Wednesday, February 27, 2019

രണ്ടാമതായി പറയുന്ന മുദ്രയാണ് മഹാ ബന്ധം. ചെയ്യേണ്ട രീതിയാണ് ആദ്യം പറയുന്നത്.
പാര്‍ഷ്ണിം വാമസ്യ പാദസ്യ
യോനിസ്ഥാനേ നിയോജയേത്
വാമോരൂപരി സംസ്ഥാപ്യ
ദക്ഷിണം ചരണം തഥാ(3 - 19)
ഇടത്തെ കാലിന്റെ ഉപ്പൂറ്റി യോനിസ്ഥാനത്തു ചേര്‍ക്കുക. വലതുകാല്‍ ഇടത്തെ തുടയുടെ മേലെ വെക്കുക.
യോനിസ്ഥാനം എന്നാല്‍ ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യത്തിലുള്ള മര്‍മസ്ഥാനമാണ്. മൂലാധാരചക്രത്തിന്റെ സ്ഥാനവുമാണ്. മൂലബന്ധത്തിനും ഈ സ്ഥാനം തന്നെയാണ് കേന്ദ്രം. മൂലം എന്നാല്‍ മൂലാധാരം എന്നെടുക്കണം. മൂലബന്ധമെന്നാല്‍ മൂലാധാര ബന്ധം തന്നെയാണ്. 
പുരയിത്വാ തതോ വായും
ഹൃദയേ ചുബുകം ദൃഢം
നിഷ്പീഡ്യ യോനിമാകുഞ്ച്യ
മനോ മധ്യേ നിയോജയേത്(3-20)
പിന്നെ ശ്വാസം നിറച്ച് താടി നെഞ്ചില്‍ ചേര്‍ക്കുക. യോനിസ്ഥാനം സങ്കോചിപ്പിക്കണം. മനസ്സിനെ മധ്യത്തില്‍ ചേര്‍ക്കണം. പൂരകത്തോടെ താടി നെഞ്ചില്‍ ചേര്‍ക്കുന്നത് ജാലന്ധര ബന്ധം തന്നെ. യോനിസ്ഥാനം ചുരുക്കുന്നത് മൂലബന്ധവും. മനസ്സിനെ മധ്യത്തില്‍ ചേര്‍ക്കുക എന്നാല്‍ മധ്യനാഡിയില്‍, ഇഡാ-പിംഗളാ മധ്യത്തിലുള്ള സുഷുമ്‌നയില്‍ ആണ് മനസ്സിരിക്കേണ്ടത് എന്നാണര്‍ഥം. ഭ്രൂമധ്യത്തില്‍ എന്നും ചിലര്‍ അര്‍ഥം പറയുന്നുണ്ട്- ശാംഭവീ മുദ്രയിലെന്ന പോലെ. പക്ഷെ ബ്രഹ്മാനന്ദന് ആദ്യത്തേതാണ് സമ്മതം.
ധാരയിത്വാ യഥാ ശക്തി
രേചയേദ് അനിലം ശനൈ:
സവ്യാംഗേ തു സമഭ്യസ്യ
ദക്ഷാംഗേ പുനരഭ്യസേത്(3-21)
ശക്തിക്കനുസരിച്ച് കുംഭകം ചെയ്ത് സാവധാനത്തില്‍ ശ്വാസം പുറത്തു കളയുക. ഇടതു ഭാഗം പൂര്‍ത്തിയായാല്‍ വലതു ഭാഗത്തും ആവര്‍ത്തിക്കുക.
'ന ഹഠാത് ന ബലാത് ' (ബലം പ്രയോഗിച്ച് ചെയ്യരുത്) എന്ന് അന്യത്ര പറഞ്ഞിട്ടുണ്ട്. അതാണ് യഥാശക്തി (സാധിക്കുന്നതു പോലെ) എന്നു പറഞ്ഞത്. ഇടതു ഭാഗം ചെയ്താല്‍ വലതു ഭാഗവും ചെയ്യണം; മുന്നോട്ടു കുനിഞ്ഞു ചെയ്താല്‍ അതിന്റെ വിപരീതമായി മലര്‍ന്നും ചെയ്യണം. ഇത് ആസനത്തിന്റെ പൊതു നിയമമാണ്. അതാണ് ദക്ഷാംഗേ (വലതുവശത്ത്) പുനരഭ്യസേത് (ആവര്‍ത്തിക്കുക) എന്നു പറഞ്ഞത്.
മതമത്ര തു കേഷാഞ്ചിത്
കണ്ഠബന്ധം വിവര്‍ജ്ജയേത്
രാജദന്തസ്ഥ ജിഹ്വായാം
ബന്ധ: ശസ്‌തോ ഭവേദിതി(3-22)
ഇക്കാര്യത്തില്‍ ചിലരുടെ അഭിപ്രായം കണ്ഠ ബന്ധം വേണ്ട എന്നാണ്. രാജദന്തത്തില്‍ നാക്ക് ചേര്‍ത്താല്‍ മതി എന്നാണ്. അതായത് ജാലന്ധര ബന്ധത്തിലെ കഴുത്ത് നെഞ്ചോടു ചേര്‍ക്കുന്ന ഭാഗം ഒഴിവാക്കി പകരം നാക്ക് വായില്‍ മേലെ ഭാഗത്ത് മധ്യത്തിലുള്ള രണ്ടു പല്ലിന്റെ (രാജ ദന്തം)പിന്‍ ഭാഗത്ത്  ചേര്‍ത്താല്‍ മതി എന്ന്.
അന്തര്‍ കുംഭകം (അകത്തു ശ്വാസം പിടിച്ചു നിറുത്തല്‍) ജാലന്ധര ബന്ധം, മൂലബന്ധം, ശാംഭവീ മുദ്ര ഇവയൊക്കെ ചേര്‍ന്നതായ തിനാലാണ് ഇത് മഹാ (മഹത്തായ,വലിയ ) ബന്ധമായത്. മൂന്നു ബന്ധങ്ങളോടെ ബഹിര്‍ കുംഭകമായും ആവാമെന്ന് പിന്നീട് പറയുന്നുണ്ട്. 
ഇനി രണ്ടു ശ്ലോകങ്ങള്‍ കൊണ്ട് ഫലശ്രുതിയാണ് പറയുന്നത്.
അയം തു സര്‍വനാഡീനാം
ഊര്‍ധ്വം ഗതി നിരോധക:
അയം ഖലു മഹാബന്ധോ
മഹാസിദ്ധിപ്രദായക:(3-23)
ഇത് (ജിഹ്വാ - രാജദന്ത ബന്ധം) എല്ലാ നാഡികളുടെയും മേലോട്ടുള്ള ഗതി നിരോധിക്കും. മഹാബന്ധം മഹാസിദ്ധികള്‍ തരുന്നവ തന്നെ.
72000 നാഡികളുടെയും മേലോട്ടുള്ള ഗതി നിരോധിക്കപ്പെടും. സുഷുമ്‌ന മാത്രം ഊര്‍ധ്വഗതിയാവും. ജാലന്ധര ബന്ധത്തിന്റെ പ്രയോജനം സിരകളെ ബന്ധിക്കലാണ് (ബധ്‌നാതി ച സിരാജാലം) എന്ന് പി
ന്നീടു പറയുന്നുണ്ട്. അതേ പ്രയോജനം ജിഹ്വാ- രാജ ദന്ത ബന്ധത്തില്‍ കൈവരുമെന്നാണ് ഇവിടെ പറഞ്ഞു വെച്ചത്. അഷ്ടൈശ്വര്യ സിദ്ധികളെപ്പററി മുമ്പു സൂചിപ്പിച്ചിട്ടുണ്ട്.
കാലപാശ മഹാബന്ധ
വിമോചന വിചക്ഷണ:
ത്രിവേണീസംഗമം ധത്തേ
കേദാരം പ്രാപയേന്മന:(3 -24)
കാലന്റെ കയറു കൊണ്ടുള്ള വലിയ കെട്ടുപോലും പൊട്ടിക്കാന്‍ ഈ മുദ്ര കൊണ്ടു കഴിയും. ത്രിവേണീസംഗമം (പ്രയാഗം) പ്രാപിക്കും. മനസ്സ് കേദാരം (ഭ്രൂ മധ്യം) എന്ന ശിവസ്ഥാനം പ്രാപിക്കുകയും ചെയ്യും...janmabhumi

No comments: