Saturday, February 23, 2019

 മനസ്സെന്താണ്‌? മനസ്സിന്റെ ഊര്‍ജ്ജം ഏതുപ്രാകാരത്തിലുള്ളതാണ്‌? ഭഗവാന്‍ ഗീതയില്‍ പറയുന്നു മനമേവ മനുഷ്യാണം കാരണം ബന്ധമോക്ഷയേ. അര്‍ജ്ജുനാ, മനസ്സുതന്നെയാണ്‌ മനുഷ്യന്റെ ബന്ധനത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്‌. അതുക്കൊണ്ട്‌ ആദ്യം മനസ്സിനെ അറിയുക. മനസ്സിനെ അറിയാത്തവനു മനഃസമാധാനവുമുണ്ടാവുകയില്ല.
കേനേഷിതം പ്രേഷിതം മനഃ വളരേ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുക്കൊണ്ടാണ്‌ ശിഷ്യന്‍ ഈ ചോദ്യം ചോദിക്കുന്നത്‌. മനസ്സിനെ ആരാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌? അതിന്റെ പുറകിലുള്ള രഹസ്യമെന്താണ്‌?
യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ സൃഷ്‌ടിയാണ്‌ ഈ ലോകം. ലോകത്തെ ഓരോരുത്തര്‍ കാണുന്നത്‌ ഓരോരോ വിധത്തിലാണ്‌. കുട്ടികാണുന്ന ലോകമല്ല അമ്മ കാണുന്നത്‌. അതില്‍ നിന്നും വ്യത്യസ്‌തമാണ്‌ അച്ഛന്‍ കാണുന്ന ലോകം. അതുക്കൊണ്ടാകാം നമ്മള്‍ സാധാരണയായി ചോദിക്കുന്നത്‌, ``നിങ്ങള്‍ ഏതുലോകത്തിലാണ്‌''? ഓരോരുത്തര്‍ ഓരോരോ ലോകത്തിലാണ്‌. അതാകട്ടെ അവരുടെ മനസ്സ്‌ സൃഷ്‌ടിക്കുന്നതും. ആ മനസ്സിന്റെ ഊര്‍ജ്ജം ഏതാണ്‌? അതിനെ പ്രവര്‍ത്തിപ്പിക്കുന്ന കൈകള്‍ ആരുടേതാണ്‌? വളരേ വിസ്‌തരിക്കാനുള്ള ഒരു വിഷയം തന്നെ!
അടുത്ത ചോദ്യം കേന പ്രാണഃ പ്രഥമഃ പ്രൈതിയുക്തഃ എന്നാണ്‌. ആരുടെ പ്രേരണയാലാണ്‌ പ്രധാനപ്പെട്ടതായ പ്രാണന്‍ പ്രവര്‍ത്തിക്കുന്നത്‌? മനസ്സും പ്രാണനും വളരേയധികം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സ്‌ ശാന്തമാകണമെങ്കില്‍ പ്രാണന്‍ ശാന്തമാകണം. നമ്മള്‍ വളരേ ശാന്തതയോടെ ഒരിടത്ത്‌ അനങ്ങാതെയിരിക്കുന്നു. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ അവസ്ഥ ഒരു കിലോ മീറ്റര്‍ ഓടിയതുപ്പോലെയാകും. അത്രയും തളര്‍ച്ചയും ക്ഷീണവും എങ്ങനെയാണ്‌? ഒരാളോട്‌ തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍, നമ്മള്‍ക്കു ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഒരാള്‍ മുന്നില്‍ വന്നാല്‍ നമ്മള്‍ വല്ലാതെ കിതക്കാന്‍ തുടങ്ങും. എന്താണിതിനു കാരണം? മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ പ്രാണന്റെ ഗതിവേഗം കൂടുന്നു. മനസ്സു ശാന്തമാകുന്നതോടെ പ്രാണനും ശാന്തമാകുന്നു. മനസ്സും പ്രാണനും തമ്മിലുള്ള ബന്ധത്തെ അറിഞ്ഞുക്കൊണ്ടാണ്‌ ശിഷ്യന്റെ ഈ ചോദ്യം. ഒന്നാമതായ പ്രാണന്‌ പ്രവര്‍ത്തിക്കാന്‍ വേണ്ട പ്രേരണ നല്‍കുന്നത്‌ ആരാണ്‌?
ഒന്നാമനായ പ്രാണന്‍, വളരേ വിസ്‌തരിച്ചു തന്നെ അതിനെ മനസ്സിലാക്കണം. ഗര്‍ഭത്തിലിരിക്കുന്ന ശിശു അമ്മയിലൂടെയാണ്‌ പ്രാണനെ ഉള്‍ക്കൊള്ളുന്നത്‌. അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നതിനു ശേഷം അവന്‍ ആദ്യത്തെ പ്രാണനെ ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നു ഈ പ്രാണപ്രക്രിയ നിരന്തരം നടന്നു പോകുന്നു. ആദ്യത്തെ പ്രാണന്‍ പ്രഥമ പ്രാണനാണ്‌. മുഖ്യനായ പ്രാണന്‍ എന്ന നിലയിലും അത്‌ ഒന്നാമനാണ്‌.
ആ ആദ്യ പ്രാണനെ, ഈ സമഷ്‌ടി പ്രാണനില്‍ നിന്നും വ്യഷ്‌ടിയിലേക്കെടുക്കാന്‍, എന്നിലേക്കെടുക്കാന്‍ പ്രേരിപ്പിച്ച ശക്തിയേതാണ്‌? ആ ശക്തിയുടെ തുടര്‍ പ്രക്രിയയായിട്ടാണ്‌ ഞാന്‍ ഇപ്പോഴും ശ്വസിച്ചുക്കൊണ്ടിരിക്കുന്നത് .ശ്വസന പ്രക്രിയയില്‍ എന്നെ നിയന്ത്രിച്ചുക്കൊണ്ടിരിക്കുന്ന അദൃശമായ ആ ചേതനയേതാണ്‌? ഈ ചോദ്യത്തില്‍ മതമൊ, യുക്തിവാദമൊ, നിരീശ്വരവാദമൊ ഒന്നുമില്ല.
Kenopanishad 06  
Swami Nirmalanandagiri

No comments: