Thursday, February 21, 2019

ഹനുമത് പ്രഭാവം-6
തുളസീ ദാസ രാമായണം ഹിന്ദിയിൽ എഴുതിയതാണെങ്കിലും അതിൽ സംസ്കൃതത്തിൽ ഒരു ശ്ലോകമുണ്ട് .
സീതാ രാമ ഗുണ ഗ്രാമ
പുണ്യാരണ്യ വിഹാരിണൗ
വന്ദേ വിശുദ്ധ വിജ്ഞാനൗ
കവീശ്വര കപീശ്വരൗ
കവീശ്വരൻ വാല്മീകി കപീശ്വരൻ ഹനുമാൻ.രണ്ടു പേരും വനത്തിൽ വിഹരിക്കുന്നു. രണ്ടു പേരും വലിയ ജ്ഞാനികൾ.നിത്യ സൂരികൾ എന്ന് മാദ്ധ്വർകൾ എന്ന സമ്പ്രദായക്കാർ വിളിക്കും. മാദ്ധ്വ സമ്പ്രദായത്തിൽ അഞ്ച് ഭേദങ്ങളുണ്ട്. ഒന്ന് ജീവനും ഈശ്വരനും തമ്മിലുള്ള ഭേദം, രണ്ട് ജീവനും ജീവനും തമ്മിലുളള ഭേദം , ജഡത്തിനും ചൈതന്യത്തിനും തമ്മിലുള്ള ഭേദം, നിത്യ മുക്തനും നിത്യ ബദ്ധനും തമ്മിലുള്ള ഭേദം.നിത്യ സൂരികൾ അഥവാ നിത്യ മുക്തർ എന്ന് ചിലരുണ്ട് അവരുടെ കണക്കനുസരിച്ച്. അതിൽ നാരദൻ, ഹനുമാൻ, വസിഷ്ഠ, വിശ്വാമിത്ര മഹർഷികൾ എന്നിവർ പെടും.
ഭഗവത്പാദർ സൂത്രഭാഷ്യത്തിൽ പറയുന്നുണ്ട് ഈശ്വര നിയതിയാൽ നിത്യ സൂരികൾ എപ്പോഴും ആ ഭാവത്തിൽ നിലനില്ക്കും. അതിനാൽ ഏത് കാലത്തും ഗുരു ഇല്ല എന്ന് കരുതി ആകുലപ്പെടേണ്ടതില്ല. പക്വമായാൽ ഇവരെല്ലാം എല്ലാ കാലത്തും നമ്മുക്ക് വഴി കാട്ടാനുണ്ടാകും.
സദാ രാമ നാമം ജപിക്കുന്ന ത്യാഗരാജ സ്വാമികൾക്ക് സംഗീതത്തിൽ ഒരു സംശയം വന്നു. ഗ്രന്ഥങ്ങളൊക്കെയും പരതിയിട്ടും സംശയ നിവൃത്തിയുണ്ടായില്ല. അപ്പോൾ അവിടേയ്ക്ക് ഒരു ബ്രാഹ്മണൻ വരുകയുണ്ടായി. അങ്ങയെ കാണാൻ വന്നതാണ്. എന്റെ പരമ്പരയിൽ ഒരു ഗ്രന്ഥം ഉണ്ട് ' സ്വരാർണ്ണവം' എന്ന് പേര് . അതങ്ങയ്ക്ക് നല്കാനാണ് വന്നത്. ആ ഗ്രന്ഥത്തിലൂടെ കടന്നു പോകുന്തോറും ത്യാഗരാജ സ്വാമികളുടെ സംശയങ്ങൾക്ക് നിവൃത്തി വന്നു കൊണ്ടേയിരുന്നു. ആനന്ദത്തോടെ ഗ്രന്ഥം നോക്കി കൊണ്ട് സ്വാമികൾ ചോദിച്ചു താങ്കൾക്ക് സംഗീത മറിയുമോ. ബ്രാഹ്മണൻ മധുര ശബ്ദത്തിൽ പറഞ്ഞു ഞാൻ വീണ വായിക്കും എന്റെ അമ്മ അതിലും നന്നായി വീണ വായിക്കും. ഇത് കേട്ട് സ്വാമികൾ മുഖമുയർത്തി നോക്കിയപ്പോൾ ആളെ കാണാനില്ല. ആ നാരദ സ്വാമികളെ ഗുരുവായി കണക്കാക്കി രണ്ട് മൂന്ന് കീർത്തനങ്ങൾ ത്യാഗരാജ സ്വാമികൾ രചിക്കുകയുണ്ടായി.സ്വന്തം അനുഭവങ്ങളാണ് കീർത്തനങ്ങൾക്ക് ആധാരമായത്.
ഇപ്പോൾ ചിലർ കീർത്തനങ്ങൾ എഴുതാറുണ്ട് . അത് വെറും carpentary of words ആണെന്ന് പറയാം. കീർത്തനങ്ങൾ വെറുതെ എഴുതാൻ സാധിക്കില്ല അത് ജീവിതവുമായി ഇടകലർത്തി വേണം എഴുതാൻ. ഒരു ഭാഗവതർ ഒരിക്കൽ രമണ ഭഗവാനോട് പറഞ്ഞു എത്ര മഹാൻമാരാണ് പാടി പാടി ഭഗവാനിൽ അടഞ്ഞത് . രമണ ഭഗവാൻ പറഞ്ഞു അവരെല്ലാം പാടി അടഞ്ഞതല്ല അടഞ്ഞത് പാടിയതാണ്. മഹാൻമാരുടെ അനുഭൂതിയാണ് വെളിയിൽ പാട്ടായും ശ്ലോകമായും ഒക്കെ വന്നത്. ഇതുപോലെ എവിടെയെല്ലാം രാമ നാമ ജപം നടന്നിരിക്കുന്നുവോ അവിടെയെല്ലാം ആജ്ഞനേയ സ്വാമികളും വന്നിട്ടുണ്ട്.
Nochurji ..Malini dipu.🙏🙏
malini dipu

No comments: