ആത്മശബ്ദം കൊണ്ട് പ്രധാനത്തെ സ്വീകരിക്കുന്നത് ശരിയല്ല എന്നതിനെ അടുത്ത സൂത്രത്തില്‍ വീണ്ടും വിശദമാക്കുന്നു.
സൂത്രം - ഹേയത്വാവചനാച്ച
(ഹേയത്വ അവചനാത് ച)
ഹേയത്വമെന്നാല്‍ തള്ളിക്കളയേണ്ടതെന്നാണര്‍ത്ഥം. അവചനാത്ച എന്നാല്‍ പറഞ്ഞിട്ടില്ലാത്തതു കൊണ്ട് എന്നുമാണ്.
തള്ളിക്കളയണം അഥവാ ഉപേക്ഷിക്കണമെന്ന് പറയാത്തതു കൊണ്ട് എന്നാണ് സൂത്രത്തിന്റെ എണ്ണമായ അര്‍ത്ഥം.
ആദ്യം പറഞ്ഞതായ പ്രധാനബുദ്ധിയെ ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നതിനാല്‍ ആത്മാവ് ഒരിക്കലും 'പ്രധാനം' എന്നത് അല്ല.
ആത്മാവ് എന്നതിന് ഗൗണമായി പ്രധാനം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ കുഴപ്പമുണ്ട്. മോക്ഷത്തിനുള്ള ഉപായത്തെ പറയുമ്പോള്‍ ഗൗണമായ അര്‍ത്ഥം ഉപേക്ഷിക്കേണ്ടി വരും. എന്നിട്ട് സദ് രൂപമായ ആത്മാവ് എന്ന് ധരിക്കണമെന്ന് പറയേണ്ടതുണ്ട്.
മോക്ഷേച്ഛുകള്‍ ഗൗണമെന്നവകാശപ്പെട്ട പ്രധാനം എന്ന അര്‍ത്ഥത്തെ വെടിഞ്ഞ് ആത്മാവ് എന്ന മുഖ്യാര്‍ത്ഥത്തെ സ്വീകരിക്കണമെന്ന് പറയുമായിരുന്നു.അങ്ങനെ പറഞ്ഞിട്ടില്ല. കാരണം പ്രകൃതി അചേതനമാണ് അതിനെ ധ്യാനിച്ചാല്‍ സുഖഭോഗങ്ങള്‍ മാത്രമേ കിട്ടൂ.. മുമുക്ഷുക്കള്‍ക്ക് വേണ്ടത് പ്രകൃതിയില്‍ നിന്നുള്ള മുക്തിയാണ്.
'തദാത്മാനം സ്വയമകുരുത' എന്ന മന്ത്രത്തിലെ ആത്മശബ്ദം ഗൗണമായി കണക്കാക്കാനാവില്ല. ഗു ഗുണവൃത്തി ഹേതു വല്ലാത്തതിനാല്‍ പ്രധാനമെന്നോ പ്രകൃതിയെന്നോ അര്‍ത്ഥം പറയുന്നത് ശരിയല്ല. എന്തുകൊണ്ടെന്നാല്‍ അതേ ശ്രുതിയില്‍ തന്നെ പിന്നീട് പ്രകൃതിയെ വെടിഞ്ഞ് പരമായ ആത്മാവില്‍ നിഷ്ഠയെ ഉറപ്പിക്കാന്‍ പറയുന്നുണ്ട്. എവിടെയും ആത്മാവിനെ തള്ളിക്കളയാന്‍ പറയുന്നുമില്ല.അതിനാല്‍ ആത്മ ശബ്ദത്തിന് പ്രധാനം, പ്രകൃതി എന്നീ അര്‍ത്ഥങ്ങളൊന്നുമില്ല.
അത് പ്രകൃതിക്കതീതമാണ്.
ജഗത് കാരണമായ ആത്മാവ് നിര്‍ഗുണ ബ്രഹ്മം തന്നെയാണെന്ന് ഉറച്ച ബോധ്യമാകണം.
ആത്മശബ്ദം കൊണ്ട് പ്രധാനത്തെയല്ല സദ്രൂപമായ ആത്മാവിനെ തന്നെയാണ് ഗ്രഹിക്കേണ്ടത് എന്നതിന് മറ്റൊരു കാരണത്തെ അടുത്ത സൂത്രത്തില്‍ വ്യക്തമാക്കുന്നു.
സൂത്രം - സ്വാപ്യയാത്
സ്വ അപ്യയാത് എന്നാല്‍ തന്നില്‍ ലയിക്കുന്നതിനാല്‍ എന്നര്‍ത്ഥം.
സുഷുപ്തിയില്‍ അഥവാ ഗാഢനിദ്രയില്‍ ജീവാത്മാവ് ഉപാധികളൊന്നുമില്ലാത്ത സ്വന്തം സദ്രൂപത്തില്‍ ലയിക്കുന്നു. അജ്ഞാനം മൂലം നാം അത് അറിയുന്നില്ല. സ്വപിതി എന്നും ഉറക്കത്തിന് പേര് പറയും. സ്വം അപിതി സ്വപിതി സ്വരൂപത്തെ പ്രാപിച്ചവന്‍ എന്നാണര്‍ത്ഥം.
ജഗത് കാരണ രൂപമായ ആത്മാവ് സദ്രൂപമല്ലെങ്കില്‍ ചേതനനായ ആത്മാവ് അചേതനമായ പ്രധാനത്തില്‍ ലയിക്കുന്നുവെന്ന് പറയേണ്ടി വരും. അത് എന്തായാലും ശരിയല്ല.
ഛാന്ദോഗ്യോപനിഷത്തില്‍ 'യത്രൈ തത് പുരുഷ: സ്വപിതി നാമ സതാ സൗമ്യ തദാ സമ്പന്നോ ഭവതി, സ്വമപീതോ ഭവതി, തസ്മാദേനം സ്വപിതീത്യാ ചക്ഷതേ' എന്ന മന്ത്രത്തില്‍ ഇത് കാണാം. ഒരാള്‍ ഉറങ്ങുന്നുവെന്ന് പറയുമ്പോള്‍ അയാളുടെ സ്വന്തം ഭാവമായ സദ്രൂപവുമായി ഏകീഭവിക്കുന്നു. അയാള്‍ സ്വന്തം രൂപത്തെ തിരികെ പ്രാപിക്കുന്നു. അതിനാലാണ് സ്വപിതി എന്ന് പറഞ്ഞത്. ആത്മാവാണ് സദ്രൂപമായിരിക്കുന്നത് അത് ഒരിക്കലും പ്രധാനം എന്നതാവില്ല.
ആത്മാവ് സദ്രൂപമല്ലെങ്കില്‍ മാത്രമാണ് പ്രധാനം എന്നതിന് സാംഗത്യമുള്ളൂ. അതിനാല്‍ ജഗത് കാരണം പ്രധാനമല്ല, ആത്മാവാണ്.//swami abhayananda
No comments:
Post a Comment