Friday, February 22, 2019

കോഴിക്കോട് വാണിരുന്ന സാമൂതിരി തമ്പുരാന് ഒരിക്കല്‍ വലത്തേ തോളില്‍ കലശലായ വേദന വന്നു. വേദന വര്‍ധിച്ചു കൊണ്ടേയിരുന്നു. വൈദ്യന്മാരും മന്ത്രവാദികളും ജ്യോതിഷികളും എന്തൊക്കെ പരീക്ഷിച്ചിട്ടും തമ്പുരാന് വേദന മാറിയില്ല. മാത്രവുമല്ല, അത് അസഹ്യമായി തീര്‍ന്നു. ഒടുവില്‍, ബുദ്ധിമാനും സൂക്ഷ്മഗ്രാഹിയുമായ ഒരാളെത്തി. സാമൂതിരിപ്പാടിനെ കണ്ട് വിവരമെല്ലാം അന്വേഷിച്ചറിഞ്ഞു. എല്ലാം കേട്ടശേഷം ഈ വേദന ഞാന്‍ മാറ്റിത്തരാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. ഒരു തോര്‍ത്തുമുണ്ട് നനച്ച് വേദനയുള്ള തോളില്‍ വെക്കാന്‍ പറഞ്ഞു. 
എന്നാല്‍ ഈ പ്രയോഗം ഫലിക്കുമെന്ന് സാമൂതിരിത്തമ്പുരാന്‍ ഉള്‍പ്പെടെ ആര്‍ക്കും തോന്നിയില്ല. എങ്കിലും വേദന സഹിക്കവയ്യാതെ അതുമൊന്ന് പരീക്ഷിക്കാമെന്ന് തമ്പുരാന്‍ തീരുമാനിച്ചു. മുണ്ടുനനച്ചു പിഴിഞ്ഞു വലത്തേ തോളില്‍ വെച്ച് അല്പനേരം കഴിഞ്ഞതേയുള്ളൂ വേദന നിശ്ശേഷം മാറി. വേദന മാറ്റിത്തന്ന വിദ്വാനോട് തമ്പുരാന് അളവറ്റ മതിപ്പു തോന്നി. അയാള്‍ക്ക് സന്തോഷത്തോടെ വീരശൃംഖല ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കി.
 ദിവാന്‍ജി ഈ വിവരങ്ങളെല്ലാം കുറച്ച് നേരം കഴിഞ്ഞാണ് അറിഞ്ഞത്. ബുദ്ധിമാനായ ദിവാന്‍ജി അതുകേട്ടതും, കാര്യം തെറ്റിപ്പോയല്ലോ എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി പുറപ്പെട്ടു. ആരെയോ അന്വേഷിക്കുന്നതു പോലെ അവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു. ഒടുവില്‍ കോഴിക്കോട്ടങ്ങാടിയില്‍ എത്തി. അവിടെ സര്‍വാംഗസുന്ദരിയായ ഒരു യുവതി നില്‍പ്പുണ്ടായിരുന്നു.
ദിവാന്‍ജി അവരുടെ അരികില്‍ ചെന്ന് എനിക്ക് നിങ്ങളോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എന്താണെന്നു വച്ചാല്‍ പറഞ്ഞോളൂ എന്ന് യുവതി മറുപടി പറഞ്ഞു. പെട്ടെന്ന്, പരിഭ്രമം നടിച്ച്  ദിവാന്‍ജി ഇങ്ങനെ പറഞ്ഞു; 'ഞാനെന്റെ മുദ്ര കച്ചേരിയില്‍ വെച്ചു മറന്നു. അതെടുത്ത്  പെട്ടെന്ന് തിരികെ വരാം' എന്ന്. അതു വരെ ഇവിടെത്തന്നെ നില്‍ക്കണം. ഇവിടുന്നു പോകരുതെന്ന് യുവതിയെക്കൊണ്ട് ദിവാന്‍ജി സത്യം ചെയ്യിച്ചു. 
ദിവാന്‍ജി നേരെ പോയത് സാമൂതിരിപ്പാടിന് അടുത്തേക്കായിരുന്നു. തമ്പുരാന് അസുഖം ഭേദമായല്ലേ എന്നു ചോദിച്ചു. ഭേദമായെന്നും ചികിത്സിച്ചയാള്‍ യോഗ്യനാണെന്നും സാമൂതിരിപ്പാട് പറഞ്ഞു.ദിവാന്‍ജി അതു കേട്ട് കാര്യങ്ങളുടെ സത്യാവസ്ഥ സാമൂതിരിയെ ബോധ്യപ്പെടുത്തി.  ' യോഗ്യനെങ്കിലും അയാള്‍ കാര്യം പറ്റിച്ചു. ആലോചനയില്ലാതെ അയാള്‍ പറഞ്ഞതു പോലെ ചെയ്തത് അബദ്ധമായി . ഇവിടെ ഇത്രമാത്രം ഐശ്വര്യം വര്‍ധിച്ചത്  തിരുമേനിയില്‍ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായതിനാലാണ്. മഹാലക്ഷ്മി അവിടുത്തെ വലത്തേ തോളില്‍ നൃത്തം ചെയ്തു കൊണ്ടിരുന്നതിനാലാണ് വേദനയുണ്ടായത്. ഈറന്‍മുണ്ട് വലത്തേ തോളില്‍ വെയ്ക്കുന്നത്  അങ്ങേയറ്റം അശ്രീകരമാണ്.
അങ്ങനെ ചെയ്തതു കൊണ്ടാണ് ലക്ഷ്മീദേവി അങ്ങയുടെ തോളില്‍ നിന്ന് ഒഴിഞ്ഞു പോയത്. ആ സ്ഥാനത്തിനി ചേട്ടാ ഭഗവതി ബാധിക്കും. ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് ആ വിദ്വാന്‍ ഇങ്ങനെയൊരു ഉപായം പറഞ്ഞു തന്നത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്മീദേവി ഇവിടെ നിന്ന് ഇറങ്ങിയെങ്കിലും രാജ്യം വിട്ടു പോയിട്ടില്ല. അതിന് അടിയന്‍ ഒരു കൗശലം പ്രയോഗിച്ചിട്ടുണ്ട്.
അക്കാര്യം പാലിക്കാന്‍ അടിയന്‍ ഇനി ജീവത്യാഗം ചെയ്തേ പറ്റൂ '   എന്നു  പറഞ്ഞ് ഇറങ്ങിപ്പോയ ദിവാന്‍ജി ആത്മഹത്യ ചെയ്തു. പോകരുതെന്ന് സത്യം ചെയ്യിച്ച് ദിവാന്‍ജി കോഴിക്കോട്ടങ്ങാടിയില്‍ നിര്‍ത്തിയ യുവതി  സാക്ഷാല്‍ മഹാലക്ഷ്മി തന്നെയായിരുന്നു. ദിവാന്‍ജി തിരിച്ചു വരാതെ പോകില്ലെന്ന് സത്യം ചെയ്തതിനാല്‍ ഇന്നും കോഴിക്കോട്ടങ്ങാടിയില്‍ ലക്ഷ്മീസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. സന്ധ്യാസമയത്തായിരുന്നു ദിവാന്‍ജിയും  ദേവിയും തമ്മില്‍  കണ്ടത്. ഇന്നും വൈകുന്നേരങ്ങളില്‍ കോഴിക്കോട്ടങ്ങാടിക്ക് ഒരു പ്രത്യേക ഐശ്വര്യം ദൃശ്യമാണ്. 
 ദിവാന്‍ജി പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ തമ്പുരാന്‍ അത്യന്തം ദു:ഖിതനായി. ക്രമേണ സാമൂതിരിപ്പാടിന്റെ രാജ്യാധിപത്യം നഷ്ടപ്പെട്ടു. ..janmabhumi

No comments: