Wednesday, February 27, 2019

ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല പരമാത്മാവിനെയാണ് നിശ്ചയിക്കുന്നതെന്നുള്ളത് അടുത്ത സൂത്രത്തിലും വിവരിക്കുന്നു.
സൂത്രം - ഭേദവ്യപദേശാച്ച
ഭേദവ്യപദേശാത് ച എന്നാല്‍ വേര്‍തിരിച്ച് കാണിക്കുന്നതുകൊണ്ടും.
ജീവാത്മാവിനും പരമാത്മാവിനും വ്യത്യാസം കല്‍പ്പിച്ചിട്ടുണ്ടെന്നുതു കൊണ്ട് എന്നര്‍ത്ഥം.
ജീവാത്മാവും പരമാത്മാവും വേറെയാണെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല കണക്കാക്കേണ്ടത്.
 'രസോ വൈ സ: രസം ഹ്യേ വായം ലബ്ധ്വാനന്ദീഭവതി' എന്ന ഉപനിഷദ്  വാക്യത്തില്‍ ജീവന്‍ ആനന്ദ സ്വരൂപിയായ ബ്രഹ്മത്തെ പ്രാപിച്ചേ ആനന്ദമുള്ളവനാകുന്നുള്ളൂ എന്ന് പറയുന്നു. ഇത് ജീവനെ ആനന്ദമയനി
ല്‍ നിന്ന് വേര്‍തിരിച്ച് കാട്ടുന്നതാണ്. അതിനാ
ല്‍ ജീവന്‍ ആനന്ദമയനല്ല.
 ആനന്ദമയന്‍ ജീവനല്ല എന്നുള്ളതിന് ഒരു യുക്തിയെക്കൂടി പറയുന്നു. ജീവാത്മാ- പരമാത്മാ ഐക്യത്തെപ്പറ്റി പറയുമ്പോള്‍ രണ്ടും ഒന്ന് തന്നെയാണ്. എന്നാല്‍ അജ്ഞാനപ്പെട്ടിരിക്കുമ്പോള്‍ ദേഹം ഇന്ദ്രിയം തുടങ്ങിയവയില്‍ അഭിമാനം ഉള്ള സമയത്ത്  ജീവനെ പരമാത്മാവില്‍ നിന്ന് വേറിട്ട് തന്നെ കാണണം. അജ്ഞാനം നശിപ്പിച്ച് ജ്ഞാനം കൊണ്ട് പരമാത്മാഭാവം പ്രാപിക്കുമ്പോള്‍ മാത്രമാണ് ജീവനും ഈശ്വരനും ഒന്നാകുന്നത്. അതുവരെ വേറെ തന്നെയായിരിക്കും. ഇവിടെ ആനന്ദമയ ശബ്ദത്താല്‍ സദ്‌രൂപമായ പരമാത്മാവിനെ മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. ആനന്ദമയനെ ഇത്തരത്തില്‍ വിവരിക്കുന്നതിലൂടെ സാംഖ്യ മതത്തിന്റെ പ്രധാനം എന്ന വാദത്തേയും ഖണ്ഡിക്കുന്നു.
 ബ്രഹ്മാനന്ദവല്ലിയിലെ വിവരണപ്രകാരം സുകൃതിയായ ജീവനാണ് പരമാത്മാവിന്റെ ആനന്ദരസത്തെ അനുഭവിക്കുന്നതെന്ന് പറയുന്നു. പാപിയായ ജീവന് ഇതിന് കഴിയില്ല. ജീവാത്മാവും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കുന്നതാണിത്. അതിനാല്‍ ആനന്ദമയന്‍ പരമാത്മാവ് തന്നെ.
ജഗത്കാരണം ബ്രഹ്മം തന്നെയാണെന്ന് അടുത്ത രണ്ടു സൂത്രങ്ങളിലൂടെയും വീണ്ടും സമര്‍ത്ഥിക്കുന്നു.
സൂത്രം- കാമാച്ച നാനുമാനാപേക്ഷാ
കാമാത് ച ന അനുമാന അപേക്ഷ- കാമിച്ചതുകൊണ്ടും അനുമാനത്തെ ആശ്രയിക്കേണ്ടതില്ല.
അവന്‍ കാമിച്ചുവെന്ന് പറയുന്നതു കൊണ്ട് അനുമാനത്തെ ആശ്രയിച്ചാലും പ്രധാനം ജഗത്കാരണമാകുകയില്ല.
കാമ ശബ്ദത്തെ പറയുന്നതിനാല്‍ പ്രകൃതിയില്‍ ആനന്ദമയ ശബ്ദാര്‍ത്ഥം യോജിപ്പിക്കേണ്ട ആവശ്യമില്ല.
ഉപനിഷത്തുക്കളില്‍ എവിടെയൊക്കെ ആനന്ദ ശബ്ദം ബ്രഹ്മത്തെ പറയുന്ന വാചകമായി ഉപയോഗിക്കുന്നുവോ അവിടെയൊക്കെ 'സോകാമയത ' എന്നത് കാണാം.
തൈത്തിരീയത്തില്‍ 'സോളകാമയത ബഹു സ്യാം പ്രജായേയ ഇതി'- ഞാന്‍ പലതായിത്തീരട്ടെയെന്ന് ആഗ്രഹിച്ചു എന്ന് പറയുന്നു.
പരമാത്മാവ് സൃഷ്ടി ധര്‍മ്മത്തെ ആഗ്രഹിച്ചു എന്ന് പറഞ്ഞതിനാല്‍ പ്രധാനത്തെ ജഗത്കാരണമാകാന്‍ പറ്റില്ല. അചേതനമായ ഒന്നിന് ആലോചിക്കുവാനോ സങ്കല്പിക്കുവാനോ സാധിക്കുകയില്ല. അവിദ്യകൊണ്ട് പരിച്ഛിന്നനായ ജീവനും പലതായിത്തീരട്ടെ എന്നാഗ്രഹിക്കുകയില്ല. അതിനാല്‍ ആനന്ദമയന്‍ പ്രധാനനോ ജീവനോ ആകുകയില്ല.
സൂത്രം - അസ്മിന്നസ്യ ച തദ്യോഗം ശാസ്തി
അസ്മിന്‍ അസ്യ ച തദ് യോഗം ശാസ്തി
ആനന്ദമയനില്‍ ജീവന് ഒന്നിച്ച് ചേരല്‍ ശാസിക്കുന്നു. ഉപനിഷത്തില്‍ തന്നെ ജീവാത്മാവിന് പരമാത്മാവുമായുള്ള ചേര്‍ച്ചയെ ശാസിക്കുന്നതുകൊണ്ടും.
ആനന്ദമയനില്‍ ജീവന് ഐക്യം വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ടും ആനന്ദമയന്‍ പ്രധാനമോ  ജീവനോ അല്ല.
ജ്ഞാനം നേടിക്കഴിഞ്ഞാല്‍ ജീവന്‍ ഐക്യം പ്രാപിക്കുന്നത് ബ്രഹ്മത്തോടാണ്. അതിനാല്‍ ഇവിടെ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.
 തൈത്തിരീയ ഉപനിഷത്തില്‍ പരമാത്മാവിനെ അറിയുന്ന വിദ്വാന്‍ ആനന്ദമയ ബ്രഹ്മത്തെ പ്രാപിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. 
ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായി ബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന് പറയുന്നു.
ഇങ്ങനെ ശ്രുതി വചനങ്ങള്‍ പരമാത്മാവിനെയാണ് ആനന്ദമയമായി സ്വീകരിച്ചിട്ടുള്ളത്.അതിനാല്‍ ആനന്ദമയന്‍ ജഡ പ്രകൃതിയോ പ്രധാനമോ ജീവനോ അല്ല. ആനന്ദമയനും ജഗത്കാരണവും ബ്രഹ്മം തന്നെയെന്ന് ഉറപ്പാക്കാം.
 janmabhumi

No comments: