Wednesday, February 27, 2019

സത്്സംഗം കൊണ്ട് പാപവര്‍ഗത്തില്‍ നിന്നുള്ള മോചനം ലഭ്യമാകുമെന്ന് കപില ഭഗവാന്‍ ദേവഹൂതിയോട് വ്യക്തമാക്കി. സജ്ജനങ്ങള്‍ ആരൊക്കെയാണെന്നും പറഞ്ഞു കൊടുത്തു. സത്സംഗം കൊണ്ട് ഭക്തിയുണ്ടാകും. ഭഗവല്‍കഥകള്‍ കേള്‍ക്കാനുള്ള താത്പര്യവും അവസരവും ഒരുങ്ങും. ഒരിക്കല്‍ കഥകള്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാനുള്ള താല്‍പര്യമുണ്ടാകും. 
 ഇതോടെ ഇന്ദ്രിയസുഖങ്ങള്‍ നശ്വരങ്ങളാണെന്നുള്ള അറിവു നേടാനാകും. നാം മുന്നില്‍ കാണുന്ന ലോകം തന്നെ നശ്വരമാണെന്ന് തിരിച്ചറിയും. ആലോകനം ചെയ്യാനാവുന്നതു കൊണ്ടാണ് ലോകം എന്ന പേരു തന്നെ വന്നത്. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചം. പഞ്ചഭൂതങ്ങളും നശിക്കുന്നതാണ്. ആ നിലയ്ക്ക് പഞ്ചഭൂത നിര്‍മിതമായ പ്രപഞ്ചവും നശിക്കുമെന്ന് ഉറപ്പ്. 
 പഞ്ചേന്ദ്രിങ്ങള്‍ കൊണ്ടുള്ള അറിവ് പ്രപഞ്ചം പോലെ തന്നെ നശ്വരമാണ്. പ്രപഞ്ചത്തെ നോക്കിക്കാണാനാണ് കണ്ണുകളും പ്രകാശവും എല്ലാം. പ്രപഞ്ചമില്ലെങ്കില്‍ കണ്ണുകളുടെ പ്രസക്തി തന്നെ നഷ്ടമാകുന്നു. പ്രപഞ്ചമില്ലെങ്കില്‍ നമ്മുടെ ശരീരവുമില്ല. നമ്മുടെ കണ്ണുകളുമില്ല, കാഴ്ചയുമില്ല. രൂപമുണ്ടെങ്കിലല്ലേ കാഴ്ചയ്ക്ക് പ്രസക്തിയുള്ളൂ. 
ഇത്തരം ചിന്തകള്‍ മുന്നോട്ട് പോകുമ്പോള്‍ ശരീരമില്ല. പിന്നെ ഞാനാര് എന്ന ചിന്തയിലേക്ക് നയിച്ചേക്കും. അപ്പോള്‍ നയിക്കുന്നതാര് എന്ന ചോദ്യവും കൂടിയാകുമ്പോള്‍ നാം ശരീരമല്ല, ആത്മാവാണെന്നും ആ ആത്മാവ് പരമാത്മാവ് തന്നെയെന്നും വ്യക്തമാക്കുന്നു. 
 ഇപ്പോള്‍  ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്റെ രചന തന്നെ. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം എന്റെ സൃഷ്ടിയാണ് എന്നു വരുമ്പോള്‍ ഞാന്‍ ഭഗവാന്‍ തന്നെയാണ്. ഇതാണ് യോഗം. അപ്പോള്‍ നാം യോഗമാര്‍ഗത്തിലാണ്. സത്സംഗം കൊണ്ട് നമുക്ക് യോഗമാര്‍ഗത്തിലെത്താന്‍ കഴിഞ്ഞു. സത്സംഗം ലഭിക്കും മുമ്പ് നാം ഭഗവാനില്‍ നിന്നും അന്യനായിരുന്നു. സത്സംഗം ലഭിച്ചതോടെ നാം അനന്യനായി. ഒന്നായിച്ചേര്‍ന്നു. നമ്മുടെ ശരീരത്തില്‍ ഇരുന്നു കൊണ്ടു തന്നെ പരമാത്മാവുമായി യോഗം പ്രാപിച്ച് പരമാനന്ദത്തെ അനുഭവിക്കാന്‍ സാധ്യമാകുന്നു. 
പ്രകൃതിയുടെ ഗുണങ്ങളെയെല്ലാം ജ്ഞാനവൈരാഗ്യങ്ങള്‍ കൊണ്ട് ഉപേക്ഷിച്ച്, ഭക്തിയാല്‍ സമര്‍പ്പിച്ച് എന്നില്‍ വിലയം പ്രാപിക്കാനാവുന്നു. 
'അസേവയായം പ്രകൃതേര്‍ഗുണാനാം 
 ജ്ഞാനേന വൈരാഗ്യ വിജൃംഭിതേന
 യോഗേന മയ്യര്‍പിതയാ ച ഭക്ത്യാ
 മാം പ്രത്യഗാത്മാനമിഹാവരുന്ധേ'   
 ഇവിടെ ഇരുന്നു കൊണ്ടു തന്നെ ഭക്തിയാല്‍ അത് സാധ്യമാകുന്നു. പ്രകൃതിയുടെ ഗുണങ്ങളെ വിട്ടുള്ള വൈരാഗ്യവും അതില്‍ നിന്നുണ്ടായ ജ്ഞാനവും ഭക്തിയുളവാക്കി, എന്നില്‍ അര്‍പ്പിത മനസ്സായി ആത്മസാക്ഷാത്ക്കാരം ലഭിക്കുന്നു. 
തനിക്ക് പരമാത്മാവില്‍ തിരിച്ചറിവുണ്ടായി. ഇതേ ശരീരത്തില്‍ തന്നെ ഭഗവാനെ പ്രാപിക്കാനുള്ള ശക്തിയുമാകുമെന്ന് കേട്ടതോടെ ദേവഹൂതി പ്രത്യേക അനുഭൂതിയിലായി. എനിക്ക് ഇത് സാധ്യമാകുമോ? മന്ദബുദ്ധിയായ എനിക്ക്, വെറുമൊരു സ്ത്രീയായ എനിക്ക് ഇത് സാധ്യമാകുമോ? വിശ്വസിക്കാനാവുന്നില്ല.  
ആനന്ദപരവശയായി ദേവഹൂതി കപില ഭഗവാന്റെ മറുപടിക്കായി കാതോര്‍ത്തു. കപിലഭഗവാനാകട്ടെ, തന്റെ ഈ അവതാരത്തിനുള്ള പാത്രമായി ഭവിച്ച ഈ അമ്മയോട് അതീവ സ്നേഹത്തോടെ സാംഖ്യം എന്ന തത്വശാസ്ത്രം ഭക്തിയോഗ വിതാനയോഗത്തോടെ വിവരിച്ചു. ഭഗവാനായിട്ടു പോലും തന്റെ ശരീരാവതാരത്തിന് ഗര്‍ഭപാത്രമൊരുക്കിയ അമ്മയോട് അതീവ സ്നേഹം ഉള്ളവനായിരുന്നു. മാതൃഭക്തിയെന്ന മര്യാദയേയും ഭഗവാന്‍ സ്വയം അനുഷ്ഠിച്ച് ലോകത്തിന് കാണിച്ചു കൊടുത്തു.
jayasankar ap

No comments: