടയിലെ ജീവിതദശയും അതേ യാദൃച്ഛികതതന്നെ നോക്കട്ടെ. എവിടംവരെപോയി ജീവിതനിരൂപണം, മനോദാര്‍ഢ്യം, ഉപേക്ഷാബുദ്ധി, നിസ്സംഗത! മുനിദേവന്‍ കൂട്ടിച്ചേര്‍ക്കുന്നു, യദൃച്ഛയാ വരുന്ന ആഹാരത്തിലുമുണ്ട് തികഞ്ഞ അനിശ്ചിതത്വം. മാത്രമല്ല കിട്ടുന്നതുതന്നെ ചിലപ്പോഴൊക്കെ വളരെ കുറച്ചേ ഉണ്ടാകൂ. ചില സമയം വളരെയധികമായെന്നും വരാം. ലഭിയ്ക്കുന്നതു പലപ്പോഴും രുചിപ്രദമായെന്നും വരില്ല. സ്‌നേഹാദരവോടെയാണ് ചിലപ്പോള്‍ ആഹാരം വന്നെത്തുക. മറ്റു സമയങ്ങളില്‍ അപമാനധിക്കാരത്തോടെയാകും. വയറുനിറഞ്ഞതിനുശേഷവും പലപ്പോഴും ചിലത് എത്തിപ്പെടും. അതും വേണ്ടെന്നുവെയ്ക്കാറില്ല. ഇരിപ്പിലും കിടപ്പിലും വസ്ത്രധാരണത്തിലും അങ്ങനെത്തന്നെ. ഭൂമിയിലാകും ചിലപ്പോള്‍ കിടക്കുന്നത്. അല്ലെങ്കില്‍ കല്ലിനുമുകളില്‍, അതുമല്ലെങ്കില്‍ വെണ്ണീറിലാകും. ചിലര്‍ അപേക്ഷിച്ചാല്‍ മാളികയില്‍ കട്ടിലിലായെന്നും വരാം. പട്ടുമെത്തയിലും ഉറങ്ങിക്കൂടായ്കയില്ല. കുളിച്ചുകുറിതൊട്ട് അലങ്കൃതനാവുന്ന ദിവസങ്ങളുണ്ടാകും. തേരിലും ആനപ്പുറത്തും കുതിരമേലും രഥത്തിലും കയറിപ്പോകുന്ന അവസരങ്ങളും ഇല്ലാതില്ല. ഇതൊക്കെ വിട്ടു പ്രേതത്തെപ്പോലെയും സഞ്ചരിച്ചെന്നു വരാം.

No comments: