Friday, February 22, 2019

ഹനുമത് പ്രഭാവം-5

രാമ നാമം രാമായണത്തിൽ എവിടെയൊക്കെ ഉപയോഗിച്ചിരിക്കുന്നു അവിടെയെല്ലാം ഒരു പ്രത്യേക ശക്തി അനുഭവപ്പെടുന്നു. ഉദാഹരണത്തിന് വിശ്വാമിത്ര മഹർഷി യാഗരക്ഷക്കായി രാമലക്ഷ്മണൻമാരെ കൂട്ടി കൊണ്ടു പോകുന്ന സന്ദർഭം നോക്കാം.

ക്ഷിപ്രകോപിയായ വിശ്വാമിത്ര മഹർഷി അയോദ്ധ്യാ പുരിയിൽ വന്നു. ഗംഭീര പ്രകൃതിയുള്ള ഋഷി കാവൽ ഭടനോട് ആജ്ഞാപിച്ചു, ദശരഥനോട് പറയു ഗാധിയുടെ പുത്രൻ വന്നിരിക്കുന്നു എന്ന്. ഭടൻ പേടിച്ചരണ്ട് രാജാവിനെ വിവരമറിയിച്ചു. ദശരഥൻ യഥാവിധി വിശ്വാമിത്രനെ സ്വീകരിച്ചിരുത്തി പരിഭ്രമത്താൽ എന്തും നല്കാമെന്ന വാഗ്ദാനങ്ങൾ നല്കി. രാമനെ യാഗരക്ഷക്കായി അയക്കണമെന്ന് മഹർഷി ആവശ്യപ്പെട്ടു . ഇത് ദശരഥന് സഹിച്ചില്ല. പതിനാറ് വയസ്സ് പോലും ആകാത്ത ബാലനാണ് രാമൻ. രാമനെ ചോദിക്കല്ലേ രാമനെ നല്കാൻ സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞു.

ഊനശോഡശ വർഷോമേ രാമോ രാജീവ ലോചനഹ ന യുദ്ധ യോഗ്യതാമസ്യ  പശ്യാമി സഹ രാക്ഷസ്യേഹി.
വിശ്വാമിത്രനെ ഇത് കോപിഷ്ഠനാക്കി ശപിച്ചതൊന്നുമില്ല സുഖീഭവ സുകൃത്ഭവ എന്ന് പറഞ്ഞതേ ഉള്ളു. ദശരഥന്റെ വിധിയെന്തായി എന്ന് ഏവർക്കും അറിയാമല്ലോ. പറയുന്ന വാക്കിലല്ല ഉള്ളിലേ ഭാവമാണ് പ്രധാനം. വസിഷ്ഠ മഹർഷി ഇടപെട്ട് ദശരഥനെ വിശ്വാമിത്രന്റെ വരവ് രാമലക്ഷ്മണൻമാരുടെ നന്മയ്ക്കായിട്ടാണെന്ന് ബോധ്യപ്പെടുത്തി. കുട്ടികളെ മഹർഷിയോടൊപ്പം പറഞ്ഞു വിടാൻ നിർദ്ദേശിച്ചു.
രാജകുമാരൻമാർ ഒരുങ്ങി അമ്പും വില്ലുമായി വിശ്വാമിത്ര മഹർഷിയുടെ പിറകെ യാത്രയായി. ലോകം ആരാധിക്കുന്ന മഹാനായ ഋഷിയെ ഒരു നോക്കു കാണാനായി രണ്ട് വശങ്ങളിലായി ജനങ്ങൾ നിശ്ശബ്ദം തിങ്ങി നിന്നു. വിശ്വമിത്രനും കുമാരൻമാരും സായാഹ്നത്തോടെ ജനങ്ങളെല്ലാം ഒഴിഞ്ഞ സരയു നദിയുടെ തീരത്ത് വന്നു ചേർന്നു.

വജ്രാധപി കഠോരാണി മൃദു നി കുസുമാധപി
ജ്ഞാനികളുടെ പ്രകൃതം എങ്ങനെയെന്നാൽ ലൗകികരായ മനുഷ്യരിൽ നിന്ന് അകലം പാലിക്കാൻ കഠോരനായി ഭാവിക്കുമെങ്കിലും യോഗ്യതയുള്ളവർ അരികിൽ വന്നാൽ വെണ്ണ പോലെ മൃദുലമായിരിക്കും അല്ലെങ്കിൽ ഒരു പുഷ്പത്തിന്റെ ഇതളിനേക്കാൾ മൃദുലമാകും. അത്രയും നേരം ഒന്നും ഉരിയാടാതെ നടന്ന വിശ്വാമിത്രൻ ആ സരയു തടത്തിൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് രാമ ലക്ഷ്മണൻമാരെ നോക്കി.

അദ്ധ്യദ്ധ യോജനാം ഗത്വാം
സരയുവാ ദക്ഷിണേ തടേ
രാമേതി മധുരാം വാണിം
വിശ്വാമിത്രോഭ്യ ഭാഷത
വിശ്വാമിത്രൻ 'രാമാ' എന്ന് വാത്സല്യത്തോടെ വിളിച്ചതും രണ്ട് കുമാരൻമാരും വളരെ പ്രിയത്തോടെ മുത്തച്ഛന്റെ അരികിലേയ്ക്ക് എന്ന പോലെ ഓടി ചെന്നു. പിന്നീട് പല കഥകളും ചൊല്ലി കൊടുത്ത് പല സ്ഥലങ്ങളും കാണിച്ച് കൊടുത്ത് വിശ്വാമിത്രൻ കുമാരൻമാരുമായി യാത്ര ചെയ്തു.
രാമായണത്തിൽ രണ്ട് പേർക്കാണ് രാമ നാമത്തോട് ഇത്രയും പ്രിയം ഒന്ന് വാല്മീകി രണ്ട് ഹനുമാൻ.

Nochurji 🙏🙏
Malini dipu 

No comments: