ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും. മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം-ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം ആധി ഭൗതീകം. ഒരു പരിധിവരെ നമുക്ക് നിയന്ത്രണമുണ്ട്. അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഖം ആദ്ധ്യാത്മികം. ശാരീരിക, മാനസിക അസ്വസ്ഥതകളും രോഗങ്ങളും മറ്റും. ഇവിടെ നമുക്ക് നല്ല നിയന്ത്രണം ഉള്ളതാണ് അല്ലെങ്കില്‍ ഉണ്ടാകേണ്ടതാണ്. ഈ മൂന്ന് ദുഃഖങ്ങളില്‍നിന്നും മോചനം ഉണ്ടാകണമെന്ന് കരുതിയാണ് ശാന്തിമന്ത്രം ജപിക്കുന്നത്. താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ 'ശാന്തി' എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.
No comments:
Post a Comment