Thursday, February 21, 2019

ഹനുമത് പ്രഭാവം-4

രാമ എന്നത് ചപലാക്ഷിയുടെ നാമമാണ്. അഴകുള്ള പെൺകുട്ടി എന്നർത്ഥം. ഭജഗോവിന്ദത്തിൽ സുഖതഃ ക്രിയതേ രാമാ ഭോഗാഃ എന്ന് പറയുന്നു. അതിൽ രാമാ എന്നത് സ്ത്രീയാണ്. ഇത് തന്നെ 'രാമ' എന്നാകുമ്പോൾ ഭഗവത് നാമമാകുന്നു.

എന്താണ് രാമ നാമത്തിന്റെ മഹിമ. രണ്ടക്ഷരം മാത്രമല്ലയോ അത്. വെറും ശബ്ദമല്ലേ. വെറും കല്ലല്ലേ പലയിടത്തും ഈശ്വരമൂർത്തിയാകുന്നത്. ചിലയിടത്ത് വണ്ടിയിടിച്ച് റോഡിൽ നായ ചത്തു കിടക്കുന്നത് കാണാം. ആശ്ചര്യം തോന്നും ഇതു തന്നെയല്ലേ കുറച്ചു മുൻമ്പേ ഓടി നടന്നത് കുരച്ചത്. അതിനുള്ളിൽ എന്തോ ഒരു ചൈതന്യം ഉണ്ടായിരുന്നത് പോയിട്ട് ഇപ്പോൾ വെറും ജഡമായിരിക്കുന്നു.

ഒരു വാക്കിന് നാല് പാദങ്ങളുണ്ട്. അതിൽ സ്ഥൂലമായ ശബ്ദത്തെയാണ് മനുഷ്യൻ ഉച്ചരിക്കുന്നത്.അതിന്  വൈഖരിയെന്ന് പേര്. Tape recorder ൽ കേൾക്കുന്നത് വെറും ജഡ ശബ്ദം. ത്യാഗരാജ സ്വാമികൾ ഒരു കീർത്തനത്തിൽ പറയുന്നു നാഭി ഹൃദ് കണ്ഠ രസന. ശബ്ദം എങ്ങനെയെന്നാൽ നാഭിയിൽ നിന്ന് ഹൃദയത്തെ സ്പർശിച്ച് കണ്ഠത്തെ സ്പർശിച്ച് വരണം. ഇപ്പോൾ എല്ലാവർക്കും ശബ്ദം വായിൽ നിന്നാണ് വരുന്നത് ഹൃദയത്തിൽ നിന്നല്ല.

ഈ രാമ നാമവും അങ്ങനെയാണ്. ആരാണോ അത് ജപിച്ച് , അനുഭവിച്ച്, ആ അനുഭൂതിയിൽ ആ ശബ്ദം നാല് പാദങ്ങളേയും സ്പർശിച്ച് സ്വരൂപത്തേയും അഥവാ പരാ വാക്കിനേയും അഥവാ മൗനത്തേയും സ്പർശിച്ചുവോ, അങ്ങനെയുള്ളവർ ആ നാമത്തെ നമുക്ക് ഉപദേശിക്കേണ്ട ആവശ്യം കൂടിയില്ല. അവരുടെ പക്കൽ ചെന്നിരുന്നാലേ അനുഭൂതിയുണ്ടാകും. ജലദോഷം ഉണ്ടെങ്കിൽ അതാർക്കും കൊടുക്കേണ്ട ആവശ്യം ഇല്ല താനേ പകർന്നോളും. അതുപോലെ ജപം ചെയ്ത് അനുഭൂതിയുടെ തലത്തിൽ എത്തുന്ന മഹാന്മാർ അവരുടെ ഉള്ളിൽ ആ വാക്ക് ജീവൻ വെയ്ക്കുന്നു ഒരു തീ ജ്വാല പോലെ. അങ്ങനെയുള്ളവർ ഉപദേശിക്കാതെ തന്നെ അവരുടെ സന്നിധിയിൽ ആ മന്ത്രം നമ്മെ പിടിച്ചിരിക്കും. അതിനു ശേഷം അവർ ഉപദേശിക്കുന്ന ജ്ഞാനത്തിൽ ഒരു അചിന്ത്യ ശക്തി വന്നിരിക്കും.

വാല്മീകി രാമായണത്തിൽ എവിടെയെല്ലാം രാമ നാമം ചൊല്ലുന്നുവോ അവിടെ ഒരു മാധുര്യം അനുഭവപ്പെടുന്നു. കാരണം രാമ നാമത്തിൽ നിന്ന് ഊറി വന്ന മഹാനാണ് വാല്മീകി. രത്നാകരൻ എന്ന കാട്ടാളന് രാമനെന്ന രാജാവിനെ കുറിച്ചോ രാമൻ എന്ന ഭഗവാനെ കുറിച്ചോ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല. വെറും  'മരാ' എന്ന രണ്ടക്ഷരം ജപിക്കാനായി പെറുക്കി കൊടുത്തു ഋഷികൾ.

കാട്ടാളനായിരുന്നപ്പോൾ പല പാപങ്ങളും ചെയ്തു അതിൽ നിന്ന് കരകയറണം എന്ന് പ്രാർത്ഥിച്ചപ്പോൾ ഋഷികൾ നല്കിയ രണ്ട് അക്ഷരം ' മരാ'. അത് രാപ്പകൽ ജപിച്ച് ഉറുമ്പിന്റെ പുറ്റിൽ നിന്നും പുതിയ ജന്മം അതിനാൽ വാല്മീകി എന്ന് പേര് വന്നു.വല്മീകം എന്നാൽ ഉറുമ്പ് പുറ്റ്. ശിവനും വാല്മീക നാഥൻ എന്ന് പേരുണ്ട്.
കൊള്ളക്കാരനായിരുന്ന രത്നാകരൻ മരാ എന്ന രണ്ടക്ഷരത്തെ ജപിച്ച് വാല്മീകി മഹർഷിയായി. അദ്ദേഹത്തിനുണ്ടായ ഒരു ദർശനത്താൽ രാമായണം ജന്മം കൊണ്ടു.

Nochurji 🙏🙏
Malini dipu 

No comments: