Thursday, February 28, 2019

ശ്രീമദ് ഭാഗവതം 76* 
പുറത്ത് വന്ന കുട്ടിയെ അമ്മ എങ്ങനെ വളർത്തണം എന്ന് ഇവിടെ സുനീതി കാണിച്ചു തരാണ്. 

ആരാധയാ അധോക്ഷജ പാദപത്മം. 

ഈ കഥ പറയുമ്പോഴൊക്കെ വിവേകാനന്ദ സ്വാമികൾ പറഞ്ഞ  ഒരു കഥ ഓർമ്മ വരും. മദാലസ എന്ന് പറയണ ഒരു രാജ്ഞി. ആ രാജ്ഞിക്ക് ജനിക്കണ കുട്ടികളെ ഒക്കെ രാജ്ഞി വളർത്താണ്.  തൊട്ടിയിൽ ഇട്ട് ആട്ടുന്ന വയസ്സ് കുട്ടികൾക്ക്.  തൊട്ടിലാട്ടുമ്പോ ആ അമ്മ പാടും അത്രേ. സാധാരണ കുട്ടികൾ കരയുമ്പോ നമ്മളൊക്കെ താരാട്ട് പാടും. ല്ലേ. കുട്ടികളെ ഉറക്കാനായിട്ട് താരാട്ട് പാടും. 

ഇവിടെ ഈ അമ്മ 'ഉണർത്താനായിട്ട്' താരാട്ട് പാടി. നമ്മള് താരാട്ട് ന്താ പാടുക? ആരാരോ ആരി രാരോ. ല്ലേ. അതു തന്നെ തത്വം ആണ്. ആരാരോ. നീ ആരാണ്?  എവിടുന്നാ വന്നത്? കുഞ്ഞേ ആരാരോ നീ ആരോ ഞാൻ ആരോ എവിടെ നിന്ന് വന്നു? എവിടെ നിന്നോ നമുക്ക് തമ്മിൽ ബന്ധം ഏർപ്പെട്ടിരിക്കണു. 

ഈ മദാലസ ഓരോ കുട്ടിയേയും തൊട്ടിലിലിട്ട് ആട്ടുമ്പോ കുഞ്ഞ് കരയുമ്പോ കുഞ്ഞേ കരയരുത്. 
 കിം നാമ രോദിഷി ശിശോ ന ച തേ സ്ത്വി കാമ:
കിം നാമ രോദിഷി ശിശോ ന ച തേ പ്രലോഭ:
കിം നാമ രോദിഷി ശിശോ ന ച തേ വിമോഹോ 
ജ്ഞാനാമൃതം സമരസം ഗഗനോപമോസി 
ശുദ്ധോസി ബുദ്ധോസി നിരജ്ഞനോസി 
പ്രപഞ്ചമായാ പരിവർജ്ജിതോസി 

കുഞ്ഞേ നീ ശുദ്ധനാണ് നീ ബുദ്ധനാണ് നിരജ്ഞനനാണ് പ്രപഞ്ചത്തിന്റെ കളങ്കം ഒന്നും നിന്റെ ഉള്ളിൽ ഏശിയിട്ടേ ഇല്ല്യ. യാതൊന്നും നിന്നെ സ്പർശിക്കില്ല്യ. നീ ശരീരമല്ല ആത്മാവാണ് എന്ന് ജ്ഞാനിയായ ആ അമ്മ കുട്ടികളെ പാടി പാടി തൊട്ടിലാട്ടി.   കരയുമ്പോഴൊക്കെ ഈ മന്ത്രം ചൊല്ലി ചൊല്ലി  മന്ത്രം പാട്ടിന്റെ രൂപത്തിൽ ചൊല്ലി വളർന്ന കുട്ടികളൊക്കെ ജ്ഞാനികളായിട്ട് തീർന്നു. എന്ന് മാത്രല്ല അവരാരും രാജ്യഭരണം സ്വീകരിക്കാതായി. രാജ്യഭരണം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങി പുറപ്പെട്ടു. അവരെല്ലാം ജീവന്മുക്തന്മാരായി. 

അവസാനം രാജാവ് പറഞ്ഞു നീ ഇങ്ങനെ കുട്ടികളെ ഒക്കെ ജ്ഞാനികളാക്കിയാൽ ആര് രാജ്യം ഭരിക്കും? രാജ്യം ഭരിക്കാനായി ഞങ്ങൾക്ക് ഒരാളെ വിട്ടു തരൂ. അങ്ങനെ ഒരു കുട്ടിയെ അമ്മയിൽ നിന്നും മാറ്റി വളർത്തി. ആ കുട്ടി വളർന്ന് അമ്മ മരിക്കാറായപ്പോ അദ്ദേഹം രാജാവായി. പുത്രനെ അടുത്ത് വിളിച്ചിട്ട് അമ്മ ഒരു പെട്ടി കൊടുത്തു കൈയ്യില്. എന്നിട്ട് പറഞ്ഞു. എപ്പോഴെങ്കിലും സഹിക്കവയ്യാത്ത ദു:ഖം വരുമ്പോ മാത്രം ഈ പെട്ടി തുറക്കുക. അതിന് മുമ്പ് തുറക്കരുത്. അങ്ങനെ പറഞ്ഞ് അമ്മ ആ പെട്ടി പുത്രന്റെ   കൈയ്യിൽ കൊടുത്തു. 

കുട്ടി രാജ്യഭരണം ഒക്കെ നടത്തി. കുറേക്കാലം കഴിഞ്ഞു. ഈ ജ്ഞാനികളായി പ്പോയ ജ്യേഷ്ഠന്മാർ ണ്ടല്ലോ  വിവാഹിതരായി കുട്ടികൾ ഒക്കെ ണ്ടായി. അവരും ഒക്കെ വലുതായി കഴിഞ്ഞു. അവരൊക്കെ രാജ്യം ഭരിക്കാനുള്ള വയസ്സ് ആയപ്പോ ഈ പോയ ജ്ഞാനികളായ ഏട്ടന്മാരൊക്കെ തിരിച്ചു വന്നു. എന്നിട്ട് അവര് ഒരു നാടകം നടത്തി. ഇവിടെ വന്ന് ബഹളം കൂട്ടാ. ഈ രാജ്യം ഞങ്ങൾക്ക് ഉള്ളതാണ്. ഈ രാജ്യം ഞങ്ങൾക്ക് വിട്ടു തരിക എന്ന് ബഹളം കൂട്ടി. അപ്പോ ഇദ്ദേഹത്തിന് തോന്നി ഏട്ടന്മാരാണല്ലോ ഇങ്ങനെ ബഹളം കൂട്ടണത്. ഇവരൊക്കെ എന്ത് സന്യാസികൾ. ഒക്കെ സന്യാസികളായി പോയിട്ട് തിരിച്ചു വന്ന് രാജ്യം വേണം ന്ന് ചോദിക്കണുവല്ലോ എന്ന് വിഷമിച്ചു.

സഹിക്കവയ്യാത്ത ദുഖത്തോട് കൂടെ ഒരു മുറിയിൽ ചെന്ന് അമ്മ കൊടുത്ത ആ പെട്ടി അങ്ങട് തുറന്നു. തുറന്നപ്പോ ശുദ്ധോസി ബുദ്ധോസി നിരജ്ഞനോസി പ്രപഞ്ചമായാ പരിവർജ്ജിതോസി നീ ശുദ്ധനാണ് ബുദ്ധനാണ് നിരജ്ഞനനാണ് യാതൊരു കളങ്കവും നിന്നെ സ്പർശിക്കിണില്ല്യ എന്ന അമ്മയുടെ വാക്കാൽ ഇദ്ദേഹത്തിന്റെ ഉള്ളിൽ പൂർണ്ണമായി ജ്ഞാനം പ്രകാശിച്ചു. ഏട്ടന്മാരോട് പറഞ്ഞു രാജ്യം ഒക്കെ എടുത്തോളുക എനിക്ക് വേണ്ട. ഏട്ടന്മാര് പറഞ്ഞു അതിനാണ് ഞങ്ങൾ വന്നിരിക്കണത്. വരൂ പോകാം. വയസ്സായിരിക്കണു എത്ര കാലം നീ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത്രേ. ഇവർക്കെല്ലാവർക്കും ഗുരു അമ്മയാണ്.  ആ അമ്മ കുഞ്ഞുങ്ങൾക്ക് ഉപദേശിച്ച് ഉപദേശിച്ച് ഉപദേശിച്ച് മുലപ്പാലോടൊപ്പം ജ്ഞാനവും കൊടുത്തു. പാലിനോടൊപ്പം ആത്മ ജ്ഞാനം കൊടുത്തു അത്രേ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..* Lakshmi prasad

No comments: