Tuesday, February 26, 2019

*ശ്രീമദ് ഭാഗവതം 72*
യത് ദ്യക്ഷരം നാമ ഗിരേരിതം നൃണാം
സകൃത് പ്രസംഗാദ് അഘമാശു ഹന്തി തത്
പവിത്രകീർത്തിം തമലംഘ്യശാസനം 
ഭവാനഹോ ദ്വേഷ്ടി ശിവം ശിവേതര:
ശിവം എന്നാൽ മംഗളം. ശിവദ്വേഷം ചെയ്യണ അങ്ങേയ്ക്ക് മംഗളം വരോ. വേദത്തിൽ യജുർവേദം വളരെ പ്രധാനം. യജുർവേദത്തിൽ തന്നെ രുദ്രം വളരെ പ്രധാനം. രുദ്രത്തിൽ 'നമസ്സോമായ ച' എന്ന അനുവാകം വളരെ പ്രധാനം. അതിലും 'തത്ര പഞ്ചാക്ഷരീ പുണ്യ തത്രാപി ശിവ ഇതി അക്ഷരം ദ്വയം. സകൃത് പ്രസംഗാദ്'.
ഒരേ ഒരു പ്രാവശ്യം ശിവ എന്ന് പറഞ്ഞാൽ മതീന്നാണ് ദേവി പറയണത്. അഘമാശു ഹന്തി. സകല പാപങ്ങളും അസ്തമിച്ചു പോകുന്നു. സകല ദുഖങ്ങളും നിവൃത്തമാവുന്നു. അങ്ങനെ ഉള്ള ആ ശിവനെ ദ്വേഷിക്കണുവല്ലോ.
പവിത്രകീർത്തിം തമലംഘ്യശാസനം.
അങ്ങ് ശിവേതരൻ ആണ്. ശിവദ്വേഷം ഉള്ള ആളെയാണ് ശിവേതരൻ എന്ന് പറയാ. മംഗളം വിട്ടു പോയ ആള്. ഈ ശരീരം ഇനി വെച്ച് കൊണ്ടിരിക്കാൻ താത്പര്യമില്ല. പറഞ്ഞാൽ കേൾക്കാതെ അവിടെ നിന്ന് ഇറങ്ങി വരുമ്പോ എപ്പഴും സതി എന്ന് വിളിക്കണ ഭഗവാൻ *ദാക്ഷായണി* എന്ന് വിളിച്ചു. ഇനി മേലാൽ ആ വിളി എനിക്ക് കേൾക്കാൻ വയ്യ.
ഗോത്രം ത്വദീയം ഭഗവാൻ വൃഷധ്വജോ
ദാക്ഷായണീത്യാഹ യദാ സുദുർമ്മനാ:
വ്യപേതനർമ്മസ്മിതമാശു തദ്ധ്യഹം
വ്യുത്സ്രക്ഷ്യ ഏതത് കുണപം ത്വദംഗം.
അങ്ങയുടെ അംഗത്തിൽ നിന്നുണ്ടായ ഈ കുണപം, ഈ ശവത്തിനെ ഞാനിതാ ഉപേക്ഷിക്കുന്നു. എന്ന് പറഞ്ഞ് ഭഗവാനെ ധ്യാനിച്ചു കൊണ്ട് ദേവി ദേഹത്യാഗം ചെയ്തു. ഈ വാർത്ത അറിഞ്ഞ് ഭഗവാൻ ഉഗ്രതാണ്ഡവം ചെയ്തു.
ക്രുദ്ധ: സുദഷ്ടോഷ്ഠപുടസ്സ ധൂർജ്ജടിർ-
ജ്ജടാം തടിദ്വഹ്നിസടോഗ്രരോചിഷം
ഉത്കൃത്യ രുദ്രസ്സഹസോത്ഥിതോ ഹസൻ
ഗംഭീരനാദോ വിസസർജ്ജ താം ഭുവി.
തലയിൽ നിന്ന് ഒരു പിടി രോമം പറിച്ചെടുത്ത് നിലത്ത് അടിച്ചു. അതിൽ നിന്നും ഒരു ഉഗ്ര ഭൈരവാകൃതി ആയിട്ട് ഒരു സത്വം മുമ്പില് ആവിർഭവിച്ചു. ഭഗവാന്റെ തന്നെ അംശം ആയിട്ട്. എന്ത് ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് വന്നു. ചെന്ന് യാഗശാല ഒക്കെ നശിപ്പിച്ചു. ദക്ഷന്റെ തല വെട്ടി അഗ്നിയിൽ ഇട്ടു. ഇതിന് കൂട്ട് നിന്ന ഋഷികൾ ക്കും കണക്കിന് കിട്ടി. ദേവന്മാർക്കും കിട്ടി.
ശിവദ്വേഷത്തോട് കൂടെ തുടങ്ങിയ യാഗം ആ യജ്ഞത്തിൽ അഹങ്കാരം വന്നാൽ ആ കർത്താവിന് തന്നെ നാശം വന്നു പോകണു. ദേവന്മാരൊക്കെ ബ്രഹ്മാവിന്റടുത്ത് പോയി പ്രാർത്ഥിച്ചു യാചിച്ചു. എങ്ങനെ എങ്കിലും ദക്ഷന് തല വെച്ചു കൊടുക്കണം. യാഗം പൂർത്തി ചെയ്യണം. എല്ലാവരും കൈലാസത്തിലേക്ക് തന്നെ പോവാണ്. പേടിച്ചു പേടിച്ചു പോകുന്നു. എങ്ങനെ ചെന്ന് പറയും. സതിയെ പിരിഞ്ഞിരിക്കണ ശിവനെ എങ്ങനെ മുമ്പില് കാണും. കോപത്തിലായിരിക്ക്വോ അതോ താണ്ഡവത്തിലായിരിക്കോ എന്നൊക്കെ പേടിച്ച് പേടിച്ചാണ് ചെല്ലണത്. കൈലാസം പരമപ്രശാന്തം ആയിട്ടിരിക്കണു. ഭൂതഗണങ്ങളുടെ ചേഷ്ഠയും ബഹളവും ഒന്നൂല്ല്യ അവിടെ. വളരെ പ്രശാന്തമായിട്ടിരിക്കണു.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments: