നമ്മള്‍ ഭൂതകാലത്തെ ഓര്‍ത്ത് വിലപിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ ആരായേണ്ടതും. ശ്രീശങ്കരന്റെ മഹത്വവും മേന്മയും മാനവിക കാഴ്ചപ്പാടും ദര്‍ശനങ്ങളും ഉപദേശങ്ങളും മനസിലാക്കാന്‍ ശ്രമിച്ചാല്‍ പലതിനും പരിഹാരം കണ്ടെത്താനാകും. ആദ്ധ്യാത്മിക ആചാര്യന്മാരില്‍ അഗ്രഗണ്യന്‍, ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശ്രേഷ്ഠനായ തത്വജ്ഞാനി, സമ്യഗ്വാക്‌സിദ്ധിയുള്ള കവി, ഗ്രന്ഥകാരന്‍ എന്നീ വിശേഷണങ്ങള്‍ക്കു പുറമെ പ്രായോഗികപരിഷ്‌കര്‍ത്താവും ശേഷിമാനായ സംഘാടകനുംകൂടിയായ ജഗദ്ഗുരു ശ്രീശങ്കരന്‍ അമാനുഷപ്രഭാവനാണ്. യുഗാചാര്യനുമാണ്. ദാര്‍ശനികതലത്തില്‍ അദ്ദേഹത്തിന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദവും. അതാകട്ടെ അദ്വൈത സിദ്ധാന്തത്തിന്റെ ഉദ്‌ഘോഷണവുമാണ്. മാറുന്ന ലോകത്തില്‍ മാറാത്ത മൂല്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ശ്രീശങ്കരദര്‍ശനങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ആചാര്യ ഭഗവദ്പാദരുടെ തൂലിക സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു വിഷയവും ദര്‍ശനത്തിന്റെ മേഖലയില്‍ ഉണ്ടാകില്ല. എഴുതേണ്ടതെല്ലാം എഴുതി 16-ാം വയസില്‍ നാരായം താഴെവച്ചു. ''ഈ പതിനാറുകാരന്‍ എഴുതിയതാകട്ടെ ഇന്നും വിശ്വദാര്‍ശനികന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പിപ്പിക്കുകതന്നെ ചെയ്യുന്നു. ശാസ്ത്രത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശങ്കക്ക് പഴുതില്ലാത്തവിധം ഭാഷ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വശാസ്ത്രത്തിന്റെ മേഖലയില്‍ ആചാര്യപാദര്‍ക്ക് പറയാന്‍ കഴിയാത്ത വല്ലതും ഈ ഭൂമുഖത്ത് മറ്റൊരാചാര്യന് പറഞ്ഞുതാരാനാകുമെന്ന് സങ്കല്‍പ്പിക്കാന്‍പോലും സാധ്യമല്ല.'' ഇത് സ്വാമി വിവേകാന്ദന്റെ രേഖപ്പെടുത്തലാണ്. വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ആന്ദ്രെ മാല്‍റോ അരിസ്‌റ്റോട്ടിലിന് മേലേയുള്ള സ്ഥാനമാണ് ശ്രീശങ്കരന് നല്‍കിയിട്ടുള്ളത്. ശ്ലോകാര്‍ദ്ധേന പ്രവക്ഷ്യാമി യ ദുക്തം ഗ്രന്ഥ കോടി ഭിഃ ബ്രഹ്മസത്യം ജഗന്‍മിഥ്യാ ജീവോ ബ്രഹ്‌മൈവനാളപരഃ ''കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞതെന്തോ അത് അരശ്ലോകത്തിലാക്കി ഞാന്‍ പറയുകയാണ്. ബ്രഹ്മം സത്യം ജഗത്ത് മിഥ്യാ. ജീവാത്മാവ് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല.'' ശ്രീശങ്കരന്റെ അപൂര്‍വ്വ സിദ്ധിയാണ് ഈ കഴിവ്. ചുരുക്കി പറയുക എന്നത് ഒരു കലയാക്കി മാറ്റിയവരാണ് ഋഷീശ്വരന്മാര്‍. സൂത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൃതികള്‍ ഈ പറഞ്ഞതിനുള്ള ഉദാഹരണമാണ്. മിഥ്യയെന്നാല്‍ അയഥാര്‍ത്ഥമെന്നാണ് അര്‍ത്ഥം. ബ്രഹ്മം നിര്‍ഗുണമാണെന്നും ജീവാത്മാവും പരമാത്മാവും ഏകമാണെന്നും തെളിയിക്കുവാന്‍ ശ്രീശങ്കരനല്ലാതെ ആര്‍ക്കും കഴിയില്ല. മോക്ഷത്തിനു (മോഹത്തില്‍നിന്നുള്ള മുക്തി) കാരണം ജ്ഞാനമാണെന്നും ജ്ഞാനലബ്ധിക്ക് കര്‍മ്മമാണ് ഉപായമെന്നും ആചാര്യന്‍ ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 12-ാം വയസില്‍ പൂര്‍ണജ്ഞാനം ഉദിച്ചിരുന്നു. നവോത്ഥാനത്തിന്റെ പ്രവാചകനാണ് ശ്രീശങ്കരന്‍. അദ്ദേഹം ഉദ്‌ഘോഷിച്ചത് ബ്രാഹ്മണത്വസ്യ ഹി രക്ഷണേന രക്ഷിതഃ സ്യാദ് വൈദികോ ധര്‍മ്മഃവൈദികധര്‍മ്മത്തിന്റെ നിലനില്‍പ്പ് ബ്രാഹ്മണത്വത്തിന്റെതന്നെ സംരക്ഷണത്തിലൂടെയാണെന്നാണ് അര്‍ത്ഥം. ബ്രാഹ്മണത്വവും ബ്രാഹ്മണനും രണ്ടും രണ്ടായിത്തന്നെ കാണണം. സുബ്രഹ്മണ്യന്‍ എന്ന പദത്തിന് തികഞ്ഞ ബ്രാഹ്മണ്യമുള്ളവന്‍ എന്ന് അര്‍ത്ഥമുള്ളതായി കരുതണം. ബ്രാഹ്മണ്യം അഥവാ ബ്രാഹ്മണത്വം എന്നു പറഞ്ഞാല്‍ ''ബ്രഹ്മ അധീതേ വാത്തിവാ ഇതി ബ്രാഹ്മണഃ'' വേദങ്ങള്‍ പഠിച്ചവനും അവയുടെ പൊരുള്‍ മനസിലാക്കിയവനുമാണ് ബ്രാഹ്മണന്‍. എല്ലാ വേദങ്ങളും ധര്‍മ്മമാകുന്ന മൂല്യത്തോടുകൂടിയവയാകുന്നു. ശ്രീശങ്കരന്‍ പ്രോത്‌സാഹിപ്പിച്ചത് ബ്രാഹ്മണരെയല്ല മറിച്ച് ബ്രാഹ്മണത്വത്തെയാണ്. ഇക്കാര്യം മറച്ചുവെച്ച് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടന്നുവരുന്നു എന്നത് ഗൗരവകരമായി കാണുകതന്നെ വേണം. കാലടിയില്‍ ഭൂജാതനായ ശ്രീശങ്കരന്‍ ബ്രഹ്മചാരി (വിദ്യാര്‍ത്ഥി)യായിരുന്ന സമയത്ത് മാതാവിന് കൂടുതല്‍ ദൂരം നടന്ന് പുഴയില്‍ പോകുന്നതിന് ശാരീരിക അസ്വാസ്ഥ്യം തടസമായതിനാല്‍ അതിന് പരിഹാരമായി ദൂരെക്കൂടെ ഒഴുകിയിരുന്ന പൂര്‍ണ്ണാ (പെരിയാര്‍) നദിയുടെ ഗതി ഗൃഹസമീപത്തുകൂടിയാക്കിയതും കനകധാരാ സ്‌തോത്രം ചൊല്ലി ദരിദ്രകുടുംബത്തെ സ്വര്‍ണ്ണകമലവൃഷ്ടിയാല്‍ അനുഗ്രഹിച്ചതും ഐതീഹ്യങ്ങളാണ്. പെരിയാറിന്റെ ഗതിമാറ്റം വ്യക്തമായി കാണാനാകും. അതുപോലെ എറണാകുളം ജില്ലയില്‍ പട്ടിമറ്റത്തിന് സമീപപ്രദേശമായ പഴന്തോട്ടത്തുള്ള സ്വര്‍ണ്ണത്തുമന ഇന്നും നിലകൊള്ളുന്നുണ്ട്. മഹാഗണപതി തുടങ്ങി ആഞ്ജനേയസ്വാമിവരെയുള്ള മൂര്‍ത്തികളെ സ്തുതിച്ചുകൊണ്ടുള്ള സ്‌തോത്രങ്ങള്‍ ശ്രീശങ്കരവിരചിതമാണെങ്കിലും അക്കാര്യം ഭൂരിപക്ഷത്തിനും അറിവില്ല. മഹാക്ഷേത്രങ്ങളിലെ പൂജാവിധികളും ക്രമവും ചിട്ടപ്പെടുത്തിയത് ശ്രീശങ്കരനാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തൃശിവപേരൂര്‍ വടക്കുംനാഥന്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര അങ്ങനെ പോകുന്നു പേരുകള്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കടുകിട വ്യത്യാസമില്ലാതെയാണ് നടന്നുവരുന്നത്. ശ്രീരാമകൃഷ്ണദേവന് സന്ന്യാസം കൊടുത്ത തോതാപുരിയും ശ്രീശങ്കരപരമ്പരയില്‍പ്പെട്ടതാണ്. അതിനാല്‍ ആ പരമ്പരയില്‍പ്പെട്ടതാണ് സ്വാമി വിവേകാനന്ദനും. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അതേ കണ്ണിയാണെന്ന് അഭിമാനപൂര്‍വ്വം പറയാനാകും. ശൃംഗേരി ശാരദാപീഠത്തിലെ 33-ാമത് പീഠാധിപതി ശങ്കരാചാര്യ ശിവാഭിനവ നരസിംഹസ്വാമികളാണ് രേഖകളുടെ അടിസ്ഥാനത്തില്‍ ശ്രീശങ്കരന്റെ ജന്മഭൂമി കാലടിയാണെന്ന് ആധികാരികമായി പ്രഖ്യാപിച്ചത്. 1910 ല്‍ ഇന്നു കാണുന്ന ക്ഷേത്രസമുച്ചയത്തിന്റെ കുംഭാഭിഷേകം നടന്നു. ജഗദ്ഗുരുവിനെ സാധാരണക്കാരായവര്‍ക്ക് മനസിലാക്കിക്കൊടുത്തത് ആധുനിക കാലടിയുടെ ശില്‍പിയായ ആഗമാനന്ദസ്വാമികളായിരുന്നു. 1936 ലെ ശ്രീശങ്കരജയന്തിദിവസം ആരംഭിച്ച കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം കേന്ദ്രമാക്കി അനുസ്യൂതം അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ആഗമാനന്ദസ്വാമികള്‍ നടത്തിവന്ന ശ്രീശങ്കരജയന്തി ആഘോഷങ്ങളും ശ്രീശങ്കരതത്വങ്ങളുടെ പ്രചാരണവും ഇന്ന് ഏറ്റെടുത്തു നിര്‍വഹിച്ചുവരുന്നത് 2004 ല്‍ തുടങ്ങിയ ആദിശങ്കര ജന്മദേശ വികസനസമിതി എന്ന പ്രസ്ഥാനമാണ്....janmabhumi
No comments:
Post a Comment