Thursday, February 21, 2019

അനന്തവും അപ്രമേയവുമായ പ്രകൃതിരഹസ്യം മനുഷ്യമനസ്സിന് അനുഭവവിഷയമാക്കിയ മഹാമനീഷികളാണ് ഭാരതീയഗുരുക്കന്‍മാര്‍ . പല രീതിയിലുള്ള ചിന്താപദ്ധതിക്കളും അനുഷ്ഠാനക്രമങ്ങളും ഇതിനാവശ്യമായി വന്നിട്ടുണ്ട്. മാര്‍ഗങ്ങള്‍ പലതാണെങ്കിലും ഏകലക്ഷ്യത്തെ ആസ്പദമാക്കി അനുഷ്ഠിച്ച ഉഗ്രതപസ്സാണ് പ്രപഞ്ചരഹസ്യം കണ്ടെത്തുവാന്‍ അവരെ സഹായിച്ചത്. ഭിന്ന മാര്‍ഗ്ഗങ്ങള്‍ ഏകത്വത്തിലേക്ക് നമ്മെ നയിക്കുകയല്ലാതെ ഭിന്നതയിലേക്ക് തള്ളിവിടരുതെന്ന് അവര്‍ക്ക്  നിര്‍ബന്ധമുണ്ടായിരുന്നു.
ജ്ഞാനമാര്‍ഗം, കര്‍മ്മമാര്‍ഗം, ഭക്തിമാര്‍ഗം, യോഗമാര്‍ഗം എന്നിങ്ങനെയുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യബോധത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ജീവനെ അടിസ്ഥാനപ്പെടുത്തി സുഖദു:ഖനിര്‍ണയം ചെയ്തുകൊണ്ടാണ് എല്ലാമാര്‍ഗങ്ങളും ലക്ഷ്യത്തിലേക്ക് പുരോഗമിക്കുന്നത്. പ്രകൃതിയും പ്രകൃതിക്ക് കാരണമായ സങ്കല്‍പവും ഈ മാര്‍ഗ്ഗങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്പത്തി, സ്ഥിതി, ലയം അഥവാ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെയുള്ള അവസ്ഥാത്രയത്തിലൂടെ പ്രകൃതിരഹസ്യം മനസ്സിലാക്കുന്നതിനുള്ള പരിശ്രമം ഇന്നും തുടരുന്നു.
പല രീതിയിലുള്ള ചിന്താപദ്ധതികള്‍ ഈ പരിശ്രമംകൊണ്ട് രൂപപ്പെട്ടിട്ടുണ്ട്. അല്‍പാല്‍പമായ വ്യത്യാസങ്ങള്‍ ഇവ തങ്ങളിലുണ്ടെങ്കിലും അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ പേരുകളോടുകൂടിയ ശരീരത്രയം സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ വിധേയമായിരിക്കുന്നു. ആത്മതത്ത്വം അറിയുന്നതിനാവശ്യമായ ഉപാധികളായിട്ടാണ് ഇവയെല്ലാം നിലകൊള്ളുന്നത്.
ത്രിഗുണാത്മകമായ പ്രകൃതി ഉപാധിയാക്കിക്കൊണ്ടു തുടരുന്ന വര്‍ണ്ണനകള്‍ അസ്ഥിരമായ പ്രകൃതിസ്വഭാവത്തെ വ്യാഖ്യാനിച്ചറിയുകയും സ്ഥിരമല്ലെന്നറിഞ്ഞ് തള്ളുകയും ചെയ്യുന്നു. ‘ജഗന്‍മിഥ്യ’യെന്നും ‘ബ്രഹ്മൈവ സത്യ’മെന്നുമുള്ള ആചാര്യ വചനകള്‍ തന്നെ ജഗത് മിഥ്യയെന്നും ബ്രഹ്മമാണ് സത്യമെന്നും തെളിയിക്കുന്നു. ഓരോ ചിന്താപദ്ധതിയില്‍പ്പെട്ടവര്‍ക്ക് അവസാനത്തേതെന്ന് അവകാശപ്പെടുന്ന ലക്ഷ്യവും അത് സ്ഥാപിക്കുന്നതിനുള്ള വാദഗതികളുമുണ്ട്. മാണ്ഡൂക്യകാരികയില്‍ വിവിധ വാദഗതിക്കാരുടെ അഭിപ്രായങ്ങളെ ചര്‍ച്ചചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങളുടെ പ്രാബല്യത്തെ യുക്തിസഹമായ തളളിക്കളഞ്ഞിട്ടുമുണ്ട്. ഉപാസനാപ്രമാണങ്ങളും സമ്പ്രദായ വ്യത്യാസങ്ങളും അനുസരിച്ചാണ് നാനാരീതിയിലുള്ള അഭിപ്രായങ്ങള്‍ രൂപപ്പെട്ടത്.
‘പ്രാണ ഇതി പ്രാണവിദോ
ഭൂതാനീതി ച തദ്വിദ:
ഗുണാ ഇതി ഗുണവിദ-
സ്തത്ത്വാനീതി ച തദ്വിദ:’
എന്നു തുടങ്ങുന്ന ഗൗഡപാദകാരികയിലെ മന്ത്രഭാഗങ്ങള്‍ നാനാമുഖവ്യാഖ്യാനങ്ങളെ എടുത്തുകാണിക്കുന്നു.
‘പാദാ ഇതി പാദവിദോ
ലോകാ ഇതി ലോകവിദോ
വേദാ ഇതി വേദവിദോ
യജ്ഞ ഇതി തദ്വിദ:’ (ഗൗഡപാദകാരിക)
എന്നിങ്ങനെ വാദഗതിയുടെ പട്ടിക നീണ്ടുപോകുന്നു. ജഗത്കാരണം പ്രാണന്‍ തന്നെയാണെന്ന് പ്രാണോപാസകരും ഗുണമാണെന്ന് വൈശേഷികരും, പഞ്ചഭൂതങ്ങളാണെന്ന് ലോകായതികന്‍മാരും (നാസ്തികന്‍മാര്‍) ആത്മാവ്, അവിദ്യ, ശിവന്‍, എന്നിങ്ങനെയുള്ള തത്ത്വത്രയമാണെന്ന് ശൈവന്‍മാരും വാദിക്കുന്നു. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുര്യന്‍ എന്നീ നാലു പാദങ്ങളാണ് ജഗത്കാരണമെന്ന് ‘പാദവിത്തുകള്‍’ അഭിപ്രായപ്പെടുന്നു. ഇങ്ങനെ അഭിപ്രായഗതികള്‍ സൃഷ്ടികാരണത്തെപ്പറ്റി അനേകങ്ങളായി കാണുന്നു. പൗരാണികന്‍മാര്‍ക്കും ബൗധായനന്‍മാര്‍ക്കും ആത്മവിശ്വാസികള്‍ക്കും ശൂന്യവാദികള്‍ക്കുമെല്ലാം അവരവരുടെ അഭിപ്രായങ്ങളുണ്ട്. ഏതായാലും സൃഷ്ടി സ്ഥിതിലയാവസ്ഥകളെ അധികരിച്ചുള്ള വാദഗതികളാണ് ഓരോ വാദത്തിനും വിഷയമായിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങള്‍ക്കും കാരണം ഓരോരുത്തര്‍ക്കും ശരിയെന്നു തോന്നുന്ന സങ്കല്പങ്ങളാണ്. ഒരു വ്യക്തിയുമായു ചേര്‍ന്നുനിന്ന് അവന്റെ മനസ്സിനും ബുദ്ധിക്കും ചെന്നെത്താന്‍ കഴിയുന്നതുവരെയുള്ള ദര്‍ശനപാടവമാണ് അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണം. അവനവനുമായി താദാത്മ്യം പ്രാപിക്കുന്ന അഭിപ്രായങ്ങളാണ് സത്യമെന്ന് ചിന്തിക്കാനാവുന്നത്. ഇതിനെല്ലാം കാരണമായ പരമമായ സത്യം ഒന്നുണ്ടെന്നുള്ളത് നിഷേധിക്കാന്‍ ആരും തയ്യാറാകുന്നില്ല.
ഹൈന്ദവ തത്ത്വവിചാരണത്തില്‍ അടിഞ്ഞും അലിഞ്ഞും കിടക്കുന്ന അനേകമാര്‍ഗ്ഗങ്ങളെ സമന്വയിപ്പിച്ചിരിക്കുന്നത് നിഷ്പക്ഷമായ ദര്‍ശന പാടവത്തോടെയാണ്.
യം ഭാവം ദര്‍ശയേദ്യസ്യ
തം ഭാവം സതു പശ്യതി
തം ചാവതി സഭൂത്വാ സൗ
തദ്ഗ്രഹ: സമുപൈതി തം‘ (ഗൗഡപാദകാരിക)
ഒരുവനു ബോധ്യമാകുന്ന തത്ത്വം ഏതാണോ അതാണ് സത്യമെന്ന് അവന്‍ കരുതുന്നു. ആ തത്ത്വം അവനുമായി താദാത്മ്യം പ്രാപിച്ച് അവനെ രക്ഷിയ്ക്കുന്നു. ആ തത്ത്വത്തിലുള്ള അഭിനിവേശം മൂലം തത്ത്വം താന്‍തന്നെയാണെന്നുറയ്ക്കുന്നു. എന്നാല്‍ അഭിനിവേശം പലപ്പോഴും സത്യമറിയുന്നതിനു തടസ്സമാണെന്നു ധരിക്കേണ്ടതാണ്. അഭിപ്രായാന്തരങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏകത്വദര്‍ശനത്തിന്റെ സഹായത്തിനായി ഇത്രയും മുഖവുരയായി ചിന്തിക്കേണ്ട ആവശ്യത്തെ സൂചിപ്പിച്ചുവെന്നേയുള്ളൂ. ബ്രഹ്മം, ആത്മാവ്, കാരണജലം, പുരുഷന്‍, ശിവന്‍ എന്നിങ്ങനെയുള്ള നാമഭേദങ്ങളെല്ലാം ഭേദലക്ഷണമില്ലാത്ത ഒരേ തത്ത്വത്തെ സൂചിപ്പിക്കുന്നു. ബ്രഹ്മവിഷ്ണുമഹേശന്‍മാരായി വര്‍ണിച്ചിരിക്കുന്ന ത്രിമൂര്‍ത്തിസങ്കല്പത്തിലും സൃഷ്ടിസ്ഥിതി സംഹാരതത്ത്വം ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു.
ത്രിമൂര്‍ത്തി സങ്കല്പവും സൃഷ്ടി സ്ഥിതി സംഹാരവും
ബ്രഹ്മാവ് സൃഷ്ടി കര്‍ത്താവാണെന്ന് പ്രസിദ്ധമാണല്ലോ? നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങള്‍ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണര്‍ത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വര്‍ണിക്കണം. കര്‍മംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കര്‍മം നശിച്ചാല്‍ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികള്‍ ഒരേ കര്‍മബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കര്‍മ്മങ്ങളുടെ ആകെത്തുകയില്‍ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കര്‍മം നശിച്ചാല്‍ പിന്നെ ബ്രഹ്മാവിന് നിലനില്‍പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂര്‍ത്തി സങ്കല്‍പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കര്‍മാനുസൃതമായാണ് സൃഷ്ടിയെന്നാണ്.
വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവന്‍ എന്നാണര്‍ത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളില്‍ വ്യാപരിക്കുന്നതിനാല്‍ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയില്‍ പ്രാണന്‍ എത്തുമ്പോള്‍ വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്‍വചരാചരങ്ങളിലും വ്യാപരിക്കാന്‍ കഴിയുന്ന അനുഭവം ഈ അവസ്ഥയില്‍ ഉണ്ടാകും.
ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം– (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില്‍ ഏഴാമത്തെ മാത്രയില്‍ ശരീരം വെടിയുന്നവന്‍ എത്തുന്നത് വിഷ്ണുപദത്തിലാണ്.
ശിവം എന്ന പദത്തിന് മംഗളം എന്നാണര്‍ഥം. സര്‍വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവന് ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.
അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ – (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന്റെ അഷ്ടമാത്രയില്‍ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവന് സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങള്‍ അനന്തകോടി ജന്‍മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളര്‍ച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂര്‍ത്തികളെ വ്യക്തികളായി കാണുമ്പോള്‍ ജീവന്റെ മേല്‍പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയില്‍ ജീവന്‍ എത്തി ശരീരം വെടിയുമ്പോള്‍ ബ്രഹ്മലോകപ്രാപ്തിയും വരും.
ഏകാദശ്യം തപോലോകം
ദ്വാദശ്യം ബ്രഹ്മശാശ്വതം

No comments: