സൂര്യന്‍ നേരത്തെ ഉദിച്ചതുപോലെ തോന്നി രാമലക്ഷ്മണന്മാര്‍ക്ക്. വിശ്വാമിത്രനില്‍നിന്ന് കഥകള്‍ കേള്‍ക്കാന്‍ കൊതിച്ച് സൂര്യന്‍ വേഗത്തില്‍ വന്നതാകാം! വനയാത്രയിലെ പതിമൂന്നാം പ്രഭാതം. സമീപസ്ഥരായ മുനിമാര്‍ വിശ്വാമിത്ര മഹര്‍ഷിയെ വണങ്ങാന്‍ എത്തിയിരുന്നു. അവരുടെ സഹായത്താല്‍ എല്ലാവരും ഒരു തോണിയില്‍ കയറി ഗംഗയുടെ വടക്കേക്കരയില്‍ എത്തി. ''കുമാരന്മാരേ, വിശാലം എന്ന ദിവ്യമായ നാടാണിത്. കൃതയുഗത്തില്‍ ദിതിയുടേയും അദിതിയുടേയും മക്കള്‍ ഒരു കുടുംബമായി കഴിഞ്ഞ പുണ്യസ്ഥലം.'' വിശ്വാമിത്രന്‍ പറഞ്ഞു. ''അങ്ങനെയോ?'' അതെ. പക്ഷേ, അവര്‍ക്ക് ഒരാഗ്രഹം ഉണ്ടായി-എക്കാലത്തും ജരാനരകളിലാത്തവരായി ജീവിക്കണമെന്ന്! പാലാഴി കടഞ്ഞ് അമൃതെടുത്തു കഴിച്ചാല്‍ അത് സാധിക്കുമെന്ന് അവരറിഞ്ഞു. അതിന് ശ്രമവും തുടങ്ങി. മന്ദര പര്‍വതത്തെയാണ് കടകോലായി എടുത്തത്. സര്‍പ്പരാജനായ വാസുകിയെ കയറുമാക്കി. പാലാഴി കടയല്‍ വര്‍ഷങ്ങളോളം നീണ്ടു. വാസുകി ക്ഷീണിതനായി ഛര്‍ദ്ദിക്കാന്‍ ഭാവിച്ചു. വരുന്നത് കൊടുംവിഷമായിരിക്കുമെന്നും താഴേക്ക് വീണാല്‍ ലോകം ചാമ്പലായിപ്പോകുമെന്നും മനസ്സിലാക്കിയ വിഷ്ണു, പരമേശ്വരനോട് പറഞ്ഞു: ''പരമേശ്വരാ! ദേവന്മാരില്‍ മുമ്പന്‍ അവിടുന്നാണ്. അതിനാല്‍ മഥനത്തില്‍ ആദ്യം കിട്ടിയ വസ്തുവും അവിടുത്തേയ്ക്കുള്ളതാണ്. ദയവായി സ്വീകരിച്ചാലും.'' ലോകം മുഴുവന്‍ ഭയന്നു നിലവിളിക്കുകയാണ്; രക്ഷിക്കണേ എന്നു അപേക്ഷിക്കയാണ്. കരുണാമയനായ ശിവന്‍ മറ്റൊന്നും ആലോചിച്ചില്ല. വാസുകിയുടെ വിഷം കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി അമൃതുപോലെ കുടിച്ചു. ഉടനെ അപ്രത്യക്ഷനാവുകയും ചെയ്തു. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും സമാധാനമായി. പിന്നെയും അവര്‍ പാലാഴിമഥനം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ കുഴപ്പം കടകോലിനായി. മന്ദരപര്‍വതം പാതാളത്തിലേക്ക് താഴുന്നു! കടയുന്നവര്‍ വിഷ്ണുവിനെ വിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ വിഷ്ണു ഒരു വലിയ ആമയായി പാലാഴിയ്ക്കടിയില്‍ ചെന്ന് മന്ദരപര്‍വതത്തെ തന്റെ പുറത്തു താങ്ങിനിര്‍ത്തി. അനേകവര്‍ഷങ്ങളില്‍ മഥനം തുടര്‍ന്നപ്പോള്‍ പലതും ഉയര്‍ന്നുവരാന്‍ തുടങ്ങി. ധന്വന്തരി മൂര്‍ത്തി, വാരുണി ദേവി, ജ്യേഷ്ഠാ ഭഗവതി, പാരിജാത വൃക്ഷം, കാമധേനു എന്ന പശു, ഐരാവതം എന്ന നാല്‍ക്കൊമ്പനാന, അപസ്‌ര സ്ത്രീകള്‍, ഉച്ചൈശ്രവസ്സ് എന്ന കുതിര, കൗസ്തുഭ രത്‌നം, സോമന്‍, സൗന്ദര്യത്തിടമ്പായ മഹാലക്ഷ്മി....... മഹാലക്ഷ്മി നേരെ വന്ന് മഹാവിഷ്ണുവിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. കൗസ്തുഭ രത്‌നവും വിഷ്ണുവാണ് എടുത്തത്. സോമനെ പരമശിവന്‍ തന്റെ ജടയില്‍ അലങ്കാരമായി തിരുകി. ദേവേന്ദ്രനാണ് ഐരാവതത്തേയും ഉച്ചൈശ്രവസ്സിനേയും സ്വീകരിച്ചത്. ഏറ്റവും ഒടുവില്‍ പാലാഴിയില്‍നിന്ന് അമൃതകുംഭം ഉയര്‍ന്നുവന്നു. ഇത്രയും കാലത്തെ പ്രയത്‌നം മുഴുവന്‍ അതിനുവേണ്ടിയായിരുന്നല്ലോ. അത് ഞങ്ങള്‍ക്ക് വേണമെന്ന് ദിതിയുടെ മക്കളായ അസുരന്മാര്‍ വാദിച്ചു. ഞങ്ങള്‍ക്ക് വേണമെന്ന അദിതിയുടെ മക്കളായ ദേവന്മാരും തര്‍ക്കിച്ചു. ആ കുടുംബകലഹം പിന്നെ വലിയ യുദ്ധമായി മാറി. ഒടുവില്‍ മായാമോഹിനിയായി വന്ന മഹാവിഷ്ണു തന്ത്രപൂര്‍വം അമൃതകുംഭം ദേവന്മാര്‍ക്ക് നേടിക്കൊടുത്തു. യുദ്ധത്തില്‍ അസുരന്മാരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. ദിതിയുടെ സങ്കടം വളരെ വലുതായിരുന്നു. മക്കള്‍ മുഴുവനും മരിച്ചുപോയില്ലേ? ദേവേന്ദ്രനാണ് ദേവന്മാരുടെ നേതാവായി എല്ലാം ചെയ്തതും ചെയ്യിച്ചതും. അതിനാല്‍ ഇന്ദ്രനെ കൊല്ലുവാന്‍ കരുത്തുള്ള ഒരു മകന്‍ തനിക്കുണ്ടാകണമെന്ന് ദിതി ആഗ്രഹിച്ചു. ഭര്‍ത്താവായ കാശ്യപ പ്രജാപതിയോടു അവള്‍ അക്കാര്യം പറയുകയും ചെയ്തു. ''ആഗ്രഹിച്ചതുപോലെ നിനക്ക് ഒരു ഉണ്ണിയുണ്ടാകുന്നതായിരിക്കും. അതിന് നീ തികഞ്ഞ ശുചിത്വത്തോടെ വ്രതനിഷ്ഠയോടെ ആയിരം വര്‍ഷത്തെ തപസ്സ് ചെയ്‌തേ പറ്റൂ. ഞാനും തപസ്സിന് പോവുകയാണ്'' എന്നുപറഞ്ഞു മഹര്‍ഷി ദിതിയെ അനുഗ്രഹപൂര്‍വം തലോടി യാത്രയായി...janmabhumi
No comments:
Post a Comment