പൂതനാമോക്ഷം എന്നലീലയിലൂടെ ഭഗവാൻ തന്റെ ഭൂഭാരം തീർക്കാനുള്ള ലീലകളെ ആരംഭിച്ചു. മഹാപാപിയായിരുന്നു എങ്കിലും കരുണാവത്സലനായ ഭഗവാന്റെ കൈകൊണ്ട് മരണം നേടിയതിനാൽ പുനരാവർത്തിയില്ലാത്ത മോക്ഷം നേടാൻ അവൾക്ക് കഴിഞ്ഞു. ഭാഗവതത്തിലെ മൂന്നാം സ്കന്ധത്തിൽ 23 മത്തെ ശ്ലോകത്തിൽ ഭഗവാന്റെ കാരുണ്യത്തെ കുറിച്ച് ഉദ്ദവർ വിദുരനോടു പറയുമ്പോൾ ഈ പൂതനാ മോക്ഷത്തെ ഉദാഹരണമായി പറയുന്നുണ്ട്. സ്തനങ്ങളിൽ വിഷംപുരട്ടി വധിക്കാനായ് വന്ന ബകാസുരന്റെ സഹോദരിയായ പൂതനയ്ക്കും ഭഗവാൻ അമ്മയുടെ സ്ഥാനം കൊടുത്തു മുക്തിയെ പ്രദാനം ചെയ്ത ഭഗവാന്റെ കാരുണ്യം അപാരം തന്നെ. ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുത ഈ അദ്ധ്യായത്തിലെ പത്താമത്തെ ശ്ലോകത്തിൽ പറയുന്നത് *തസ്മിൻ സ്തനം* എന്നാണ്. അതായത് മുലകൊടുത്തു എന്നേ പറയുന്നുള്ളൂ, പാൽ കൊടുത്തു എന്ന് പറയുന്നില്ല. *സ്തന്യം* എന്നാൽ പാൽ. അപ്പോൾ സ്തനമേ കൊടുത്തുള്ളൂ, അതും വിഷം പുരട്ടി, എന്നിട്ടും യോഗിഗൾക്കു പോലും ദുർല്ലഭമായ മുക്തിയെ കൊടുത്തു ഭഗവാൻ. ഇനി ഇവിടുന്നങ്ങോട്ടുള്ള കൃഷ്ണ ലീലകളിൽ, തന്റെ സ്തുതിയിൽ നേരത്തെ ഭീഷ്മർ പറഞ്ഞതുപോലെ, ഭഗവാൻ മുക്തിയെ വാരി വാരി കൊടുത്തിരിക്കുന്നു, ഭക്തർക്കു മാത്രമല്ല ശത്രുക്കൾക്കും. മറ്റൊരവതാരത്തിലും ഭഗവാൻ ഇതുപോലെ മുക്തിയെ വാരി കൊടുത്തിട്ടില്ല. അതാണ് ശ്രീകൃഷ്ണാവതാരത്തിന്റെ മഹിമ. ദുഷ്ടയായ പൂതനയ്ക്കും അതുപോലെ കംസഭൃത്യന്മാരായി വന്ന എത്രയെത്ര അസുരന്മാർക്കുമാണ് ഭഗവാൻ ഈ അവതാരത്തിൽ മുക്തികൊടുത്തനുഗ്രഹിച്ചിട്ടുള് ളത്. അപ്പൊ പിന്നെ മനസ്സലിഞ്ഞു ഭഗവാനെ വിളിച്ചവരുടെ കാര്യം പറയണോ? മുക്തിയെന്നല്ല എന്തുതന്നെ കൊടുക്കില്ല?
*കൃഷ്ണാത്പരം കിമപിതത്ത്വമഹം ന ജാനേ*.
No comments:
Post a Comment