Thursday, February 28, 2019

ശബ്ദം ഉണ്ടാവുന്നതു് പ്രകമ്പനത്തില്‍ നിന്നാണു്. അതായതു് ഒരു വസ്തു വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നു. എന്നാല്‍ ഈ ചലനം എന്നതു് കൊണ്ടു മാത്രം ആയില്ല. അതിനോടൊപ്പം വായുവും ശക്തിയായി ചലിക്കണം. ഇതിനാണു് പ്രകമ്പനം എന്നു പറയുന്നതു്. ഒരു നിമിഷത്തില്‍ കുറഞ്ഞതു് 30 ഉം കൂടിയാല്‍ 22000 ഉം പ്രകമ്പനം കൊള്ളുന്ന ശബ്ദം മാത്രമേ കാതിനു ശ്രവിക്കുവാന്‍ ആവുകയുള്ളു. ഇവയ്ക്കു് ആഹത ശബ്ദമെന്നും അതിനു് താഴെയും മുകളിലും ഉള്ള ശ്രവിക്കാന്‍ പറ്റാത്ത ശബ്ദത്തിനു് അനാഹത ശബ്ദമെന്നും പറയുന്നു. അനാഹത ശബ്ദം പ്രകൃതിയിലുണ്ടെങ്കിലും ഉപകരണങ്ങള്‍ വഴി മാത്രമേ അവയുടെ സാന്നിദ്ധ്യം അറിയാന്‍ പറ്റു. അവ മനുഷ്യന്റെ കേള്‍വിയ്ക്കു് അതീതമാണു്.

ആഹതശബ്ദം രണ്ടു തരത്തിലുണ്ടു് - സ്ഫോടകവും, നാദവും.

സ്ഫോടക ശബ്ദങ്ങള്‍ ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നു ജനിക്കുന്നവയല്ല. ഉദാഹരണം വെടിയുണ്ടയുടെയും മിന്നലിന്റെയും ശബ്ദം.

നാദം എന്നതു് ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നും ജനിക്കുന്നവയാണു്. ഉദാഹരണം മണികിലുക്കം, വീണയുടെ സ്വനം. അവ കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദങ്ങളാണു്.

സംഗീതത്തിനു് ആധാരം നാദം ആണു്. 'ന' എന്നാല്‍ പ്രാണവായുവെന്നും 'ദം' എന്നാല്‍ അഗ്നിയെന്നും അര്‍ത്ഥമുണ്ടു്.

മനുഷ്യനാദത്തിനു് അഞ്ചു ഘടകങ്ങളുണ്ടു്.

1. അനാഹരൂപത്തില്‍ നാഭിയില്‍ നിന്നും പുറപ്പെട്ടു് - അതിസൂക്ഷ്മനാദമായു് പുറപ്പെട്ടു്
2. ഉരഃപഞ്ജരങ്ങളില്‍ എത്തി - സൂക്ഷ്മനാദമായി
3. കണ്ഠങ്ങളില്‍ എത്തി - പൂര്‍ണ്ണനാദമായി മാറുന്നു.
4 . ശിരസ്സിന്റെ സഹായത്തോടു് കൂടി ഉച്ചസ്ഥായിലുള്ള നാദം - അപൂര്‍ണ്ണനാദം
5. ചുരുക്കിയും വികൃതപ്പെടുത്തിയും പുറപ്പെടുവിക്കുന്നവ - കൃത്രിമം

ഗാനാലാപനത്തില്‍ ഈ നാദം മൂന്നു തരത്തില്‍ കേള്‍ക്കാന്‍ കഴിയും. ഉരഃപഞ്ജരത്തില്‍ മന്ദ്രനാദവും, കണ്ഠത്തില്‍ മദ്ധ്യനാദവും, ശിരസ്സില്‍ താരനാദവും.

മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ലാറിംഗോസ്ക്കോപ്പി വഴി റെക്കോര്‍ഡു് ചെയ്തതാണു്. (അതു് യൂറ്റൂബിലിട്ടു് അതിനു ഇവിടെ ലിങ്കു് ഇടാന്‍ സൗകരം ചെയ്തവര്‍ക്കു് നന്ദി പറയുന്നു). താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ വായിച്ചതിനു ശേഷം വീഡിയോയോടൊപ്പം ഓഡിയോയും ശ്രദ്ധിക്കുക.

മനുഷ്യകണ്ഠനാളത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ മൂന്നു് ഘതകങ്ങളാണുള്ളതു്.

1. ശ്വാസപ്രക്രിയ
2. ശബ്ദനാദതന്ത്രികള്‍
3. ധ്വനിഅവയവങ്ങള്‍.

ശ്വാസം ഉള്ളിലേക്കെടുത്തു് വലിച്ചു് പിടിക്കുമ്പോള്‍ നാദതന്ത്രികള്‍ അകന്നു കൊടുക്കും. അപ്പോള്‍ ശബ്ദമുണ്ടാവില്ല. അതിനു ശേഷം നിയന്ത്രിച്ചു് ശക്തിയായി പുറത്തേക്കു് തള്ളുമ്പോള്‍ നാദതന്ത്രികള്‍ അടുത്തു ചേര്‍ന്നു നില്‍ക്കുകയും അവ പ്രകമ്പനം കൊള്ളുകയും ചെയ്യും. ഇങ്ങനെ പുറപ്പെടുന്ന നേര്‍ത്ത ശബ്ദം ശ്വാസനാളം വഴി പുറത്തേക്കു് തള്ളുമ്പോള്‍ ചുറ്റുമുള്ള ധ്വനിഅവയങ്ങള്‍ വഴി അവ പതിന്മടങ്ങു് ഉച്ചത്തില്‍ പുറത്തേക്കു ശബ്ദമായി വരുന്നു.

നാദതന്ത്രികള്‍ക്കുള്ളിലുള്ള വളരെ ചെറിയ മാംസപേശികള്‍ വഴിയും, തന്ത്രികളെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന അനേകം കാര്‍ട്ടിലേജും അവയുടെ മാംസപേശികള്‍ വഴിയും തന്ത്രികളുടെ നീളവും, അടുപ്പവും, മുറുക്കവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക വഴി പുറപ്പെടുന്ന ശബ്ദത്തിനു് വെത്യാസം വരുത്താം.

നാദതന്ത്രികള്‍ മുറുകുമ്പോള്‍ ഉച്ചസ്ഥായിയിലും അയയുമ്പോള്‍ മന്ദ്രസ്ഥായിയിലും ശബ്ദം ഉണ്ടാകുന്നു...swaraayanavil.bgspot

No comments: