Thursday, February 28, 2019

വക്രമായ ഉക്തിയാണ് വക്രോക്തി. 'വളച്ചുകെട്ടി പറയല്‍' എന്നര്‍ത്ഥം. കവിതയുടെ ആശയാനുഭൂതി സംക്രമണം വാച്യമല്ല, വ്യംഗ്യവും രസധ്വനിയുമാണെന്ന സിദ്ധാന്ത പശ്ചാത്തലത്തില്‍ വേണം വക്രോക്തി വാദത്തെ വിശകലനം ചെയ്യാന്‍. കാവ്യത്തിന്റെ ലാവണ്യാത്മകമായ നിയോഗ ചര്‍ച്ചയിലാണ് കുന്തകന്റെ 'വക്രോക്തി ജീവിതം' എന്ന മീമാംസാഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ലക്ഷ്യാര്‍ത്ഥവും വ്യംഗാര്‍ത്ഥവും ആചാര്യന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ലക്ഷണയെയും വ്യഞ്ജനയെയും സ്വീകരിക്കാതെ 'അഭിധ'യെ മാത്രമാണ് കാവ്യചിന്തയില്‍ മുന്‍നിര്‍ത്തുന്നത്. ഒരര്‍ത്ഥത്തില്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിക്കുകയാണ് വക്രോക്തി ദര്‍ശനം. ആവിഷ്‌കരണത്തിന്റെ അപൂര്‍വത്തില്‍ കാവ്യഭാഷകൊണ്ട് സാധിക്കുന്ന ഉക്തിവ്യതിയാനമാണ് കുന്തകന്‍ വക്രോക്തികൊണ്ട് വിവക്ഷിക്കുക. എന്നാല്‍ 'വളച്ചുകെട്ടി പറയല്‍' എന്നര്‍ത്ഥത്തിനു പകരം വൈവിധ്യവും വൈചിത്ര്യവുമുള്ള കാവ്യാവിഷ്‌കാരകൗതുകമാണ് 'വക്രോക്തി' എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നാലുവര്‍ഷം കഴിഞ്ഞു എന്ന സാമാന്യവ്യവാഹത്തിന് പകരം 'നാലുവട്ടമിഹ പൂത്തു കാനനം' എന്ന് കുമാരനാശാന്‍ എഴുതുമ്പോള്‍ അത് കവിതയായി എന്ന് കുന്തകമതമനുസരിച്ച് ഇത് ഉദാഹരിക്കാം. ''ശബ്ദാര്‍ത്ഥൗ സഹിതൗ വക്ര- കവി വ്യാപാര ശാലിനി ബന്ധേ വ്യവസ്ഥിതൗ കാവ്യം തദ്വിദാഹ്ലാദ കാരിണി'' ഭാവപ്രകാശത്തിനുള്ള ഉപാധിസങ്കേതമാണ് വക്രോക്തി. 'കവി വ്യാപാര വക്രതയുടെ' ഫലത്തെയാണ് കുന്തകന്‍ വക്രോക്തിയെന്ന് പേരിട്ട് വിളിക്കുന്നത്. ശബ്ദം എന്നത് വിവക്ഷിതമായ അര്‍ത്ഥത്തിന്റെ വാഹനം മാത്രമാണെന്നും, ആ ശബ്ദത്തിന്റെ ആഹ്ലാദാനുഭൂതി സ്വാംശീകരിക്കുന്ന അര്‍ത്ഥരുചിയാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്നും ആചാര്യന്‍ കണ്ടെത്തുന്നു. ശബ്ദാര്‍ത്ഥങ്ങളുടെ അപൂര്‍വ സങ്കലനവും സഹിതത്വവുമാണ് സാഹിത്യലക്ഷണമെന്ന് ചുരുക്കം. വക്രകവി വ്യാപാരമാണ് ഇതിന് കാരണഭൂതമായി നില്‍ക്കുന്നത്. ശബ്ദാര്‍ത്ഥങ്ങള്‍ അലങ്കാര്യവും വക്രോക്തി അവയുടെ അലങ്കാരമാണെന്നും കുന്തകന്‍ സ്ഥാപിക്കുന്നു. അലംകൃതമായതിന് മാത്രമെ കാവ്യത്വമുണ്ടാകൂ എന്നാണ് ആചാര്യമതം. കവിതയുടെ 'കാവ്യത്വ'ത്തെയാണ് വക്രോക്തിയെന്ന അഭിധാനമേകി കുന്തകന്‍ ആദരിക്കുന്നത്. കവി വ്യാപാരം അനന്തവും വക്രതാ സാധ്യതകള്‍ വിപുലവുമാണ്. ഉപമാദ്യലങ്കാരങ്ങളെല്ലാം ആചാര്യന് വക്രോക്തിയുടെ ഉക്തിവൈചിത്ര്യങ്ങള്‍ മാത്രമാണ്. നൈസഗര്‍ഗികവും അപൂര്‍വവുമായ ലാവണ്യധര്‍മമാണ് വക്രോക്തിയെന്ന് എസ്.കെ.ഡെയെപ്പോലുള്ള വ്യാഖ്യാതാക്കള്‍ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. കവി വ്യാപാരങ്ങളുടെ വിസ്മയവും വിചിത്രവുമായ വ്യവഹാരശ്രേണിയില്‍ വക്രോക്തി ലോകം അതീത സാധ്യതാപ്രകൃതിയുടെ മായാലോകം തുറക്കുന്നു. എങ്കിലും പ്രാമുഖ്യമേറിയ ആറുതരം വക്രതകളുടെ പട്ടിക കുന്തകന്‍ പേരിട്ട് നിരത്തുന്നുണ്ട്. വര്‍ണവിന്യാസ വക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധ വക്രത, പദപൂര്‍വാര്‍ധ വക്രത, പദപരാര്‍ധ വക്രത. വര്‍ണാവര്‍ത്തനത്തിന്റെ അസാധാരണതയാണ് വര്‍ണവിന്യാസ വക്രത. ''അക്കുംഭി വക്ത്രന്റെയിടത്തുകൊമ്പൊന്നു നിര്‍ഘാത ഘോരരാവമായ് നിലത്തും' എന്ന വള്ളത്തോള്‍ വരി ഇതിനുദാഹരിക്കാം. പ്രാതിപദികവും ധാതുരൂപവുമായ പ്രയോഗവിചിത്രതയെയാണ് പദപൂര്‍വാര്‍ധ വക്രതകൊണ്ട് ലക്ഷ്യമാക്കുന്നത്. 'അമ്പിളിക്കല ചൂടുന്ന തമ്പുരാന്‍ താപനാശനന്‍' എന്ന വരിയിലെ 'അമ്പിളിക്കല' എന്ന വാക്ക് ശീതകിരണനായും താപനാശനനായും പാരസ്പര്യം നേടുന്നു. പദപരാര്‍ധവക്രതയെ പ്രത്യയവക്രത എന്നും പറയും. കാലം, കാരകം, സംഖ്യ തുടങ്ങിയ അംശങ്ങളിലാണ് പ്രത്യവക്രത പ്രത്യക്ഷപ്പെടുക. കല്‍പനാശക്തിയില്‍ തിളങ്ങുന്ന വാക്യവക്രതയില്‍ അലങ്കാരങ്ങളാണ് ആവിര്‍ഭവിക്കുക. പ്രകരണ വക്രത കൃതിയുടെ സവിശേഷ സന്ദര്‍ഭത്തെ ഹൃദയഹാരിയാക്കുന്ന കവിതന്ത്രത്തില്‍ ചേര്‍ക്കുന്നു. കുമാരനാശാന്റെ ലീലാ കാവ്യത്തില്‍ അശോകപ്പൂങ്കുലയുടെ ദര്‍ശനവും സുഗന്ധവും ഇതിന് ഉദാഹരിക്കാം. സമഗ്രകാവ്യമാണ് പ്രബന്ധം. കാവ്യത്തില്‍ വ്യാപിയായ വക്രതയാണ് പ്രബന്ധവക്രത. മൂലകാവ്യത്തിലെ ഒരു രസത്തിന്റെ സ്ഥാനത്ത് മറ്റൊരു രസം പ്രതിഷ്ഠാപിതമാകുന്നു. എന്തുപറയുന്നു എന്നതിനപ്പുറം എങ്ങനെ പറയുന്നു എന്ന അന്വേഷണത്തില്‍ നിന്നാണ് കുന്തകന്റെ വക്രോക്തിസിദ്ധാന്തം രൂപപ്പെടുന്നത്. കാവ്യശൈലിയിലെ 'വ്യതിരേക'ങ്ങളാണ് ഇത്തരമൊരു ചിന്താപഥത്തെ ഉണര്‍ത്തുക. ആധുനിക ശൈലീസിദ്ധാന്തവുമായി വക്രോക്തി ദര്‍ശനം സമരസപ്പെടുന്നു.നാളെ:അനുമാനത്തിന്റെ അന്തരംഗം  
janmabhumi

No comments: